25 തവണ എവറസ്റ്റ് കീഴടക്കി; സ്വന്തം പേരിലെ റെക്കോര്‍ഡ് തിരുത്തി നേപ്പാളിലെ പര്‍വതാരോഹകന്‍

25 തവണ എവറസ്റ്റ് കീഴടക്കി; സ്വന്തം പേരിലെ റെക്കോര്‍ഡ് തിരുത്തി നേപ്പാളിലെ പര്‍വതാരോഹകന്‍

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 25-ാം തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ സ്വന്തം പേരിലെ ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഷെര്‍പ്പ കാമി റിതയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കാമി റിതയും മറ്റ് 11 ഷെര്‍പ്പ ഗൈഡുകളും ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറു മണിയോടെയാണ് എവറസ്റ്റിന് മുകളിലെത്തിയതെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ മീര ആചാര്യ പറഞ്ഞു. 25-ാം തവണയാണ് കാമി റിത കൊടുമുടിക്കു മുകളിലെത്തുന്നത്. ഈ വര്‍ഷം കൊടുമുടിയിലെത്തിയ ആദ്യ സംഘമാണിവര്‍.

കൊടുമുടിയുടെ അറ്റത്തേക്കു മഞ്ഞുമൂടിയ വഴികളില്‍ കയറുകള്‍ ഉറപ്പിക്കുന്ന ജോലികള്‍ക്കായാണ് 51 വയസുകാരനായ കാമി റിതയും സംഘവും മുകളിലെത്തിയത്. ഈ മാസം അവസാനം നൂറിലധികം പര്‍വതാരോഹകര്‍ കൊടുമുടി കയറാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പര്‍വതാരോഹകരെ കൊടുമുടിയിലേക്കു വഴികാട്ടുന്ന ഗൈഡുകളാണ് ഷെര്‍പ്പ. രണ്ടു ദശകത്തിലേറെയായി ഷെര്‍പ്പയായി പ്രവര്‍ത്തിക്കുന്ന കാമി റിതയ്ക്ക് കൊടുമുടി കയറ്റം സാഹസികതയോ ലഹരിയോ അല്ല, ജീവിതപ്രശ്‌നമാണ്. ആദ്യമായി എവറസ്റ്റ് കീഴടക്കിയത് 1994 ലാണ്. അതിനു ശേഷം എല്ലാ വര്‍ഷവും അദ്ദേഹം കൊടുമുടി കയറുന്നുണ്ട്. കാമി റിതയുടെ പിതാവും പര്‍വതാരോഹകര്‍ക്ക് വഴികാട്ടുന്ന ആദ്യകാല ഷെര്‍പ്പകളില്‍ ഒരാളായിരുന്നു.

8,848.86 മീറ്റര്‍ ഉയരമുള്ള എവറസ്റ്റിനു മുകളിലേക്കു കയറുന്ന ഓരോ പര്‍വതാരോഹകന്റെ വിജയവും സുരക്ഷയുമൊക്കെ ഷെര്‍പ ഗൈഡുകളുടെ വൈദഗ്ധ്യത്തെ ആശ്രയിച്ചിരിക്കും. എവറസ്റ്റ് കീഴടക്കിയതിനു പുറമേ ലോകത്തിലെ ഉയരമുള്ള കെ-2, ചോ-ഒയു, മനസ്ലു, ലോത്സെ എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിരവധി കൊടുമുടികളും കയറി റിത തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

2015 ല്‍ എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ ഹിമപാതമുണ്ടായി 19 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കാമി റിതയും അവിടെയുണ്ടായിരുന്നു. ആ ദുരന്തത്തിനുശേഷം പര്‍വതാരോഹണം ഉപേക്ഷിക്കാന്‍ കുടുംബത്തില്‍നിന്ന് അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എങ്കിലും കാമി റിത പിന്മാറിയില്ല. 2019 ല്‍ രണ്ടുതവണ എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡ് സൃഷ്ടിച്ചു. കോവിഡ് രൂക്ഷമായിട്ടും 408 വിദേശ മലകയറ്റക്കാര്‍ക്ക് നേപ്പാള്‍ ഈ വര്‍ഷം കൊടുമുടി കയറാന്‍ അനുമതി നല്‍കിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.