ട്രോഫി ഏറ്റ് വാങ്ങാതെ ഇന്ത്യ, റണേഴ്സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍; ഏഷ്യാ കപ്പ് വേദിയില്‍ നാടകീയ രംഗങ്ങള്‍

ട്രോഫി ഏറ്റ് വാങ്ങാതെ ഇന്ത്യ, റണേഴ്സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍; ഏഷ്യാ കപ്പ് വേദിയില്‍ നാടകീയ രംഗങ്ങള്‍

ദുബായ്: വീറും വാശിയും നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഒമ്പതാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായെങ്കിലും ട്രോഫി ഏറ്റ് വാങ്ങാന്‍ ഇന്ത്യ തയ്യാറായില്ല.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. മുഹസിന്‍ നഖ്വിക്ക് പകരമായി മറ്റൊരെങ്കിലും ട്രോഫി കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെയാണ് ടീം ഇന്ത്യ സമ്മാന വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

മൂന്നാഴ്ചയ്ക്കിടെ ഇന്ത്യയോട് മൂന്ന് തവണ തോറ്റ് ഏഷ്യാ കപ്പില്‍ റണേഴ്സ് അപ്പ് ആയ പാകിസ്ഥാന്‍ സമ്മാന ദാന ചടങ്ങില്‍ ചെയ്ത പ്രവൃത്തിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സമ്മാന ദാന ചടങ്ങില്‍ റണേഴ്സ് അപ്പിന് നല്‍കുന്ന ചെക്ക് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പിസിബി ചെയര്‍മാന്‍ മുഹസിന്‍ നഖ്വി വേദിയില്‍ ഉള്ളപ്പോഴാണ് ആഗയുടെ പ്രവൃത്തി. ചെക്ക് വലിച്ചെറിഞ്ഞ ശേഷം കൂളായി ചിരിച്ച് കൊണ്ട് ആഗ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

'മറക്കാന്‍ പ്രയാസമുള്ള ഒന്നാണ്. ഞങ്ങള്‍ക്ക് ബാറ്റ് കൊണ്ട് നന്നായി ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. ബൗളിങ് മികച്ചതായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് നന്നായി ഫിനിഷ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു. ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഞങ്ങളുടെ ബൗളിങ് മികച്ചതായിരുന്നു, പക്ഷേ ഞങ്ങളുടെ ബാറ്റിങ് ആശങ്കയാണ്. എന്റെ ടീമിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു, ഒരു കൂട്ടായ്മ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്, ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.'- മത്സരത്തെ കുറിച്ച് സല്‍മാന്‍ അലി ആഗ പ്രതികരിച്ചു.

തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തില്‍ അഭിഷേക് വര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വര്‍മ ക്രീസില്‍ എത്തിയത്. പിന്നീട് തിലക് വര്‍മയുടെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ എല്ലാ ഭാഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ വിജയശില്‍പ്പി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.