ബ്രിസ്ബന്‍: ഓസ്ട്രേലിയയിലെ നഗരങ്ങളില്‍നിന്ന് പ്രാദേശിക മേഖലകളിലേക്കുള്ള ആഭ്യന്തര കുടിയേറ്റത്തില്‍ വലിയ വര്‍ധനയുണ്ടായതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (എ.ബി.എസ്) കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 43,000 ഓസ്ട്രേലിയക്കാരാണ് തലസ്ഥാന നഗരങ്ങളില്‍നിന്ന് റീജിയണല്‍ മേഖലകളിലേക്കു മാറിയത്. 2019 ലെ ആഭ്യന്തര കുടിയേറ്റത്തിന്റെ ഇരട്ടിയിലധികം വരുമിത്. ക്വീന്‍സ്ലന്‍ഡിലെ പ്രാദേശിക മേഖലകളിലേക്കു കുടിയേറാനാണ് ആളുകള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നു സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
തലസ്ഥാനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് നേരത്തെ തന്നെയുണ്ടെങ്കിലും പ്രാദേശിക മേഖലകളില്‍ താമസക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പുതിയ തരംഗമാണെന്നു എ.ബി.എസ് ഡെമോഗ്രാഫര്‍ ആന്‍ഡ്രൂ ഹൊവെ പറഞ്ഞു.
മെച്ചപ്പെട്ട ജീവിത സൗകര്യം തേടി പ്രാദേശിക മേഖലകളില്‍നിന്ന് തലസ്ഥാന നഗരങ്ങളിലേക്കു ചേക്കേറുന്നവരുടെ ഒഴുക്ക് കഴിഞ്ഞവര്‍ഷം വളരെയധികം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം വിക്‌ടോറിയയുടെ തലസ്ഥാനമായ ഗ്രേറ്റര്‍ മെല്‍ബണില്‍നിന്ന് 26,000 പേരുടെ കൊഴിഞ്ഞുപോക്ക് സംഭവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. അതേസമയം 2019 ല്‍ ഈ കണക്ക് പൂജ്യമായിരുന്നു. 2018-ലാകട്ടെ കൂടുതല്‍ പേര്‍ മെല്‍ബണിലേക്കു കുടിയേറുകയായിരുന്നു. മെല്‍ബണില്‍ നിന്നു വിട്ട പകുതിയോളം പേര്‍ വിക്ടോറിയയുടെ മറ്റ് ഭാഗങ്ങളിലേക്കും ബാക്കിയുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലേക്കും മാറി. 13000 പേരുടെ വര്‍ധനയാണ് കഴിഞ്ഞവര്‍ഷം വിക്‌ടോറിയയുടെ പ്രാദേശിക മേഖലയിലുണ്ടായത്. സിഡ്നിയില്‍നിന്ന് അടുത്ത കാലത്ത് 30,000 പേര്‍ മാറിത്താമസിച്ചു.
ഒരു ദശകത്തിലേറെയായി ആഭ്യന്തര കുടിയേറ്റക്കാരുടെ ഇഷ്ടമേഖലയായി ക്വീന്‍സ് ലന്‍ഡിലെ പ്രാദേശിക മേഖലകള്‍ മാറിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 30,000 പേരാണ് ക്വീന്‍സ് ലന്‍ഡിലേക്കു കുടിയേറിയത്. തൊട്ടുപിന്നില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ്-1,385 പേര്‍
കോവിഡ് മഹാമാരിയുടെ വ്യാപനം ആഭ്യന്തര കുടിയേറ്റം വര്‍ധിക്കാന്‍ മുഖ്യകാരണമായിട്ടുണ്ട്. വീട്ടിലിരുന്നുള്ള ജോലി വ്യാപകമായതോടെ കൂടുതല്‍ സ്വസ്ഥതയുള്ള സ്ഥലങ്ങളോട് യുവാക്കള്‍ക്കിടയില്‍ ആഭിമുഖ്യം വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറഞ്ഞതും മരണനിരക്കിനെ അപേക്ഷിച്ച് ജനനനിരക്ക് വര്‍ധിക്കുന്നതും പ്രാദേശിക മേഖലകളിലെ ജനസംഖ്യ വര്‍ധിക്കാനുള്ള സ്വാഭാവിക കാരണങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.