ലക്ഷ്യം ചോദ്യപേപ്പര്‍ ചോര്‍ച്ച തടയല്‍; നീറ്റ്-യുജി പരീക്ഷ ജെഇഇ മാതൃകയിലേക്കെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ലക്ഷ്യം ചോദ്യപേപ്പര്‍ ചോര്‍ച്ച തടയല്‍; നീറ്റ്-യുജി പരീക്ഷ ജെഇഇ മാതൃകയിലേക്കെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജി, ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മാതൃകയില്‍ രണ്ട് ഘട്ടങ്ങളായി നടത്താന്‍ ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പരീക്ഷാ രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

നീറ്റ് പരീക്ഷ എഴുത്ത് രീതിയില്‍ നിന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. ജെഇഇ മാതൃകയില്‍ ഒറ്റ ഘട്ടമായോ അല്ലെങ്കില്‍ രണ്ട് ഘട്ടങ്ങളായോ ഇത് നടത്തണമെന്ന കാര്യമാണ് പരിഗണനയിലുള്ളതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

സാങ്കേതിക വിദ്യ, സ്പേസ്, ഇന്റലിജന്‍സ്, വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് ഈ ഉന്നതതല സമിതിയില്‍ ഉള്ളത്. പരീക്ഷയുടെ സുരക്ഷ, സാങ്കേതിക വശങ്ങള്‍, എല്ലാവര്‍ക്കും ഒരുപോലെയുള്ള നീതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ സമിതി സമഗ്രമായി പരിശോധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്‍ടിഎ നടത്തുന്ന പ്രധാനപ്പെട്ട എട്ടില്‍ ഏഴ് പരീക്ഷകളും ഇപ്പോള്‍ മള്‍ട്ടി-സെഷന്‍, മള്‍ട്ടി-ഡേ ഷെഡ്യൂളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളാക്കി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.