കെയിന്‍സ്: പൈലറ്റ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് 110 കിലോമീറ്റര്‍ വിമാനം ദിശതെറ്റിപ്പറന്നതായി ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍നിന്ന് റെഡ് ക്ലിഫിലേക്ക് പറന്ന സെസ്‌ന 208 ബി ഫെറി വിമാനത്തിലെ പൈലറ്റാണ് പറന്നുയര്‍ന്നതിന് പിന്നാലെ നാല്‍പത് മിനിറ്റോളം ഉറങ്ങിപ്പോയത്. നിശ്ചിത ദിശയില്‍ നിന്ന് 110 കിലോമീറ്റര്‍ അധികം വിമാനം പറക്കുകയും ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പലതവണ പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവില്‍ പൈലറ്റ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴാണ് ദിശതെറ്റി പറന്നെന്ന് വ്യക്തമായത്.
കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബ്യൂറോ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോഴാണ് വിമാനം ദിശതെറ്റി പറന്നതിന്റെ കാര്യം വ്യക്തമായത്. പൈലറ്റിന്റെ മൊഴിയടക്കം ഉള്‍പ്പെടുത്തിയാണ് സേഫ്റ്റി ബ്യൂറോ റിപോര്‍ട്ട് തയാറാക്കിയത്.
ഇരുപതിനായിരം മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് അന്നേ ദിവസം സെസ്‌ന നിയന്ത്രിച്ചത്. എന്നാല്‍ വിമാനം പറത്തിയതിന്റെ തൊട്ടുതലേദിവസം ശരിയായ ഉറക്കം കിട്ടിയില്ലെന്നും അ ക്ഷീണത്തില്‍ മയങ്ങിപ്പോയെന്നുമാണ് പൈലറ്റിന്റെ വിശദീകരണം. എന്നാല്‍ മയക്കമല്ല പൈലറ്റ് ഗാഢനിദ്രയിലായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാതെ വന്നപോള്‍ ഈ വിമാനത്തിന്റെ ഏറ്റവും അടുത്തായി പറന്നിരുന്ന മറ്റൊരു വിമാനത്തിന്റെ ശ്രദ്ധയിലും എ.ടി.സി ഇക്കാര്യം അറിയിച്ചിരുന്നു. ആ വിമാനത്തില്‍ നിന്നും സെസ്‌ന വിമാനത്തിലെ പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
സംഭവ ദിവസം താന്‍ ക്ഷീണിതനായിരുന്നുവെങ്കിലും വിമാനം പറത്താന്‍ പ്രശ്‌നമൊന്നും തോന്നിയില്ലെന്നാണ് അന്വേഷണ സംഘത്തിന് പൈലറ്റ് നല്‍കിയ മറുപടി. കോക്പിറ്റില്‍ പതിവിലും അധികം ചൂടുണ്ടായിരുന്നു. ഇത് പെട്ടെന്നുള്ള ഉറക്കത്തിന് കാരണമായി. എന്നാല്‍ സാധാരണഗതിയില്‍ കോക്പിറ്റിനുള്ളില്‍ ഉപയോഗിക്കുന്ന അധിക ഓക്‌സിജന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നാണ് സേഫ്റ്റി ബ്യൂറോയുടെ കണ്ടെത്തല്‍, ഇതും പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ ഇടയാക്കി. എന്തായാലും ഉറക്കത്തില്‍ നിന്നുണര്‍ന്ന പൈലറ്റ് ഒടുവില്‍ സണ്‍ഷൈന്‍ കോസ്റ്റില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26