കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തെ രണ്ടാമത്തെ വ്യക്തി 81-കാരന്‍ വില്യം ബില്‍ ഷേക്‌സ്പിയര്‍ മരിച്ചു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തെ രണ്ടാമത്തെ വ്യക്തി 81-കാരന്‍ വില്യം ബില്‍ ഷേക്‌സ്പിയര്‍ മരിച്ചു

ലണ്ടന്‍: ലോകത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ടാമത്തെ വ്യക്തി മരിച്ചു. 81 വയസുകാരന്‍ വില്യം ബില്‍ ഷേക്‌സ്പിയറാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. യു.കെയില്‍ വെച്ച് ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചയാളാണ് മരിച്ചത്. അതേസമയം വാക്‌സിനും മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് വിവരം.

യു.കെയിലെ കോവെന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വില്യം ഷേക്‌സ്പിയര്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. ഇതേ ആശുപത്രിയില്‍ ഈ സമയം ചികിത്സയിലായിരുന്നു ബില്‍. 91 കാരിയായ മാര്‍ഗരറ്റ് കീനന്‍ ആണ് ലോകത്ത് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. ഇവര്‍ക്ക് തൊട്ട് പിന്നാലെയാണ് ഷേക്സ്പിയറും വാക്സിനെടുത്തത്. കോവിഡ് 19 വാക്‌സിന്‍ ഗവേഷണം വിജയിച്ച സാഹചര്യത്തില്‍ ഇവരുടെ വാക്‌സിനേഷന്‍ ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

'കോവിഡ് വാക്‌സിന്‍ ലഭിച്ച ലോകത്തെ ആദ്യ പുരുഷന്‍ എന്ന നേട്ടത്തില്‍ അദ്ദേഹം വളരെ അഭിമാനിച്ചിരുന്നു. ആളുകളോട് ഇതേക്കുറിച്ച് സംസാരിക്കുകയും വാക്‌സിന്‍ എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു-ബില്ലിന്റെ ഭാര്യ ജോയ് പറഞ്ഞു.

നാടകകൃത്തായ ഷേക്സ്പിയറുടെ നാട്ടില്‍ നിന്ന് 20 മൈല്‍ അകലെ വാര്‍വിക്ഷയറിലാണ് ഇദ്ദേഹത്തിന്റെ താമസം. വാക്സിന്‍ സ്വീകരിച്ച അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മസ്തിഷ്‌കാഘാതമാണ് മരണ കാരണം. റോള്‍സ് റോയ്സ് കമ്പനി ജീവനക്കാരനും പാരിഷ് കൗണ്‍സില്‍ അംഗവും ദീര്‍ഘകാലം ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന ബില്ലിന്റെ മരണത്തില്‍ ലേബര്‍ പാര്‍ട്ടിയും അനുശോചനം അറിയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.