തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനില്‍ നടത്താന്‍ ആലോചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങളില്ലാതെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനില്‍ നടത്താന്‍ സി.പി.എം ആലോചിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്നതാണ് ധാരണ. എല്‍.ഡി.എഫ്. യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി ആണ്. പിണറായിയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടി മാത്രമാണ്. മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ പി.ബി യോഗത്തില്‍ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനമായശേഷം സംസ്ഥാന സമിതിയോഗവും എല്‍.ഡി.എഫ് യോഗവും ചേരും.
തിങ്കളാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് വിവരം. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി, മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവയില്‍ ധാരണയുണ്ടാക്കും. സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷിചര്‍ച്ചയില്‍ കാര്യക്ഷമമായി ഇടപെട്ട കോടിയേരി ബാലകൃഷ്ണന് തന്നെയാകും ഇതിന്റെയും ചുമതല.
ഒറ്റ അംഗങ്ങളുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകുക. ഒന്നാം സര്‍ക്കാര്‍ രൂപവത്കരണഘട്ടത്തില്‍ കോണ്‍ഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയില്‍ ഒറ്റ എം.എല്‍.എ മാത്രമുള്ള ഘടകകക്ഷി. പിന്നീടാണ് കേരള കോണ്‍ഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവിയോടെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി.
ഇത്തവണ, അഞ്ച് ഘടകകക്ഷികള്‍ ഒറ്റഅംഗ പാര്‍ട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആര്‍.എസ്.പി (ലെനിനിസ്റ്റ്) യുമുണ്ട്. അഞ്ചുസീറ്റുള്ള കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നല്‍കേണ്ടതുമുണ്ട്. 20 അംഗമന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞ സര്‍ക്കാരില്‍ സി.പി.എമ്മിനുണ്ടായിരുന്നത്.
സി.പി.ഐക്ക് നാലും എന്‍.സി.പി, ജെ.ഡി.എസ് എന്നിവയ്ക്ക് ഓരോന്നു വീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയില്‍ പരമാവധി 21 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാലും എല്ലാകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചയിലുണ്ടാക്കുക.
2006 മുതല്‍ ഐസക്കാണ് സി.പി.എമ്മിന്റെ ധനകാര്യമുഖം. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ വരുന്നത്. ഒട്ടേറെ യുവപ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും കെ.എന്‍. ബാലഗോപലുമാണ് ഇവരില്‍ സാധ്യത കല്‍പിക്കപ്പെടുന്ന പ്രമുഖര്‍. ഐസക്കിന്റെ പിന്‍ഗാമിയായി ഇവരില്‍ ഒരാളാവുമോയെന്നതാണ് ഇനി അറിയാനുള്ളത്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടി ഉപരി ഘടകത്തില്‍ നിന്ന് മന്ത്രിമാരാകാനിടയുള്ള മറ്റുള്ളവര്‍.
ശൈലജയ്ക്കു പുറമേ വനിതാ മന്ത്രിയുണ്ടാകുമോയെന്ന ചോദ്യവുമുണ്ട്. മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ആരെന്നാണ് ആകാംക്ഷ. വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. മന്ത്രിമാരില്‍ രണ്ടു വനിതകളില്ലെങ്കില്‍ സ്പീക്കര്‍ പദവിയില്‍ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.