ചട്ടങ്ങളായില്ലെങ്കിലും പൗരത്വ നിയമ ഭേദഗതി നയം നടപ്പാക്കി കേന്ദ്രം

ചട്ടങ്ങളായില്ലെങ്കിലും പൗരത്വ നിയമ ഭേദഗതി നയം നടപ്പാക്കി കേന്ദ്രം

ന്യൂഡൽഹി ∙ ചട്ടങ്ങളായില്ലെങ്കിലും പൗരത്വ നിയമ ഭേദഗതി നയം നടപ്പാക്കി കേന്ദ്രം സർക്കാർ. 1955 ലെ പൗരത്വ നിയമത്തിൽ വ്യവസ്ഥയില്ലാത്തപ്പോൾതന്നെ മതാടിസ്ഥാനത്തിൽ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾക്കൊഴികെ പൗരത്വം നൽകാൻ സർക്കാർ നടപടിയെടുത്തിരുന്നു എന്ന വാദത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം.

2019 ൽ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനു മുൻപേ ചട്ടങ്ങളിലൂടെ നയം നടപ്പാക്കി. പൗരത്വം കേന്ദ്ര വിഷയമാണെങ്കിലും 1955 ലെ നിയമത്തിലെ 16–ാം വകുപ്പനുസരിച്ചു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പൗരത്വ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരം നൽകാം. അതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം.

അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വന്നിട്ടുള്ള ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാർക്കു പൗരത്വം നൽകാൻ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 13 ജില്ലകളിൽ കലക്ടർമാർക്കും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകുന്നതാണു പുതിയ വിജ്ഞാപനം.

2016 ലും 2018 ലും ഇതേപോലെ ഏതാനും സംസ്ഥാനങ്ങളിലെ കലക്ടർമാർക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകിയിരുന്നു. മൂന്ന് രാജ്യങ്ങളിൽനിന്നുള്ള ആറ് മതക്കാരുടെ അപേക്ഷ സംബന്ധിച്ചു മാത്രമായിരുന്നു അന്നത്തെയും തീരുമാനം.

1955 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ, 2009 ലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. 2009 ലെ ചട്ടങ്ങളിൽ മൂന്ന് രാജ്യങ്ങളും ആറ് മതങ്ങളും പരാമർശിച്ചിരുന്നില്ല. 2018 ൽ ഈ ചട്ടങ്ങൾ രണ്ട് തവണ ഭേദഗതി ചെയ്തു. 2018 ഒക്ടോബർ 18ന് വിജ്ഞാപനം ചെയ്ത ഭേഭഗതിയിൽ, പൗരത്വ അപേക്ഷയിൽ ഏതു മതത്തിൽ നിന്നുള്ളയാൾ എന്ന ചോദ്യം ഉൾപ്പെടുത്തി. 2018 ഡിസംബർ മൂന്നിനു വിജ്ഞാപനം ചെയ്ത ഭേദഗതിയിൽ, മൂന്ന് രാജ്യങ്ങളിൽനിന്നുള്ള ആറ് മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നോ എന്ന ചോദ്യം ഉൾപ്പെടുത്തി.

2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണു (സിഎഎ) മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നവെന്ന പേരിൽ വിവാദമായത്. മൂന്ന് രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31വരെ, മതപീഡനം കാരണം ഇന്ത്യയിലേക്കു വന്നിട്ടുള്ള ആറ് മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് പൗരത്വം അനുവദിക്കുന്നതു സംബന്ധിച്ചാണ് ഈ ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. 11 വർഷമെങ്കിലുമായി ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികൾ എന്നതിലെ സമയപരിധി അഞ്ചുവർഷമായി കുറച്ചു.

മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാൻ 1955 ലെ നിയമത്തിൽ വ്യവസ്ഥയില്ലായിരുന്നു, 2019 ഡിസംബറിൽ വ്യവസ്ഥകളുൾപ്പെടുത്തി. അതിനു മുൻപു തന്നെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി.
2019 ൽ പാസാക്കിയ ഭേദഗതികൾ കഴിഞ്ഞ വർഷം ജനുവരി 10ന് പ്രാബല്യത്തിൽ വന്നെങ്കിലും ഈ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. കോവിഡ് പ്രതിസന്ധിക്കുശേഷം ചട്ടങ്ങൾ സംബന്ധിച്ച നടപടികളെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.