സർദാർജിയുടെ നാട്ടിൽനിന്നും ഹിമസാനുവിലേക്ക്

സർദാർജിയുടെ നാട്ടിൽനിന്നും ഹിമസാനുവിലേക്ക്

ഇത്തവണത്തെ യാത്ര ഹിമാചൽപ്രദേശിലെ ഡെൽഹൗസിയിലേക്കാണ്. പഞ്ചാബിലെ പത്താൻകോട്ട് നിന്നുമാണ് യാത്ര തുടങ്ങിയത്. പല ഭീകരാക്രമണങ്ങൾക്കും പേര് കേട്ട സ്ഥലമാണ് പത്താൻകോട്ട്. അയൽ രാജ്യമായ പാക്കിസ്ഥാനുമായി മുപ്പതു കിലോമീറ്ററുകൾക്കപ്പുറം രാജ്യാന്തര അതിർത്തി പങ്കിടുന്ന ജില്ല. ഹിമാചലിന്റെയും ജമ്മു & കാശ്മീരിന്റെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഏറ്റവും അധികം വാഹന സൗകര്യങ്ങൾ ലഭിക്കുന്ന സ്ഥലം. മനോഹരമായ നാലുവരിപ്പാത. റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു. പട്ടാളക്കണ്ണുകൾ നിരന്തരം ഞങ്ങൾക് സുരക്ഷ ഒരുക്കിക്കൊണ്ടേ യിരുന്നു. 

ഇവിടെ നിന്നും മൂന്നര മണിക്കൂറിലേറെ യാത്ര ചെയ്തു വേണം ഡെൽഹൗസിയിലെത്താൻ. പത്താൻകോട്ട് മുതൽ വഴിനീളെ പട്ടാള ക്യാമ്പുകൾ. ഏഷ്യയിലെതന്നെ ഏറ്റവും വലിയ പട്ടാള ക്യാമ്പുകളിലൊന്നായ 'മാമൂൻ ആർമി കന്റോൺമെന്റിന്' മുന്നിലൂടെയായിരുന്നു യാത്ര. വഴി പിന്നീട് നേർത്തു നേർത്ത് വന്നു. ഒരുവശം വലിയ മലനിരകളും മറുവശം താഴ്‌വാരങ്ങളും. ഇടയ്ക്കിടെ കാണുന്ന ചെറുവീടുകളുടെ മേൽക്കൂരയിൽ റൂഫിംഗ് സ്ലേറ്റുകൾ പാകിയിരിക്കുന്നു. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞു വീണിട്ടുണ്ട്. വഴിനീളെ കണ്ട അരുവികളിലൊക്കെ നിർത്തി, ഇളം കാറ്റിന്റെ സൗരഭ്യം നുകർന്ന് സാവധാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അന്ന് ഉച്ചതിരിഞ്ഞാണ് ഡെൽഹൗസിയിലെത്തിയത്. മലമുകളിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ചെറുപട്ടണം. കഥലാഗ്, പോട്രെയ്‌സ്, ടെഹ്റാ, ബക്രോത, ബൻകോറ, എന്നീ മലനിരകളിലായി വ്യാപിച്ചു കിടക്കുന്ന ഡെൽഹൗസി ഹിമാചലിലെ ചമ്പ ജില്ലയിലാണ്‌.സമുദ്ര നിരപ്പിൽ നിന്നും 1970 മീറ്റർ ഉയരം. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ഗവർണർ ലോർഡ് ഡെൽഹൗസിയുടെ വേനൽക്കാല വിശ്രമ കേന്ദ്രം ആയതോടെയാണ് ഈ പ്രദേശത്തിന് ഡെൽഹൗസി എന്ന പേര് ലഭിച്ചത്. അതിനാൽതന്നെ പഴയകാല കെട്ടിടങ്ങളൊക്കെ വിക്ടോറിയൻ,സ്കോട്ടിഷ് ആർക്കിടെക്ചറുകളിലാണ് നിർമിച്ചിരിക്കുന്നത്. തീരെ ജനസാന്ദ്രത കുറഞ്ഞ പ്രദേശം.

ഡെൽഹൗസിയിലെ ഏറ്റവും പഴക്കമുള്ള രണ്ട് ക്രിസ്ത്യൻ പള്ളികളാണ് സെയിന്റ് ജോൺ ചർച്ചും(1863), സെയിന്റ് ഫ്രാൻസിസ് ചർച്ചും(1894). സെയിന്റ് ഫ്രാൻസിസ് ചർച്ചിനോടനുബന്ധിച്ച 'അൽവേർണ' ആശ്രമമാണ് ഞങ്ങൾക് താമസിക്കാൻ ലഭിച്ചത്. കൂടുതൽ ഭാഗവും മരങ്ങളിൽ തീർത്ത നിർമ്മിതി. ഈ കൊളോണിയൽ നിർമ്മിത ആശ്രമത്തിലാണ് 'രാജേഷ് ഖന്ന' യുടെ തരംഗമായ '1942: എ ലൗസ്റ്റോറി' യുടെ ചിത്രീകരണം നടന്നത്. ഇവിടെ ചിത്രീകരിച്ച "എക് ലഡ്കി കോ ദേഖാകോ ഐസാ ലഖാ...."എന്ന ഗാനം ഇന്നും ആർക്കാണ് മറക്കാനാവുക? ഫോട്ടോഗ്രാഫേഴ്സിന്റെയും സിനിമാ നിർമ്മാതാക്കളുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ഡെൽഹൗസി എന്ന് അന്നാണ് മനസിലാക്കിയത്.

ഡെൽഹൗസിയുടെ ഒരറ്റത്ത് സ്ഥിതിചെയ്യുന്ന അൽവേർണ ആശ്രമത്തിന്റെ മുന്നിലാണ്‌ സുഭാഷ് ചൗക്ക്.അതികായനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വലിയൊരു പ്രതിമ സ്ഥാപിച്ച് ഡെൽഹൗസി അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തിയിരിക്കുന്നു. 1925 ലും 1937 ലുമായി നേതാജി സുഭാഷ് ചന്ദ്രബോസ് ഡെൽഹൗസിയിൽ താമസിച്ചിട്ടുണ്ട്. ബ്രിട്ടീഷ് തടവറയിൽ കഴിഞ്ഞ് രോഗബാധിതനായ അദ്ദേഹം വിശ്രമിക്കാനായി 1937 ഇൽ ജയിൽ മോചിതനായ ശേഷം അഞ്ച് മാസത്തോളം ഇവിടെ താമസിച്ചതായാണ് ചരിത്രം. പിൽകാലത്ത് നെഹ്രുവും പല സ്വാതന്ത്ര്യ സമര നേതാക്കളും ഇവിടെ വന്ന് പോയിട്ടുണ്ട്.അന്നും ഇന്നും പ്രകൃതിയുടെ സൗന്ദര്യം പച്ചവിരിച്ച് ഡെൽഹൗസി നിലനിർത്തിയിരിക്കുന്നു.

സുഭാഷ് ചൗക്കിന്റെ ഒരു വശം വലിയ താഴ്‌വരയാണ്. ചിത്രകാരന്മാർ വരച്ച മലനിരകൾപോലെ ആ താഴ് വാരത്തിനപ്പുറം നോക്കെത്താ ദൂരത്ത് മനോഹരമായ കുന്നുകൾ. നേർത്ത മൂടൽ മഞ്ഞ് പതിയെപ്പതിയെ അവയെ കാഴ്ചയിൽനിന്ന് മറച്ചു. അപ്പോഴേക്കും ഗാന്ധി ചൗക്കിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചിരുന്നു. ഡെൽഹൗസിയുടെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുഭാഷ് ചൗക്കിൽ നിന്നും രണ്ട് കിലോമീറ്റർ കാൽനടയായി വേണം ഗാന്ധി ചൗക്കിലെത്താൻ. ചെറിയ മൂടൽമഞ്ഞിന്റെ തണുപ്പ് ആസ്വദിച്ച് നടപ്പാതക്കരുകിൽ ലഭ്യമായ മോമൂസ് എന്ന ഇറച്ചിപ്പലഹാരവും കഴിച്ച് അതുവഴിയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്. ഗാന്ധി ചൗക്കിൽ എത്തുന്നതിന് മുൻപായി നിരവധി ഷോപ്പിംഗ് അവസരങ്ങളുമുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കളും മറ്റും ആ വഴിനീളെ വില്പനയ്ക്ക് വച്ചിരിക്കുന്നു. തിരികെ വന്ന് പഞ്ചാബി ധാബയിൽ നിന്നും ഭക്ഷണവും കഴിച്ചാണ് അന്ന് രാത്രി അൽവേർണ ആശ്രമത്തിൽ വിശ്രമിക്കാനായി പോയത്.

പിറ്റേന്ന് രാവിലെ കജ്ജിയാറിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഡെൽഹൗസിയിൽ നിന്നും ഇരുപത്തിരണ്ട് കിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്തു വേണം മിനി സ്വിറ്റ്സർലൻഡ് എന്ന് ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന കജ്ജിയാറിലെത്താൻ. വഴിനീളെ ദേവദാരുക്കളും അലഞ്ചിയും. ഇടതൂർന്ന മരങ്ങൾക്കിടയിലെ വലിയ പുൽത്തകിടിയും അതിന്റെ മധ്യത്തിലൊരു തടാകവും, അതാണ് കജ്ജിയാർ. 1992 - ൽ 'സ്വിസ് നാഷണൽ ടൂറിസ്റ്റ് ഓഫീസാണ്' കജ്ജിയാറിന് 'മിനി സ്വിറ്റ്സർലൻഡ്' എന്ന അംഗീകാരം നൽകിയത്. അതിന്റെ ഓർമയ്ക്കായി സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണ സ്തൂപത്തിലെ ദിശാ സൂചികയിൽ 'സ്വിറ്റ്സർലൻഡ് 6194 കിലോമീറ്ററുകൾ അകലെ' എന്ന് സൂചിപ്പിച്ചിരിക്കുന്നു. മിനി സ്വിറ്റ്സർലൻഡിനു മുകളിലൂടെ ആകാശ വിതാനങ്ങളിൽ പറന്ന് നടക്കാൻ പാരാ ഗ്ലൈഡിങ്ങിനും, ബലൂൺ റോളിങ്ങിനും അവസരമുണ്ട്. തൊട്ടടുത്താണ് കലാടോപ്പ് വന്യ ജീവി സങ്കേതത്തിലൂടെയുള്ള ട്രെക്കിംഗ് റൂട്ട്. ഏകദേശം പതിനാറ് കിലോമീറ്ററുകൾ നീണ്ടു കിടക്കുന്നു. കുറുനരികളും കീരിയും, കരടിയും കാട്ടാടും ധാരാളമുള്ള പ്രദേശമാണിത്.തിരികെ ആ കാട്ടുപാതയിലൂടെയുള്ള യാത്രയിൽ മാനം മുട്ടിനിന്ന പൈൻ മരങ്ങളും ഓക്ക് മരങ്ങളും ആകാശങ്ങളിലെ ദൈവത്തോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നതായി തോന്നിപ്പിച്ചു.

വൻപാറകളും പുൽത്തകിടികളും,മലനിരയും അരുവികളും മൂടൽമഞ്ഞുമാണ് ഡെൽഹൗസിയെ ഓർമയിൽ പിടിച്ചു നിർത്തുന്നത്. ഡെൽഹൗസിക്ക് പത്ത് കിലോമീറ്റർ അകലെയുള്ള ഡെയിൻകുണ്ട് മലനിരകളിൽ നിന്നാൽ താഴെ ബീസ്, രവി, ചെനാബ് നദികളുടെ മനോഹരമായ ആകാശ ദൃശ്യം കാണാം.മലനിരകളെ സാക്ഷിയാക്കി ആർത്തുല്ലസിച്ച് വെള്ളി വിരിച്ച പാതയിലൂടെ താഴ് വാരങ്ങളിലേക്ക് അതങ്ങനെ ഒഴുകിക്കൊണ്ടേയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള ഡെയിൻകുണ്ടിൽ എത്താൻ പ്രത്യേക അനുവാദം ആവശ്യമാണ്.

പാഞ്ച്പുല അരുവിയും ബക്രോത കുന്നുകളും സന്ദർശകരുടെ ഇഷ്ട കേന്ദ്രങ്ങളാണ്. മുൻപ് പഞ്ചാബ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഡെൽഹൗസി എന്നതിനാലാവാം പഞ്ചാബി ധാബകളും പഞ്ചാബി സംസാരിക്കുന്നവരും ആണ് കൂടുതലും. പൊതുവെ താഴ്ന്ന പ്രദേശങ്ങൾ മാത്രമുള്ള സംസ്ഥാനം ആയതുകൊണ്ട് ഈ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ ധാരാളം പഞ്ചാബികളും ഇവിടേയ്ക്ക് ദിനംപ്രതി യാത്ര ചെയ്യുന്നു.

പിറ്റേന്ന് തിരികെ മലയിറങ്ങിയപ്പോൾ രാജകീയമായി നിലയുറപ്പിച്ച ഡിയഡോർ മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യവെളിച്ചം ഞങ്ങളെ ഒളിഞ്ഞു നോക്കി പിന്തുടരുന്നതായി തോന്നി. യൗവ്വനം ഒഴിഞ്ഞിട്ടില്ലാത്ത ആ താഴ് വാരങ്ങൾ പിന്നെയും പലതും ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഡെൽഹൗസിയുടെ ചരിത്രവും വർത്തമാനവും.

വിപിൻ തോമസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.