റോം: റോമിലെ ആദ്യ ചക്രവര്‍ത്തിയായ അഗസ്റ്റസിന്റെ 2,000 വര്‍ഷം പഴക്കമുള്ള മാര്‍ബിളില്‍ കൊത്തിയ തല കണ്ടെത്തി. തെക്കന്‍ ഇറ്റാലിയന്‍ പ്രദേശമായ മോളിസിലെ ഇസെര്‍നിയ പട്ടണത്തിലാണ് ചക്രവര്‍ത്തിയുടെ മാര്‍ബിള്‍ തല കണ്ടെത്തിയത്. 2013 ലെ ശക്തമായ മഴയില്‍ തകര്‍ന്ന മധ്യകാലഘട്ടത്തിലെ മതില്‍ പുതുക്കിപ്പണിയുന്നതിനിടെയാണ് പുരാവസ്തു ഗവേഷകന്‍ ഫ്രാന്‍സെസ്‌കോ ജിയാന്‍കോള ഇതു കണ്ടെത്തിയത്.
ഇസെര്‍നിയ മുനിസിപ്പാലിറ്റി അധികൃതരുടെ നിര്‍േദശപ്രകാരമാണ് ജിയാന്‍കോളയുടെ നേതൃത്വത്തില്‍ പുരാതന മതിലിന്റെ പുനഃരുദ്ധാരണ ജോലികള്‍ ആരംഭിച്ചത്. ചരിത്രത്തിലെ നിര്‍ണായക കണ്ടെത്തലിന് ഇതു കാരണമാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിയാന്‍കോള സി.എന്‍.എന്നിനോട് പറഞ്ഞു.
മതിലിനു പിന്നില്‍ കുഴിക്കുമ്പോള്‍ മണ്ണ് നിറം മാറിയതായി കണ്ടെത്തി. തുടര്‍ന്ന് അതീവ സൂക്ഷ്മതയോടെ കരണ്ടി ഉപയോഗിച്ച് മണ്ണ് മാറ്റാന്‍ തുടങ്ങി. പതിയെ മാര്‍ബിളിന്റെ ഭാഗങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങി. കൂടുതല്‍ മണ്ണ് നീക്കിയപ്പോള്‍ അതൊരു തലയാണെന്നു മനസിലായി. കണ്ണുകളും മുടിയുടെ ആകൃതിയും മുറിവുമൊക്കെ കണ്ടപ്പോള്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ പ്രതിമയാണെന്നു തിരിച്ചറിയുകയായിരുന്നു. പ്രതിമയുടെ മൂക്കും ശരീരവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇക്കാര്യം ഉടന്‍ തന്നെ മേയറെയും സാംസ്‌കാരിക പൈതൃക മന്ത്രാലയത്തിന്റെ അധികാരികളെയും ഇക്കാര്യം വിളിച്ചറിയിച്ചു.
35 സെന്റിമീറ്റര്‍ ഉയരമുള്ള തല ബി.സി 20 നും എ.ഡി 10 നും ഇടയിലാണു നിര്‍മിച്ചതെന്ന് പുരാവസ്തു ഗവേഷകയായ മരിയ ഡിലേറ്റ കൊളംബോ അഭിപ്രായപ്പെട്ടു. ഇത് വളരെ പ്രധാന്യമര്‍ഹിക്കുന്ന പ്രതിമയാണ്. എന്നാല്‍ എന്തിനാണ് ഇത് ഇവിടെ സ്ഥാപിച്ചതെന്ന് മനസിലാകുന്നില്ല. സാമ്രാജ്യകുടുംബത്തിന്റെ ആരാധനാലയത്തിലായിരുന്നു ഈ പ്രതിമ പ്രതിഷ്ഠിക്കേണ്ടിയിരുന്നത്. അതേസമയം, ഇവയൊക്കെ വെറും അനുമാനങ്ങളുമാവാം.
രണ്ട് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രതിമയില്‍നിന്ന് തല വേര്‍പെട്ടതാവാമെന്നു കൊളംബോ പറഞ്ഞു. ഇറ്റാലിയന്‍ ശില്‍പിയും ചിത്രകാരനുമായ മൈക്കലാഞ്ചലോ ഉപയോഗിച്ച ലുനിജിയാന മാര്‍ബിളില്‍ നിന്നാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. ബിസി 27-ല്‍ റോം ഭരിച്ചിരുന്ന അഗസ്റ്റസ് ഒക്ടാവിയന്‍ എന്ന ചക്രവര്‍ത്തിയോടാണ് ഈ പ്രതിമയ്ക്ക് ഏറെ സാദൃശ്യമുള്ളത്.
പുരാതന കാലത്ത് എസെര്‍നിയ എന്നാണ് ഇസെര്‍നിയ നഗരം അറിയപ്പെട്ടിരുന്നത്. സാംനൈറ്റ്‌സ് എന്ന ഇറ്റാലിയന്‍ ഗോത്രവിഭാഗമാണ് ഇവിടെ താമസിച്ചിരുന്നത്. പിന്നീട് ഇത് റോമന്‍ കോളനിയായി. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ നഗരം ഭാഗികമായി നശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് പുനര്‍നിര്‍മിച്ചു.
ബി.സി 27 മുതല്‍ എ.ഡി 14-ല്‍ മരിക്കുന്നതു വരെ അഗസ്റ്റസ് റോം ഭരിച്ചു. ഈജിപ്തില്‍നിന്ന് യു.കെ വരെ വ്യാപിച്ചുകിടക്കുന്നതായിരുന്നു അഗസ്റ്റസിന്റെ സാമ്രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.