സിഡ്‌നി: തീപിടിത്തസാധ്യത കണ്ടെത്തിയതിനെതുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ കിയ കാര്‍ മോഡലുകള്‍ കമ്പനി തിരിച്ചുവിളിച്ചു. ഗാരേജ് പോലുള്ള സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് 57,000 കിയ ഉടമകള്‍ക്കു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 2016 നും 2021 നും ഇടയില്‍ നിര്‍മ്മിച്ച കിയ ക്യുഎല്‍ സ്പോര്‍ടേജ് മോഡലും 2017 നും 2019 നും ഇടയില്‍ നിര്‍മ്മിച്ച കിയ സികെ സ്റ്റിംഗര്‍ മോഡലുമാണ് തിരിച്ചുവിളിച്ചത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഹ്യുണ്ടായ് കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ്.
ഹൈഡ്രോളിക് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളിലെ (എച്ച്.ഇ.സി.യു) പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പ്രൊഡക്റ്റ് സേഫ്റ്റി ഓസ്ട്രേലിയ തിരിച്ചുവിളിച്ചത്. ഈര്‍പ്പം ഹൈഡ്രോളിക് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ പ്രവേശിക്കുമ്പോള്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചാല്‍, വാഹനം ഓഫാക്കി പാര്‍ക്ക് ചെയ്തിരിക്കുകയാണെങ്കിലും എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടാകാമെന്ന് പ്രൊഡക്ട് സേഫ്റ്റി ഓസ്ട്രേലിയ പറഞ്ഞു. ഇങ്ങനെ തീപിടിക്കുന്നത് വാഹന ഉടമയുടെ മരണത്തിനു വരെ കാരണമാകാം.
ഗാരേജ് ഉള്‍പ്പെടെ അടച്ചിട്ട കെട്ടിടങ്ങളിലും തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഓസ്ട്രേലിയയില്‍ ഈ മോഡല്‍ കാറുകളുടെ ഉടമകള്‍ക്കു കമ്പനി അറിയിപ്പ് നല്‍കിക്കഴിഞ്ഞു. അടുത്തുള്ള അംഗീകൃത ഡീലറിനെ സമീപിച്ച് സൗജന്യമായി പരിശോധന നടത്തി തകരാര്‍ പരിഹരിക്കാന്‍ കമ്പനി ആവശ്യപ്പെട്ടു.
ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് 93,000 കാറുകള്‍ ഹ്യുണ്ടായ് തിരിച്ചുവിളിച്ച് മാസങ്ങള്‍ക്കുശേഷമാണ് കിയ മോഡലുകളിലും തകരാര്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.