കാഠ്മണ്ഡു: വിശ്വാസ വോട്ടില്‍ പരാജയപ്പെട്ട കെപി ശര്‍മ്മ ഓലി വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി ചുതമലയേറ്റു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ വിഭാഗീയത മൂലം പ്രതിപക്ഷ കക്ഷികള്‍ക്കു കഴിയാതിരുന്നതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ സി.പി.എന്‍-യു.എം.എല്‍ നേതാവ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയായി നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി നിയമിച്ചത്.
തിങ്കളാഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഓലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകീട്ട് ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ടു വരണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരും രംഗത്ത് എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കി പ്രസിഡന്റ് ഉത്തരവ് ഇറക്കിയത്.
നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) പ്രകാരമാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത് എന്നാണ് പ്രസിഡന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഓലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടണം. ഇതിലും ഓലി പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങും.
അതേ സമയം ഓലിക്കെതിരേ വോട്ട് ചെയ്ത നേപ്പാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഷേര്‍ ബഹദൂര്‍ ദൂബയ്ക്ക് പിന്തുണ നല്‍കാമെന്നാണ് പ്രതിപക്ഷ കക്ഷിയായ സി.പി.എന്‍ മാവോയിസ്റ്റ് നേതാവ് പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ അറിയിച്ചത്. എന്നാല്‍ ഭൂരിപക്ഷം കിട്ടാന്‍ ജെ.എസ്.പി എന്ന പാര്‍ട്ടിയുടെ പിന്തുണയും ആവശ്യമാണ്. ഇവര്‍ പിന്തുണ നല്‍കാന്‍ തയ്യാറാകാത്തതോടെയാണ് പ്രതിപക്ഷ മുന്നണി സര്‍ക്കാര്‍ എന്ന നീക്കം പാളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.