വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടായ ജെറുസലേമില്‍ ഇസ്രയേല്‍ പോലീസും പലസ്തീന്‍ പ്രക്ഷോഭകരും തമ്മിലുള്ള പ്രക്ഷോഭത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ട്വീറ്റിലൂടെയാണ് വിഷയത്തില്‍ തന്റെ ആശങ്കയും ദുഃഖവും പ്രകടമാക്കിയത്. ജെറുസലേമിലെ സംഭവ വികാസങ്ങളെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. ജെറുസലേം അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല, കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയുടേയും സമാധാനത്തിന്റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നല്‍കിയ പാപ്പയുടെ ട്വീറ്റില്‍ അഭ്യര്‍ഥിച്ചു. ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ഥനയുടെ അന്ത്യത്തിലും പാപ്പ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന പലസ്തീനികളെ അക്രമിക്കുകയും കിഴക്കന്‍ ജറുസലേമില്‍ നിന്ന് പലസ്തീനികളെ കുടിയൊഴിപ്പിക്കുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ നടപടികളെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും പാപ്പ പ്രാര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തെ മനുഷ്യത്വരഹിതമായ നടപടി എന്ന് വിശേഷിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു. അഫ്ഗാനിസ്ഥാനില്‍ ദൈവം സമാധാനം നല്‍കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
കൊളംബിയയില്‍ സര്‍ക്കാരിന്റെ നികുതി പരിഷ്‌കരണത്തിനെതിരേ നടക്കുന്ന ഏറ്റുമുട്ടലുകളിലും മാര്‍പ്പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഏപ്രില്‍ 28 ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഡസനിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിനു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.