സിഡ്‌നി: ഓസ്ട്രേലിയയുടെ പ്രാദേശിക മേഖലകളില്‍ തൊഴിലാളികളുടെ ആവശ്യകത എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയതായി റീജിയണല്‍ ഓസ്ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (RAI) കണക്കുകള്‍. പത്തു വര്‍ഷം മുന്‍പ് ഖനനമേഖയിലുണ്ടായ തൊഴിലവസരങ്ങളേക്കാള്‍ 10 ശതമാനം കൂടുതലാണിത്. വിദഗ്ധരായ കുടിയേറ്റ തൊഴിലാളികളുടെ അഭാവമാണ് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന ഘടകം.
പ്രാദേശിക മേഖലകളില്‍ ഇപ്പോള്‍ 66,200 തൊഴിലവസരങ്ങള്‍ ഉണ്ടെന്നു RAI കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ഒഴിവുകള്‍ നികത്തുക അത്ര എളുപ്പമല്ല. തൊഴിലാളികളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കണമെന്ന ആവശ്യമുയരുന്നുണ്ട്.
വരള്‍ച്ച കുറയുന്നതും കോവിഡിനെ കൈകാര്യം ചെയ്തതും പ്രാദേശിക മേഖലകളിലെ വികസനത്തിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും വിദഗ്ധരായ കുടിയേറ്റ തൊഴിലാളികളുടെ അഭാവം വലിയ തിരിച്ചടിയാണെന്ന് RAI മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കിം ഹോട്ടണ്‍ പറഞ്ഞു. പ്രാദേശിക ജോലികളെ സംബന്ധിച്ച് ഇത് ശക്തമായ വീണ്ടെടുക്കലിന്റെ കാലമാണ്. എന്നാല്‍ ഒഴിവുകള്‍ വര്‍ധിച്ചിട്ടും അതു നികത്താന്‍ തൊഴിലാളികളില്ലാത്ത അവസ്ഥയാണ്.
തൊഴിലുടമകള്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പാചക തൊഴിലാളികള്‍ക്കും ഷെഫുകള്‍ക്കുമാണ് ഏറ്റവും ബുദ്ധമുട്ട് അനുഭവപ്പെടുന്നതെന്ന് തൊഴിലുടമയായ കോബാര്‍ഗോ പബ്ലിക്കന്‍ ഡേവിഡ് അലന്‍ പറയുന്നു. വിദഗ്ധരായ ഷെഫുകളെ ഓസ്ട്രേലിയയില്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അഥവാ കിട്ടിയാലും അവര്‍ക്ക് വാടകയ്ക്ക് താമസിക്കാന്‍ സ്ഥലം ലഭിക്കുന്നില്ല.
ക്വാറന്റീന്‍ സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കിയാല്‍ ഈ തൊഴിലാളി ക്ഷാമത്തിന് പരിഹാരമുണ്ടാകും. പ്രാദേശിക മേഖലകളില്‍ താമസത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. വിദേശത്തുള്ള തൊഴിലാളികളെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്ന് കിം ഹോട്ടണ്‍ ആവശ്യപ്പെട്ടു.
തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വൊക്കേഷണല്‍ ട്രെയിനിംഗ് മേഖലയിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുള്ള പരിശീലന രംഗത്തും വലിയ നിക്ഷേപമിറക്കി ഇവിടെയുള്ളവര്‍ക്ക് അവസരങ്ങള്‍ സൃഷിക്കണം. പ്രാദേശികമായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച പോംവഴിയെന്നും ഹോട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26