റഷ്യയില്‍ മൃഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി

റഷ്യയില്‍ മൃഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി

മോസ്‌കോ: റഷ്യയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. കാര്‍ണിവാക്-കോവ് എന്ന വാക്‌സിനാണു മൃഗങ്ങള്‍ക്കു നല്‍കുന്നത്. നായ്ക്കള്‍, പൂച്ച, കുരങ്ങ്, നീര്‍നായ, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍ വാക്‌സിന്‍ നേരത്തെ പരീക്ഷിച്ചു ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. ഒരു ഡോസ് ആറ് മാസത്തേക്കാണ് പ്രതിരോധശേഷി നല്‍കുന്നത്.

ബ്രീഡര്‍മാര്‍, വളര്‍ത്തുമൃഗങ്ങളുള്ള ഇടയ്ക്കിടെ യാത്രകള്‍ ചെയ്യുന്നവര്‍, സ്വതന്ത്രമായി സഞ്ചരിക്കുന്ന മൃഗങ്ങളുള്ളവര്‍ എന്നിവരില്‍ നിന്നും വാക്‌സിനേഷനായി വന്‍തോതില്‍ അഭ്യര്‍ഥനകള്‍ ക്ലിനിക്കുകളില്‍ ലഭിക്കുന്നുണ്ടെന്ന് വെറ്ററിനറി നിരീക്ഷണ കേന്ദ്രം ഉപദേഷ്ടാവ് ജൂലിയ മെലാനോ പറഞ്ഞു. രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ വെറ്ററിനറി ക്ലിനിക്കുകളിലാണ് വാക്‌സിന്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈ മാസം ആദ്യം റഷ്യ കാര്‍ണിവാക്-കോവിന്റെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ആദ്യ ബാച്ചില്‍ 17,000 ഡോസുകളാണ് നിര്‍മിച്ചത്. വാക്‌സിന് രാജ്യത്തിനകത്ത് ആവശ്യക്കാര്‍ കൂടുതലാണെന്നും അതിനാല്‍ ആദ്യ ബാച്ച് രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കാനാണ് തീരുമാനമെന്നും വിദേശ കമ്പനികളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മെലാനോ പറഞ്ഞു. ഉല്‍പാദന ശേഷി ഇപ്പോള്‍ പ്രതിമാസം മൂന്ന് ദശലക്ഷം ഡോസാണ്, സമീപഭാവിയില്‍ ഇത് അഞ്ചു ദശലക്ഷമായി ഉയര്‍ത്തുമെന്ന് വെറ്ററിനറി നിരീക്ഷണ കേന്ദ്രം തലവന്‍ അറിയിച്ചു

അതേസമയം ലോകമെമ്പാടും നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍, മിങ്ക് എന്നിവയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യര്‍ക്ക് രോഗം പകരുന്നതില്‍ മൃഗങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നതിന് നിലവില്‍ തെളിവുകളില്ല. യു.എസ് വെറ്റിറനറി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സോയിറ്റിസും മൃഗങ്ങള്‍ക്ക് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.