പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സിക്ക് കിരീടം. ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ഇതുവരെ മുത്തമിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനിറങ്ങിയ സിറ്റിയെ മികച്ച പ്രതിരോധത്തിലൂടെയാണ് ചെല്‍സി തടഞ്ഞു നിര്‍ത്തിയത്.
ഒന്നാം പകുതിയില്‍ നേടിയ ഗോളിലാണ് ചെല്‍സി കിരീടം സ്വന്തമാക്കിയത്. 42-ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്‌സ് വിജയ ഗോള്‍ നേടി. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി കിരീടത്തില്‍ മുത്തമിടുന്നത്. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കി.
എന്നാല്‍ ചെല്‍സിയുടെ പ്രതിരോധത്തിൽ മുന്നേറ്റ നിര വിയര്‍ക്കുകയും മധ്യനിര ദുര്‍ബലമാകുകയും ചെയ്തു. ഈ അവസരം മുതലെടുത്താണ് ചെല്‍സി കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. മധ്യനിരയിലെ ശക്തികളായിരുന്ന ഫെര്‍ണാണ്ടീഞ്ഞോ, റോഡ്രി തുടങ്ങിയ താരങ്ങളെ ഗ്വാര്‍ഡിയോള പുറത്തിരുത്തി. അതോടൊപ്പം ഡിബ്രൂയിന്‍ പരിക്കേറ്റ് പുറത്തുപോയതോടെ കൂടുതല്‍ ക്ഷീണമായി.
ചെല്‍സി പരിശീലകന്‍ തോമസ് ടൂഷേലിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനായിരുന്ന ടൂഷേല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ കിരീടം അടിയറവെച്ചു. ഇത്തവണ എല്ലാ പഴുതുകളും അടച്ച് ഇറങ്ങിയ ടൂഷേലിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ തന്ത്രങ്ങളുടെ ആശാനായ പെപ് ഗ്വാര്‍ഡിയോളക്ക് പിഴച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.