ഗാസ: വിവിധ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവർത്തിച്ചിരുന്ന ഗാസയിലെ 12 നിലയുള്ള കെട്ടിടം ഇസ്രായേൽ ബോംബിട്ട് നശിപ്പിച്ചു. യുഎസ് ആസ്ഥാനമായുള്ള അസോസിയേറ്റഡ് പ്രസ്, ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ എന്നീ വാർത്താ മാധ്യമങ്ങൾ ഓഫീസുകളായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് മുൻകൂട്ടി അറിയിച്ചതിനു ശേഷം ഇസ്രായേൽ തകർത്തത് . പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ രഹസ്യാന്വേഷണ ഓഫീസുകളും വിലപ്പെട്ട സൈനിക സ്വത്തുക്കളും ഒളിപ്പിച്ചിരുന്ന ഈ ബഹുനില കെട്ടിടത്തെ യുദ്ധവിമാനങ്ങൾ ആക്രമിച്ചുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിൽ ഒരു പലസ്തീൻ മാധ്യമപ്രവർത്തകന് പരിക്കേറ്റതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമിക്കപ്പെടും എന്ന് മുൻകൂട്ടി അറിയിച്ചത് വഴി ആളുകൾക്ക് ജീവൻ രക്ഷിക്കാനായി. ഒരു ഡസൻ എപി മാധ്യമപ്രവർത്തകരും ഫ്രീലാൻസർമാരും കെട്ടിടത്തിലുണ്ടായിരുന്നുവെന്നും യഥാസമയം അവരെ ഒഴിപ്പിച്ചതായും എപി പ്രസിഡന്റും സിഇഒയുമായ ഗാരി പ്രൈറ്റ് പറഞ്ഞു.
മാധ്യമപ്രവർത്തകരുടെയും സ്വതന്ത്ര മാധ്യമങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ട്വീറ്റ് ചെയ്തു. അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മോസ്റ്റെഫ സൗഗ് ആക്രമണത്തെ നിഷ്ഠൂരമെന്ന് വിളിക്കുകയും ഇസ്രായേൽ ഇതിന്റെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
മാധ്യമങ്ങളെ നിശബ്ദമാക്കുക എന്ന ഉദ്ദേശത്തോടുകൂടെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത് എന്ന ആരോപണം ഇസ്രായേൽ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് നിരസിച്ചു. ഹമാസിന്റെ മിലിട്ടറി
മിലിട്ടറി ഇന്റലിജൻസ് ഓഫീസ് പ്രവർത്തിക്കുന്ന ഈ കെട്ടിടം നിയമാനുസൃതമുള്ള സൈനിക ലക്ഷ്യം തന്നെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താമാധ്യമ ഓഫീസുകളുള്ള ഒരു കെട്ടിടത്തിനുള്ളിൽ തങ്ങളുടെ ഓഫിസുകൾ സ്ഥാപിക്കുന്നതിലൂടെ ഇസ്രയേലിന്റെ ആക്രമണത്തിൽ നിന്ന് അവ സുരക്ഷിതമായി നിലനിർത്താമെന്ന് ഹമാസ് പ്രതീക്ഷിച്ചിരിന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് ഇസ്രയേലിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ മനുഷ്യ കവചങ്ങൾ ഉപയോഗിക്കുന്നു എന്ന് ഇസ്രായേൽ ആരോപിക്കുന്നു . സൈനീക ടണലുകളും മറ്റു സൈനീക ഓഫിസുകളും ജനാധിവാസ കേന്ദ്രങ്ങളിലും കിന്റർഗാർട്ടർ സ്‌കൂളുകളുടെ സമീപത്തുമാണ് ഹമാസ് സ്ഥാപിക്കുന്നതെന്ന് ഇസ്രായേൽ ഡിഫെൻസ് , സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ വ്യക്തമാക്കി.
ഇതുവരെ ഹമാസ് തീവ്രവാദികൾ ഇസ്രായേലിന് നേരെ രണ്ടായിരത്തിലധികം റോക്കറ്റുകൾ പ്രയോഗിച്ചു. ഗാസയിൽ 39 കുട്ടികളടക്കം 139 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ പറയുന്നു. രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചതായി ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദൂതൻ ഹാഡി അമർ ഇസ്രായേലിലെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കെട്ടിടം തകർന്നത്. മാധ്യമങ്ങളുടെ ഓഫിസ് പ്രവർത്തിക്കുന്ന ഈ ബഹുനില മന്ദിരത്തിലെ നിരവധി നിലകൾ ഹമാസ് കൈവശപ്പെടുത്തിയിരുന്നു എന്നതിനാലാണ് കെട്ടിടം മുഴുവനും നശിപ്പിച്ചത് എന്ന് കോൺറിക്കസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.