മാതാവിന്റെ വണക്കമാസം നാലാം ദിവസം

മാതാവിന്റെ വണക്കമാസം നാലാം ദിവസം

ലൂക്കാ 1 :34 -35 മറിയം ദൂതനോട് പറഞ്ഞു ഇത് എങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ? ദൂതൻ മറുപടി പറഞ്ഞു പരിശുദ്ധാത്മാവ് നിന്റെമേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.

മേൽപറഞ്ഞ വചന ഭാഗത്തിൽ ഈ ലോകപ്രകാരം അസാധ്യമെന്നു കരുതിയ ഒരു വിഷയത്തിൽ ദൈവം എങ്ങനെ ഇടപെടും എന്ന് പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു.

പരിശുദ്ധാത്മാവ് കന്യകയായ മറിയത്തിന്റെ മേൽ വന്നു കഴിഞ്ഞപ്പോൾ, അത്യുന്നതന്റെ ശക്തി വന്നു നിറഞ്ഞപ്പോൾ ലോകചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തത് സംഭവിച്ചു, കന്യക ഗർഭം ധരിച്ചു.

പരിശുദ്ധ അമ്മ, തനിക്ക് ലഭിച്ച പരിശുദ്ധാത്മ നിറവ് അവസാനം വരെ നിലനിർത്തിയതായും താൻ കണ്ടുമുട്ടിയ വ്യക്തികളിലേക്ക് അത് പകരുന്നതായും (ലൂക്കാ 1 :41) വചനത്തിൽ നാം വായിക്കുന്നു.

നമ്മുടെ ഒക്കെ ജീവിതത്തിൽ, ലോകവും ഒരു പക്ഷെ നമ്മളും അസാധ്യം എന്ന് കരുതി ഉപേക്ഷിച്ച ചില അവസ്ഥകളിലേക്ക് അല്ലെങ്കിൽ ആവശ്യങ്ങളിലേക്ക് സഹായകനായ പരിശുദ്ധാത്മാവ് കടന്നു വരുമ്പോൾ, അത്യുന്നതന്റെ ശക്തി വന്ന് ആവസിക്കുമ്പോൾ തീർച്ചയായും പരിഹാരം ഉണ്ടാകും.

ഈ വരുന്ന മെയ് 31 ന് സഭ പെന്തക്കോസ്താ ദിനം ആചരിക്കുന്നു. ഈ പെന്തക്കോസ്തായിൽ നമ്മിൽ പരിശുദ്ധാത്മാവിന്റെ ഒരു അഭിഷേകം ഉണ്ടാകുവാൻ, അത്യുന്നതന്റെ ശക്തിയാൽ നിറയപ്പെടുവാൻ നമ്മെ തന്നെ എളിമപെടുത്തി നമുക്ക് ഒരുങ്ങാം.