തൃശ്ശൂർ:മാസ്ക് വെച്ചുകൊണ്ട് ഉറക്കെ പറയാനും കേൾക്കാൻ കാതുകൂർപ്പിനും ഇനി നിൽക്കേണ്ട. മാസ്കിനും ഫെയ്സ് ഷീൽഡിനും മുകളിൽ ഘടിപ്പിക്കാനാകുന്ന ചെറിയ വോയ്സ് ആംപ്ലിഫയർ തയ്യാറായി. തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജ് ഇൻക്യുബേറ്ററിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി കെവിൻ ജേക്കബാണ് ഇത് രൂപപ്പെടുത്തിയത്.
പൂത്തോളിലെ ഡോക്ടർ ദമ്പതിമാരായ സനൂജിന്റെയും ജ്യോതിയുടെയും മകനാണ് കെവിൻ. 60 എണ്ണം ഉണ്ടാക്കി ഡോക്ടർമാർക്ക് നൽകിയപ്പോൾ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇനി ഉപകരണം വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനൊരുങ്ങുകയാണ്. കണ്ടുപിടിത്താവകാശത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
മാസ്കിൽ ഓട്ടയിടാതെ കാന്തമുപയോഗിച്ച് ഉറപ്പിക്കാനാകും. അതേപോലെ തന്നെ റീചാർജ്ചെയ്ത് ഉപയോഗിക്കാം. ഫെയ്സ് ഷീൽഡിലും ഘടിപ്പിക്കാം. ആവശ്യത്തിനനുസരിച്ച് ശബ്ദം കൂട്ടാനും കുറയ്ക്കാനുമാകും. രണ്ടുസെന്റീമീറ്റർ വീതിയും മൂന്നുസെന്റീമീറ്റർ നീളവുമാണ് വലിപ്പം. ചികിത്സാരംഗത്തുള്ളവർക്കാണ് ഇത് ഏറെ ഉപയോഗപ്പെടുക. രോഗിയിൽനിന്ന് അകലംപാലിച്ചുതന്നെ സംസാരിക്കാം. കൂടുതൽ നേരം സംസാരിച്ചാലും തൊണ്ടയ്ക്ക് ആയാസമുണ്ടാവില്ല.
പാലക്കാട്ടെ എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിൽ അലംനി അസോസിയേഷൻ നടത്തിയ ദർശന ഇഗ്നൈറ്റ് എന്ന പ്രോജക്ടിൽ ഏറ്റവും മികച്ച അഞ്ച് പ്രോജക്ടുകളിൽ ഒന്നായി കെവിൻ വികസിപ്പിച്ച മാസ്ക് വോയ്സ് ആംപ്ലിഫയർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജ് ടെക്നോളജി ബിസിനസ് മാനേജർ പ്രൊഫ. അജയ് ജെയിംസ് പറഞ്ഞു.
എന്നാൽ ഇപ്പോൾ ഓരോന്നായി നിർമിക്കുന്നതിനാൽ ഒരെണ്ണത്തിന് 900 രൂപയോളം വരും. വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചാൽ 500 രൂപയേ പരമാവധി വരൂ. നാലുമണിക്കൂർ തുടർച്ചയായി ഉപയോഗിക്കാം. 30 മിനുട്ടിൽ റീച്ചാർജ് പൂർത്തിയാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.