കള്ളക്കടത്തിനു പിന്നിലെ ക്രൈെസ്തവവിരുദ്ധ തീവ്രവാദബന്ധങ്ങള്‍

കള്ളക്കടത്തിനു പിന്നിലെ ക്രൈെസ്തവവിരുദ്ധ തീവ്രവാദബന്ധങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണ്ണക്കടത്തിന്റെയും ലഹരികടത്തിന്റെയും പിന്നിലെ രഹസ്യങ്ങള്‍ അനാവൃതമാകുമ്പോള്‍ സംഘടിതമായ തീവ്രവാദബന്ധങ്ങളാണ്‌ വെളിപ്പെടുന്നത്‌. മന്ത്രിതലം വരെയെത്തുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മുതിര്‍ന്ന ന്യായാധിപന്മാരും മാധ്യമ്രപവര്‍ത്തകരും ഈ തീവ്രവാദ ശ്യംഖലയുടെ കണ്ണികളാണെന്ന കണ്ടെത്തല്‍ മലയാളികള്‍ മാതമല്ല രാജ്യം മുഴുവന്‍ ഭീതിയോടെയാണ്‌ വീക്ഷിക്കുന്നത്‌. കേരളത്തിലെ ക്രൈസ്തവ സഭയ്ക്കെതിരേ സമീപകാലത്ത്‌ നടന്ന സമാനതകളില്ലാത്ത സംഘടിത ആക്രമണങ്ങള്‍ക്കു പിന്നിലും സ്വര്‍ണ്ണ, ലഹരി മാഫിയാകളുമായി ബന്ധപ്പെട്ട തീവ്രവാദശക്തികളുടെ കരങ്ങളാണു പ്രവര്‍ത്തിച്ചത്‌ എന്ന കണ്ടെത്തല്‍ കേരളത്തിലെ മതേതരസമൂഹത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്‌.

ജനാധിപത്യത്തിന്റെ നെടുതുണുകളായി കരുതപ്പെടുന്ന ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും ജൂഡീഷ്യറിയും ഒരുപോലെ സംശയത്തിന്റെ നിഴലിലായി എന്നതാണ്‌ സ്വര്‍ണ്ണക്കടത്ത്‌ ഉയര്‍ത്തുന്ന ആശങ്ക. സ്വപ്ന സുരേഷിന്‌ ഉന്നത രാഷ്ര്രീയ നേതാക്കളുമായും സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന ഉദ്യോഗസ്ഥമേധാവികളുമായുണ്ടായിരുന്ന വഴിവിട്ട ചങ്ങാത്തം നാടിനു നാണക്കേടുണ്ടാക്കിയെന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം രാജ്യസുരക്ഷയെ ഒറ്റിക്കൊടുക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ കണ്ണികളായി എന്നതാണ്‌.

ഹൈക്കോടതിയില്‍നിന്നു വിരമിച്ച ഒരു ന്യായാധിപന്‍ എന്‍.ഐ.എ യുടെ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത നിയമസംവിധാനങ്ങളിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെടുത്തുന്നതാണ്‌. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക്‌ അനുകൂലമെന്ന്‌ പ്രത്യക്ഷത്തില്‍ വ്യാഖ്യാനിക്കുന്ന വിധിതീര്‍പ്പുകള്‍ കേരളഹൈക്കോടതിയില്‍നിന്ന്‌ ഉണ്ടായിട്ടുള്ളത്‌ മുതിര്‍ന്ന അഭിഭാഷകര്‍തന്നെ ചുണ്ടിക്കാട്ടിയിട്ടുണ്ട്‌. കേരളത്തിലെ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട നിയമതര്‍ക്കങ്ങളിലെ ചില കോടതി നിരീക്ഷണങ്ങളും നടപടികളും ഈ പശ്ചാത്തലത്തില്‍ പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടതാണ്‌. സീസറിന്റെ ഭാര്യ തീര്‍ച്ചയായും സംശയാതീതയായിരിക്കണം.

മതനിന്ദ ആരോപിച്ച്‌ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസ്‌ മതേതരകേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിലെ ക്രൈസ്തവ അധ്യാപകന്റെ കൈവെട്ടിയതിലൂടെ സമൂഹത്തിലുളവായ അരക്ഷിതാവസ്ഥ വലുതായിരുന്നു. ഈ കൈവെട്ടു കേസിലെ പ്രതികളായിരുന്ന മുഹമ്മദലി ഇബ്രാഹിം, മുഹമ്മദലി എന്നിവരെ സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍.ഐ.എ അറസ്റ്റുചെയ്തിട്ടുണ്ട്‌. ക്രൈസ്തവസമുദായത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതുവഴി മതസൗഹാര്‍ദ്ദം തകര്‍ക്കാനുമാണ്‌ തീവ്രവാദികൾ ശ്രമിച്ചത്‌. കേരളത്തിലെ ക്രൈസ്തവര്‍ക്കെതിരേ ഇസ്ലാമിക തീവ്രവാദികൾ പ്രത്യക്ഷത്തില്‍ നടത്തിയ സംഘടിത ആക്രമണങ്ങളുടെ തുടക്കമായിരുന്നു കൈവെട്ടുകേസ്‌.

സ്വര്‍ണ്ണക്കടത്തിന്റെ പണമൊഴുക്കിയ മറ്റൊരു പ്രധാനമേഖലയായി എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്‌ മലയാള സിനിമാ മേഖലയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്ന ഇരുപതോളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുകയുണ്ടായി. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന കുമ്പസാരത്തെ മിക്കവാറും എല്ലാസിനിമകളിലും പരിഹാസ്യമായി അവതരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്‌. പൗരോഹിത്യത്തെയും സന്യാസത്തെയും ബ്രഹ്മ ചര്യത്തെയും മ്രെതാന്‍മാരെയും അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ രംഗങ്ങളും സംഭാഷണങ്ങളും നിറച്ച ഈ സിനിമകളുടെ നിര്‍മ്മാതാക്കള്‍ സ്വര്‍ണ്ണക്കടത്തിനു പിന്നിലെ തീവ്രവാദകളാണെന്ന കണ്ടെത്തലില്‍ ക്രൈസ്തവ ലോകം അമ്പരന്നു നില്‍ക്കുകയാണ്‌. ക്രൈസ്തവ പൗരോഹിത്യത്തിനെതിരായി പൊതുവികാരമുണര്‍ത്താന്‍ ഈ സിനിമകള്‍ സമൂഹത്തില്‍ വഹിച്ച പങ്ക്‌ ചെറുതല്ല. പൊതുവേ പ്രതികരണശേഷി കുറഞ്ഞവരും തന്‍കാര്യതല്പരരുമായ ക്രൈസ്‌തവവിശ്വാസികള്‍ തങ്ങള്‍ക്കെതിരായി നടക്കുന്ന ഗൂഡനീക്കങ്ങളെ തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും പരാജയപ്പെട്ടു എന്നതാണു സത്യം.

അടുത്ത കാലത്ത്‌ ക്രൈസ്തവസമൂഹത്തില്‍ രൂപംകൊണ്ട ചില തര്‍ക്കങ്ങള്‍ അത്ഭുതപൂര്‍വ്വമായ സാമൂഹികമാനങ്ങള്‍ ആര്‍ജിച്ചതിനു പിന്നിലും തീവ്രവാദബന്ധങ്ങളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌ പുതിയ കണ്ടെത്തലുകള്‍. മലബാറിലെ ഒരു എഞ്ചിനീയറിംഗ്‌ കോളേജിനെതിരായ കലാപത്തിനു തിരികൊളുത്തിയത്‌ തീവ്രവാദബന്ധം സംശയിക്കുന്ന ഒരു സിനിമാ സംവിധായകന്റെ ഫേസ്ബുക്ക്‌ കുറിപ്പായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. സീറോമലബാര്‍ സഭയിലെ ഭൂമി വിവാദം, വ്യാജരേഖാവിവാദം, വഞ്ചിസ്ക്വയറിലെ സമര്‍പ്പിതസമരം, സന്യാസസമൂഹത്തില്‍നിന്നു ബഹിഷ്കൃതരായ ചില വ്യക്തികളെ പിന്തുണച്ചുകൊണ്ടുള്ള സമരങ്ങള്‍ തുടങ്ങിയവയ്ക്കു പിന്നില്‍ ആളും അര്‍ത്ഥവും നല്‍കി കലാപം കൊഴുപ്പിക്കുന്നതില്‍ തീവ്രവാദബന്ധമുള്ളവര്‍ ഉണ്ടായിരുന്നു എന്ന്‌ വ്യക്തമായിരിക്കുകയാണ്‌. സഭാനവീകരണം ലക്ഷ്യമാക്കി ഉയര്‍ന്നുവന്ന ചില കടലാസ്സു സംഘടനകളുടെ നേതാക്കളുടെ പെട്ടെന്നുള്ള സാമ്പത്തികവളര്‍ച്ചയും അന്വേഷണപരിധിയിലുണ്ട്‌.

കൂടാതെ, ചില ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ ലൗജിഹാദിനെ ന്യായീകരിച്ചും ഹഗിയാസോഫിയ ദൈവാലയം പിടിച്ചെടുത്തതിനെ പിന്തുണച്ചും ലേഖനങ്ങള്‍ പ്രതൃക്ഷപ്പെട്ടതും ഇപ്പോള്‍ നിരീക്ഷണവിധേയമാണ്‌. രാജാവിനേക്കാളും രാജ്യഭക്തികാട്ടുന്നവര്‍ക്കു പിന്നില്‍ തീവ്രവാദബന്ധങ്ങളുണ്ടോ എന്നതാണ്‌ അന്വേഷിക്കുന്നത്‌. തീവ്രവാദികള്‍ ത്രന്രപൂര്‍വ്വം ഒരുക്കിയ കെണികളുടെ കുരുക്കുകള്‍ മനസ്സിലാക്കാതെ ചില വിശ്വാസികളും വൈദികരും സ്വീകരിച്ച നിലപാടുകള്‍ തീവ്രവാദ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കേരളത്തില്‍നിന്ന്‌ നൂറിലധികം യുവജനങ്ങള്‍ ഐ.എസ്‌ ഭീകരസംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്‌ എന്ന യു.എന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ കേരളപോലീസ്‌ എത്രമറച്ചാലും ഒളിച്ചുപിടിക്കാനാവാത്ത്രത വ്യാപ്തി കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണ്ടെന്ന്‌ വ്യക്തമായിരിക്കുകയാണ്‌.

സ്വര്‍ണ്ണ, ലഹരി കള്ളക്കടത്തുകള്‍ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും അവരില്‍നിന്നും ശ്രദ്ധതിരിക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നതും ശ്രദ്ധേയമാണ്‌. കള്ളക്കടത്തുകള്‍ക്ക്‌ പിന്നിലെ തീവ്രവാദ ബന്ധം പുറത്തുവരാതിരിക്കാന്‍ പ്രസ്തുത കേസുകളെ രാഷ്ര്രീയ നേതാക്കളുമായും അവരുടെ കുടുംബങ്ങളുമായും ബന്ധിപ്പിക്കാനാണ്‌ മാധ്യമങ്ങള്‍ക്ക്‌ കൂടുതല്‍ താല്പര്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.