നഴ്സിംഗ് പരീക്ഷകൾ നീളുമ്പോൾ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

നഴ്സിംഗ് പരീക്ഷകൾ നീളുമ്പോൾ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴിലെ വിവിധ നഴ്സിംഗ് കോളജുകളില്‍ പരീക്ഷകള്‍ സമയബന്ധിതമായി നടത്താത്തത് വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നു. പരീക്ഷാ നടത്തിപ്പിന് യാതൊരു നടപടിയും സര്‍വകലാശാല സ്വീകരിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അടുത്ത വർഷത്തിലേക്ക് കടന്നിട്ടും മുന്‍ വർഷങ്ങളിലെ പരീക്ഷകള്‍ ഇതുവരെ നടത്തിയിട്ടില്ല. നാലാം വർഷം പൂർത്തിയാക്കിയവരുടെ പരീക്ഷകൾ പോലും ഇതുവരെയും നടത്തിയിട്ടില്ല. കോഴ്സ് എക്സ്റ്റൻഷൻ കൂടിയായപ്പോൾ വിദ്യാർത്ഥികളുടെ ആശങ്ക വർദ്ധിക്കുകയാണ്. അതിന് പുറമെ പുതിയ ബാച്ച് വിദ്യാർത്ഥികൾ പ്രവേശനം നേടി കഴിഞ്ഞു.

അതേസമയം പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ സര്‍വകലാശാല ഉടന്‍ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പരീക്ഷാ നടത്തിപ്പിലെ കാലതാമസം തങ്ങളുടെ കരിയറിനെ ബാധിക്കും. അതിനാല്‍ കോവിഡ് സാഹചര്യത്തില്‍ സര്‍വകലാശാല ഓണ്‍ലൈന്‍ പരീക്ഷ ഉടനടി നടത്തണം. മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷകളിലൂടെ പാസ്ഔട്ട് ലഭിക്കുന്നു. പിന്നെ എന്തുകൊണ്ട് തങ്ങളെ ഒഴിവാക്കുന്നുവെന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ കീഴിലെ വിവിധ നഴ്സിംഗ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പരീക്ഷ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് നഴ്‌സിങ് വിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ സിന്യൂസ് ലൈവിനോട് പറഞ്ഞു. നഴ്‌സിങ് അവസാനവര്‍ഷ പരീക്ഷ പോലും കോവിഡിന്റെ പേരില്‍ നീട്ടിവെക്കുമ്പോള്‍ നഷ്ടമാകുന്നത് വിദ്യാര്‍ത്ഥികളുടെ നല്ല ഭാവിയാണ്.

പരീക്ഷാ നടത്തിപ്പ് വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് നഴ്‌സിങ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളും സിന്യൂസ് ലൈവിനോട് പറഞ്ഞു. 'അവരുടെ ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ട്. പരീക്ഷകള്‍ കൃത്യസമയത്ത് നടക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ അപേക്ഷിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. കോളജുകളില്‍ പരീക്ഷ നടത്താന്‍ സാധ്യമല്ലെങ്കില്‍ ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

കേരളത്തിന് വെളിയിലുള്ള യൂണിവേഴ്‌സിറ്റികളും കേരള സാങ്കേതിക സര്‍വ്വകലാശാലയും പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നത്മാതൃകയാക്കി നഴ്സിംഗ് പരീക്ഷകള്‍ അടിയന്തരമായി ഓണ്‍ലൈന്‍ ആയി നടത്തണമെന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കാനാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും ആലോചിക്കുന്നത്.

അതേസമയം, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും 70% കുട്ടികള്‍ക്കും ഇതുവരെ രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭിച്ചിട്ടില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ രണ്ട് ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കി എന്നാണ് മിക്ക കോളജുകളും അവകാശപ്പെടുന്നത്. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ലഭിച്ചെങ്കിലും സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.