ഓസ്‌ട്രേലിയന്‍ ബജറ്റ്; നികുതിയില്‍നിന്നു നേട്ടമുണ്ടാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഓസ്‌ട്രേലിയന്‍ ബജറ്റ്; നികുതിയില്‍നിന്നു നേട്ടമുണ്ടാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഡ്‌നി: അനവധി ക്ഷേമപദ്ധതികള്‍ക്കൊപ്പം നികുതി പരിഷ്‌കാരങ്ങളുമായി 2021-22 സാമ്പത്തിക വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ബജറ്റ് ഇക്കഴിഞ്ഞ 11-ന് ധനമന്ത്രി അവതരിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതി നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ മനസിലാക്കി, നികുതി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നികുതിദായകര്‍ക്ക് വര്‍ഷാവസാനം നികുതിയില്‍നിന്നു നേട്ടമുണ്ടാക്കാന്‍ സാധിക്കും.

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍

1. ലോ ആന്‍ഡ് മിഡില്‍ ഇന്‍കം ടാക്‌സ് ഓഫ്‌സെറ്റ്: നികുതി ബാധ്യതയുള്ള വരുമാനം 126,000 ഡോളറില്‍ താഴെയുള്ളവര്‍ക്ക്, 1080 ഡോളര്‍ തിരികെ ലഭിക്കുന്ന രീതി അടുത്ത വര്‍ഷവും തുടരും. ഇതുവഴി കുടുംബത്തിന് 2160 ഡോളര്‍ അധികാനുകൂല്യം ലഭിക്കും. മുന്‍പ് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൂടി കൂട്ടുമ്പോള്‍ ഒരു വ്യക്തിക്ക് 7020 ഡോളറിന്റെ നികുതി കുറയും.
2. വിദ്യാഭ്യാസ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് 250 ഡോളര്‍ കിഴിവ് ഇനിമുതല്‍ കണക്കിലെടുക്കേണ്ട ആവശ്യമില്ല.
3. മുന്‍വര്‍ഷങ്ങളിലെ ലാഭനഷ്ടങ്ങള്‍ അടുത്ത വര്‍ഷങ്ങളിലേക്കു കൈമാറ്റം ചെയ്യും (Loss carry forward and carry back).
4. ബിസിനസ് ആവശ്യത്തിനായി വാങ്ങുന്ന ആസ്തികള്‍ നികുതിച്ചെലവായി എഴുതിത്തള്ളാനുള്ള ആനുകൂല്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി.
5. തൊഴിലുടമ തൊഴിലാളികള്‍ക്കു നല്‍കുന്ന ഷെയറുകളുടെ നികുതി ഘടന ലഘൂകരിച്ചു.

നികുതി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍

2020-2021 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഒന്നര മാസം കൂടിയേയുള്ളൂ. ഇപ്പോള്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്ത് നികുതി ഭാരം ലഘൂകരിക്കാവുന്നതാണ്.

1. വ്യക്തി ഗത സൂപ്പര്‍ ആനുവേഷന്‍ (Superannuation) വര്‍ധിപ്പിച്ചാല്‍ വരുമാനത്തില്‍നിന്ന് അടച്ച തുക കുറയ്ക്കാവുന്നതാണ്. ഒരു വ്യക്തിക്ക് 25000 ഡോളര്‍ വരെ ഇങ്ങനെ അടയ്ക്കാന്‍ സാധിക്കും.
2. ജോലിക്കോ ബിസിനസിനോ ആവശ്യമുള്ള ഉപകരണങ്ങള്‍ (tools and equipment) വാങ്ങിയാല്‍ നികുതിചെലവായി കണക്കാക്കാം. ഉദാ: നഴ്‌സുമാര്‍ക്ക് Fob വാച്ച്, സ്‌റ്റെതസ്‌കോപ്പ്, കാല്‍കുലേറ്റര്‍ മുതലായവ.
3. അസോസിയേഷന്‍, യൂണിയന്‍ അംഗത്വ ഫീസ്, മറ്റു വരിസംഖ്യകള്‍, മുന്‍കൂറായി അടയ്ക്കുകയും നികുതിച്ചെലവായി എഴുതിത്തള്ളുകയും ചെയ്യുക.
3. ശമ്പളത്തിനു പുറമേ വരുമാനമുള്ളവര്‍ക്ക് (ഉദാ: ബിസിനസ്, നിക്ഷേപം, വാടക) കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വരുമാനധാര വരുമാനം ഇല്ലാത്തതോ കുറവുള്ളതോ ആയ കുടുംബാംഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കുന്നത് ആലോചിക്കാം.


തയാറാക്കിയത്: ബിജു ആന്റണി സി.എ., സി.ടി.എ, എല്‍.എല്‍.ബി (ലേഖകന്‍ ഓസ്‌ട്രേലിയന്‍ ടാക്‌സ് പ്രാക്ടീഷണര്‍ ആണ്).

ഇ-മെയില്‍: [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26