ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങള്‍; ലോകത്തെ ഞെട്ടിച്ച് മാലി യുവതി

ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങള്‍; ലോകത്തെ ഞെട്ടിച്ച് മാലി യുവതി

ബമാകോ: ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏഴു കുഞ്ഞുങ്ങളെന്നു കരുതിയിരുന്നു; പ്രസവിച്ചപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഒന്‍പതു കുഞ്ഞുങ്ങള്‍. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലാണ് ഒറ്റപ്രസവത്തില്‍ യുവതി ഒമ്പതു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. അഞ്ചു പെണ്‍കുഞ്ഞുങ്ങളും നാല് ആണും. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഒറ്റ പ്രസവത്തില്‍ ഒമ്പതു കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.

25 വയസുകാരിയായ ഹലീമ സിസെയാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഹലീമയുടെ വയറ്റില്‍ ഏഴു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് പരിശോധനയില്‍ ഏഴു കുഞ്ഞുങ്ങളാണെന്നാണു ഡോക്ടര്‍മാര്‍ കരുതിയത്. രണ്ടു കുഞ്ഞുങ്ങളെ കണ്ടിരുന്നില്ല. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ മാലിയില്‍നിന്ന് മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള മൊറോക്കോയിലെത്തിച്ച് പ്രത്യേക പരിചരണം നല്‍കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മാലി.

മൊറോക്കോയില്‍വെച്ച് സിസേറിയനിലൂടെ ഒമ്പതു കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ ഡോക്ടര്‍മാര്‍തന്നെ ഞെട്ടിപ്പോയി. പുറത്തെടുക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് 30 ആഴ്ച്ച പ്രായമുണ്ടായിരുന്നു. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശത്ത് എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ കണക്കു പ്രകാരം ഒറ്റപ്രസവത്തില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചതാണ് ലോകറെക്കോര്‍ഡ്. മൊറോക്കോയിലെ ജനനം പരിശോധിക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു. 2009 ല്‍ എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ച അമേരിക്കന്‍ സ്വദേശി നാദിയ സുലെമാനാണ് ഗിന്നസ് റെക്കോര്‍ഡിന്റെ ഇപ്പോഴത്തെ ഉടമ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.