ഷാർജ കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢഗംഭീര തുടക്കം

ഷാർജ കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢഗംഭീര തുടക്കം

ഷാർജ: കുട്ടികളുടെ വായനോത്സവത്തിന്റെ 12-ാം പതിപ്പിന് ഷാ‍ർജയില്‍ തുടക്കമായി. ഷാ‍ർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് കുട്ടികളുടെ വായനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇരുപത്തിയൊമ്പതാം തിയതി വരെ നീണ്ടുനില്‍ക്കുന്ന വായനോത്സവം ഷാ‍ർജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെല്ലാം പാലിച്ചുകൊണ്ടാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 'നിങ്ങളുടെ ഭാവനയ്ക്കായി' എന്നുളളതാണ് ആപ്തവാക്യം. 


ഷാ‍ർജയുടെ പ്രിയ ഭരണാധികാരിക്ക് വായനോത്സവത്തിലേക്ക് സ്വാഗതമോതി, വായനയുടെ പ്രധാന്യം ഓർമ്മിപ്പിച്ചുകൊണ്ടുളള നൃത്തപരിപാടിയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. വിദ്യാഭ്യാസമന്ത്രാലയമൊരുക്കിയ പവലിയനും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനൊരുക്കിയ പവലിയനും ഷാ‍ർജ ഭരണാധികാരി സന്ദർശിച്ചു.


സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, ഷാർജ മീഡിയാ കൗണ്‍സില്‍ ചെയർമാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി,ഇന്‍റർനാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖാ ബോദൂർ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാ‍ർജ കൊട്ടാരത്തിലെ എക്സിക്യൂട്ടീവ് ഓഫീസ് തലവന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, ആരോഗ്യമന്ത്രി ജമീല ബിന്‍ത് സാലൈം മുഹൈരി, ഷാ‍ർജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിവരുടെ സാന്നിദ്ധ്യത്തിലാണ് വായനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്.


പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആവശ്യമില്ല

കഴിഞ്ഞ നവംബറില്‍ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചപ്പോള്‍ പ്രവേശനം രജിസ്ട്രേഷന്‍ മൂലം നിയന്ത്രിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ വായനോത്സവത്തിന് സൗകര്യം കണക്കിലെടുത്ത് രജിസ്ട്രേഷന്‍ ഇല്ല. ശനി ഒഴികെയുളള ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ പ്രവേശനം അനുവദിക്കും.


കോവിഡിനെതിരായ കരുതലും

കോവിഡ് മുന്‍കരുതല്‍ പാലിച്ചാണ് വായനോത്സവം നടക്കുന്നത്. പ്രവേശനത്തിന് തെർമല്‍ സ്കാനിംഗ് സജ്ജമാക്കിയിട്ടുണ്ട്. ഹാളിലുടനീളം സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങള്‍ പതിച്ചിട്ടുണ്ട്. സാനിറ്റൈസർ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

വർക്ക് ഷോപ്പുകളും കലാകായിക പരിപാടികളും മിഴിവേകും

വ‍ർക്ക് ഷോപ്പുകളും, കഥപറച്ചിലും, പാചകവും, കുട്ടികഥകളും ചർച്ചകളും ആട്ടവും പാട്ടുമടക്കം വിവിധ തരത്തിലുളള 537 പരിപാടികളാണ് ഇത്തവണ വായനോത്സവത്തില്‍ ഒരുക്കിയിട്ടുളളത്. 110 വർക്ക് ഷോപ്പുകളും 22 വിനോദ പരിപാടികളും കുട്ടികളുടെ ഭാവനയ്ക്കും അറിവിനുമുതകുന്ന 385 കലാപ്രദർശനവും ഉണ്ടാകും.അറബ് അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുളള 32 എഴുത്തുകാരും കലാകാരന്‍മാരും , 15 രാജ്യങ്ങളില്‍ നിന്നുളള 172 പ്രസാധകരും വായനോത്സവത്തിന്‍റെ ഭാഗമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.