മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ നിയോ നാസി വിഘടനവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് നെറ്റ്‌വര്‍ക് തലവന്‍ തോമസ് സീവെല്‍ അറസ്റ്റിലായി. മെല്‍ബണിലെ വീട്ടില്‍നിന്ന് ഭീകരവാദ വിരുദ്ധ സേനയാണ് പിടികൂടിയത്. ഇരുപത്തിയെട്ടുകാരനായ സീവെല്ലിനൊപ്പം മറ്റൊരു ഇരുപത്തിരണ്ടുകാരനും കസ്റ്റഡിയിലായി.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മെല്‍ബണ്‍ റോവില്ലിലുള്ള തോമസ് സീവെല്ലിന്റെ വസതി വിക്ടോറിയ പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന വളഞ്ഞത്. ആയുധധാരികളായ ഉദ്യോഗസ്ഥര്‍ വീടിനുളളില്‍ കടന്ന് സീവെല്ലിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ടാഗെര്‍ട്ടി നഗരത്തിലെ കത്തീട്രല്‍ റേഞ്ച് സ്റ്റേറ്റ് പാര്‍ക്കിന് സമീപം കഴിഞ്ഞയാഴ്ചയുണ്ടായ സായുധ കവര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നിലവിലെ ചോദ്യം ചെയ്യലെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.
ഓസ്‌ട്രേലിയന്‍ മുന്‍ പ്രതിരോധ സേനാംഗമായ സീവെല്‍ തന്നെയാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ തീവ്രവാദ സേന വീടു വളഞ്ഞ കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്.
കവര്‍ച്ചാ സംഭവത്തില്‍ ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഇവിടെയെത്തിയ ഒരു സംഘമാളുകള്‍ കാറുകളിലുണ്ടായിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ അടക്കമുളളവ കവര്‍ച്ച ചെയ്‌തെന്നാണ് കേസ്. വംശീയ വിദ്വേഷം വളര്‍ത്തുന്ന നാസി മുദ്രാവാക്യങ്ങള്‍ സീവെല്‍ നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം.
ചാനല്‍ 9 ഓഫീസില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചതിന് കഴിഞ്ഞ മാര്‍ച്ചില്‍ സീവെല്ലിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ സംഭവം.
തോമസ് സീവെല്‍ തലവനായ തീവ്രവാദ ഗ്രൂപ്പിനെതിരേ വിക്ടോറിയ പോലീസ് കഴിഞ്ഞ കുറേ നാളുകളായി അന്വേഷണം തുടരുകയായിരുന്നു. സംഘം ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത വംശീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ കണ്ടെടുത്തിരുന്നു.
നാഷണല്‍ സോഷ്യലിസ്റ്റ് നെറ്റ്‌വര്‍ക്ക് അംഗങ്ങളെ കണ്ടെത്തുന്നതിന് ബ്രിസ്‌ബേനിലും അഡ്‌ലെയ്ഡിലും പോലീസ് കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. അഡ്‌ലെയ്ഡില്‍നിന്ന് പിടിയിലായവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26