മലയാളത്തിൽ ആദ്യം പിറന്നുവീണ സഞ്ചാര വിവരണ പുസ്തകം പാറേമ്മാക്കൽ തോമാക്കത്തനാർ എഴുതിയ "വർത്തമാന പുസ്തകം" ആണെന്ന വസ്തുത അധികമാരും അറിഞ്ഞെന്നുവരില്ല. അത് അംഗീകരിക്കുമ്പോഴും വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്ത അനുഭവം വിവരിക്കുന്ന യാത്രാവിവരണ സാഹിത്യങ്ങളുടെ രാജശില്പിയായിരുന്നു എസ് കെ പൊറ്റക്കാട്. സഞ്ചാരസാഹിത്യത്തിൽ തന്റേതായ വഴി വെട്ടിത്തുറന്ന പ്രതിഭ. അനുഭവങ്ങളെ പ്രണയിച്ച് അക്ഷരക്കൂട്ടുകൾക്ക് നിറം ചാർത്തിയ എസ് കെ പൊറ്റക്കാട് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് (06/08/2026) 44 വർഷം തികയുന്നു.
ആയിരത്തി തൊള്ളായിരത്തി പതിമൂന്നിൽ ഇംഗ്ലീഷ് അധ്യാപകനായ കുഞ്ഞിരാമൻ പൊറ്റക്കാടിന്റെ മകനായി ശങ്കരൻകുട്ടി കുഞ്ഞിരാമൻ എന്ന എസ് കെ പൊറ്റക്കാട് ജനിച്ചു. അമ്മ മുണ്ടയോട് ചാലിൽ കുട്ടൂലി. കോഴിക്കോട് ആയിരുന്നു അദ്ദേഹത്തിന്റെ ജന്മസ്ഥലം. ആയിരത്തി തൊള്ളായിരത്തി അമ്പതിൽ ജയവല്ലിയെ വിവാഹം ചെയ്തു. ഇവർക്ക് നാല് കുട്ടികളായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം മൂന്നുവർഷക്കാലത്തോളം അദ്ദേഹം തൊഴിൽരഹിതനായിരുന്നു.
ഏറെക്കാലം മലയാളം മാതൃഭൂമി ആഴ്ചപ്പതിലൂടെ കഥകൾ എഴുതിത്തുടങ്ങി. അവിടെ നിന്നാണ് എസ് കെ പൊറ്റക്കാട് പേരും പെരുമയുള്ള ഒരു എഴുത്തുകാരനായി രൂപപ്പെടുന്നത്. യാത്രകളെ സ്നേഹിച്ചിരുന്ന എസ് കെ പക്ഷേ ലോകത്തിലെ ഏതു നാട്ടിൽ പോകുന്നതിലും ശ്രേഷ്ഠമായി കരുതിയിരുന്നത് തന്റെ നാട്ടിലെ, ഒരുപാട് ജീവിതങ്ങൾ കെട്ട് പിണഞ്ഞു കിടക്കുന്ന മിഠായി തെരുവിൽ കൂടി കാൽനട യാത്ര ചെയ്യുന്നതാണ്.
നിരവധി യാത്രാവിവരണങ്ങളാലും ചെറുകഥകളാലും നോവലുകളാലും മലയാളഭാഷയെ സമ്പന്നമാക്കിയ സാഹിത്യകാരൻ ആണ് എസ് കെ. പ്രത്യേകിച്ച് തൂലികാനാമം ഒന്നുമില്ലെങ്കിലും സാഹിത്യലോകത്ത് എസ് കെ എന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിൽ 'ഒരു തെരുവിന്റെ കഥക്ക്' കേരള സാഹിത്യ അവാർഡ് ലഭിക്കുകയുണ്ടായി.
രാജ്യത്ത് എഴുത്തുകാർക്ക് കൊടുക്കുന്ന ഉന്നത ബഹുമതിയായ ജ്ഞാനപീഠം അവാർഡ് അദ്ദേഹത്തിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലിലൂടെ ആയിരത്തി തൊള്ളായിരത്തി എൺപതിൽ രാഷ്ട്രം എസ് കെ ക്ക് സമ്മാനിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ഇതേ നോവലിന് തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു. ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, ഇതിൽ ഏതാണ് ജനപ്രിയം എന്നത് വായനക്കാരുടെ യുക്തിക്കും അഭിരുചിക്കും മുന്നിൽ തുറന്നു വയ്ക്കുന്നു .
'അതിരാണിപ്പാടം' എന്ന ഗ്രാമത്തിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് എസ് കെ തന്റെ 'ഒരു ദേശത്തിന്റെ കഥ' നോവലിലൂടെ വിവരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു നോവൽ. ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടെയും സങ്കടങ്ങളും സന്തോഷങ്ങളും ചതിപ്രയോഗങ്ങളും എല്ലാം ഇതിൽ കൂടി അദ്ദേഹം വരച്ചു കാണിക്കുന്നു.
താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം എന്ന ഗ്രാമത്തിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ശ്രീധരന്റെ ഓർമ്മകളുമായാണ് ഈ നോവൽ തുടങ്ങുന്നത്. എസ് കെ പൊറ്റക്കാട് എന്ന സാഹിത്യ സഞ്ചാരിയിലെ മികവിന്റെ മിഴിവ് ഈ നോവലിൽ ഉടനീളം കാണാം.
അതിരാണിപ്പാടവും നാട്ടുകാരും സ്വന്തം നാടും നാട്ടുകാരുമായും നമ്മളും മാറുന്നതിൽ അത്ഭുതപ്പെടേണ്ട. വായിച്ചു തീരുമ്പോഴേക്കും നമ്മൾ മറ്റൊരു ശ്രീധരൻ ആയിമാറും. കഥകൾ സ്വന്തം അനുഭവമായി മാറുന്നത് അങ്ങനെയാണല്ലോ. ആ ദേശവും അവിടെ മണ്മറഞ്ഞവരും വായനക്കുശേഷം നമ്മളുടെ ഓർമയിലേക്ക് കയറിവരും ശ്രീധരൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ സാധാരണ ജീവിതങ്ങളിലേക്കുള്ള യാത്ര. അച്ഛൻ കൃഷ്ണൻമാസ്റ്ററും, കുളൂസ് പറങ്ങോടനും ശകുനിക്കമ്പൗണ്ടറും തുടങ്ങി, അതിരാണിപ്പാടാതെ ഓരോ പുൽക്കൊടിക്കും അടയാളം നൽകിയ കഥാപാത്രങ്ങൾ ഗംഭീരമായിരിക്കുന്നു.
അമ്മുക്കുട്ടിയും നാരായണിയും ശ്രീധരന്റെ മനസ്സിലെ നൊമ്പരത്തി പൂക്കളാണ്. കാറ്റിൽ പറന്നുപോയ കുട തിരികെയെടുത്ത് അമ്മുക്കുട്ടിക്ക് കൊടുക്കാൻ ശ്രമിച്ചപ്പോൾ കുടയുടെ വാരിയെല്ലുകൾ ഒടിഞ്ഞതുമൂലം ഉപയോഗശൂന്യമാണെന്ന് അറിഞ്ഞ ശ്രീധരൻ തന്റെ സ്വന്തം കുട കൊടുക്കുകയായിരുന്നു. ശ്രീധരനുവേണ്ടി എഴുതിവെച്ച പ്രണയ കവിതയായിരുന്നു വർഷങ്ങൾക്കുശേഷം പകരമായി അദ്ദേഹത്തിന് കിട്ടിയത്. അതാകട്ടെ ഒരുപാട് വൈകിപ്പോയി.
അവിടം കൊണ്ടും തീർന്നില്ല. ഒരു സിനിമയുടെ നായകനാകാൻ ഇരുമ്പൻ പോക്കർ, മിടുക്കുള്ള വെടിവാസു , ഒരു കൈ കൊണ്ട് വെട്ടി മുറിക്കാനും മറു കൈ കൊണ്ട് നട്ടു വളർത്താനും ശേഷിയുള്ള ഉണ്ണൂലിയമ്മ രോഗശയ്യയിൽ കിടന്നു ജീവിതത്തെ തത്വചിന്താപരമായ നോക്കി കാണുന്ന ഗോപാലൻ കൂടാതെ കിട്ടൻ റൈറ്റർ , കരിനാക്കൻ കുണ്ടു, കുഞ്ഞിക്കേളു മേലാൻ, പെരിക്കാലൻ അയ്യപ്പൻ, പട്ടാളത്തിൽ നിന്നും വിരമിച്ച പെയിന്റർ കുഞ്ഞപ്പു, ആധാരം ആണ്ടി, മീശക്കണാരൻ, ഞണ്ട് ഗോവിന്ദൻ, കരിനാക്കൻ കുണ്ടു തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ 'ഒരു ദേശത്തിന്റെ കഥ' വായിച്ചു കഴിയുമ്പോൾ ഏറെക്കാലം നമ്മുടെ മനസ്സിൽ മായാതെ കിടക്കും. കൂടാതെ അപ്പം തട്ടിക്കൊണ്ടു പോകുന്ന പരുന്തും ജയമോഹനൻ എന്ന പേരുള്ള ചെടിയുമടക്കം കഥാപാത്രങ്ങളായി മാറുന്ന മായാജാലം.
ജാതിയും മതവും വിവിധതരം തൊഴിലും ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. അതിരാണിപ്പാടത്തെ കഥാപാത്രങ്ങളെ വിവരിക്കുമ്പോൾ ശ്രദ്ധേയമായ ഒരു കാര്യം അവരുടെ മുഖത്തിന്റെയോ നിറത്തിന്റെയോ ഉയരത്തിന്റെയോ സ്വഭാവത്തിന്റെയോ എന്തിന് തൊഴിലിന്റെ പോലും നീണ്ട വർണ്ണനയായിരിക്കും. അതുപോലെ കോഴിക്കോടൻ ഭാഷയിലെ പല പ്രയോഗങ്ങളും വായനക്കാർക്ക് പഠിക്കാനാവും.
ഗ്രാമീണസൗന്ദര്യത്തിനു കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി വന്ന മാറ്റങ്ങൾക്കൊപ്പം സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും മലബാർ കലാപവുമൊക്കെ നാട്ടിൻപുറത്തെ ജീവിതങ്ങളിലുണ്ടാക്കിയ വ്യതിയാനങ്ങൾ പോലും സൂക്ഷ്മമായി അടയാളപ്പെടുത്താൻ എസ് കെ പൊറ്റെക്കാടിന്റെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
യാത്ര ചെയ്യുമ്പോൾ സ്വന്തം അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി എഴുതുന്ന ശൈലിയാണ് എസ് കെ പൊറ്റക്കാട് സ്വീകരിച്ചു പോന്നത്. അദ്ദേഹത്തിന്റെ കാൽനടയാത്രകളിൽ കൂടെയുള്ളവരുമായി സംസാരിച്ച് അവ ഡയറിയിൽ എഴുതിവെച്ച് തന്റെ പിന്നീടുള്ള കഥകളിൽ അവരെയും കഥാപാത്രങ്ങൾ ആക്കുന്ന ശൈലി പൊറ്റക്കാടിന് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ കൂടെ നടന്നു യാത്ര ചെയ്യുന്ന ഒരനുഭൂതി വായനക്കാർക്ക് ഉണ്ടാകുന്നു.
അച്ഛന്റെ മരണശേഷം അതിരാണിപ്പാടം വിട്ട് അമ്മയെ ഇലഞ്ഞിപ്പോയിലയിലേക്ക് മാറ്റി ശ്രീധരൻ ഒറ്റയ്ക്ക് ബോംബെക്ക് പോയി. അവിടെവച്ചാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിൽ മത്തായി മാഞ്ഞൂരാനുമായി സൗഹൃദത്തിൽ ആകുന്നതും അദ്ദേഹത്തിന്റെ സമര മുറകളിൽ പങ്കാളിയാവുന്നതും.
സാഹിത്യത്തിന് പുറമേ രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ആയിരത്തി തൊള്ളായിരത്തി അൻപത്തേഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും ആയിരം വോട്ടിന് പരാജയപ്പെട്ടു. എങ്കിലും തോറ്റു പിന്മാറാൻ തയ്യാറായില്ല എസ് കെ. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിൽ തലശ്ശേരിയിൽ നിന്നു തന്നെ അറുപത്തി ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
യാദൃശ്ചികം എന്ന് പറയട്ടെ അന്ന് പരാജയപ്പെടുത്തിയത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സുകുമാർ അഴീക്കോടിനെയായിരുന്നു. കോൺഗ്രസ് ടിക്കറ്റിലായിരുന്നു സുകുമാർ അഴീക്കോട് മത്സരിച്ചത്. വോട്ടർമാരെ ചിന്താ കുഴപ്പത്തിലാക്കിയ രണ്ട് അക്ഷരജ്ഞാനികൾ തമ്മിലുള്ള മത്സരത്തിൽ പൊറ്റക്കാടിനെ വിജയിപ്പിക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച രണ്ടു പ്രമുഖ സുഹൃത്തുക്കളായിരുന്നു വയലാർ രാമവർമ്മയും എം ടി വാസുദേവൻ നായരും.
രാജനീതി എന്ന ചെറുകഥയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രകാശനം ചെയ്ത രചന. അത് രചിച്ചതാകട്ടെ അദ്ദേഹത്തിന്റെ പതിനഞ്ചാം വയസ്സിലും. ഇരുപത്തി എട്ടാം വയസ്സിൽ നാടൻ പ്രേമം എന്ന പേരിൽ ആദ്യ നോവൽ രചിച്ചു. അധികം വൈകാതെ രണ്ടാമത്തെ നോവലായ വിഷകന്യക പ്രസിദ്ധീകരിച്ചു. ഈ നോവലിന് മദ്രാസ് സർക്കാരിന്റെ പ്രത്യേക സാഹിത്യ പുരസ്കാരവും ലഭിക്കുകയുണ്ടായി.
ഇങ്ങനെ തന്റെ സാഹിത്യലോകം കെട്ടിപ്പിടിക്കുന്നതിനിടയിൽ കാശ്മീരിലേക്ക് ഒരു യാത്രയും പിന്നീട് ഏതാണ്ട് രണ്ട് വർഷത്തോളം കാലം ആഫ്രിക്കയിലും യൂറോപ്പിലുമായി സന്ദർശത്തിനും പോയി. കിട്ടിയ സൗകര്യങ്ങളിലൊക്കെ തൃപ്തനായി അവിടെ കഴിഞ്ഞ്, താൻ കണ്ട കാഴ്ചകളും അനുഭവങ്ങളും അവിസ്മരണീയങ്ങളായി കോറിയിട്ട് പുസ്തകരൂപത്തിലാക്കി മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തതാണ് 'കാപ്പിരികളുടെ നാട്ടിൽ' 'ഇന്നത്തെ യൂറോപ്പ്'എന്നീ രണ്ട് സാഹിത്യ രചനകൾ. വിദേശ നാടുകളിൽ യാത്രയ്ക്ക് പോകുമ്പോൾ കാര്യമായ മുന്നൊരുക്കങ്ങൾ ഒന്നും അദ്ദേഹത്തിന് പതിവില്ല. സാഹസിക യാത്രകളായിരുന്നു അവയെല്ലാം എന്ന് പറയുന്നതിൽ തെറ്റില്ല.
എസ് കെ പൊറ്റക്കാടിന്റെ ലാളിത്യത്തെപ്പറ്റി വി കെ കൃഷ്ണമേനോൻ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. ഹൈക്കമ്മീഷണർ ആയിരുന്ന കാലത്ത് വി കെ കൃഷ്ണ മേനോനെ ചെന്ന് കണ്ട് രണ്ടു നിവേദനങ്ങൾ എസ് കെ പൊറ്റക്കാട് കൊടുക്കുകയുണ്ടായി. ഹൈക്കമ്മീഷണർ എന്ന അധികാരം ഉപയോഗിച്ച് തന്റെ യാത്രയ്ക്ക് ഏറ്റവും ചിലവ് കുറഞ്ഞ സംവിധാനം ഏർപ്പെടുത്തി തരണമെന്നും മറ്റൊന്ന് യാത്രയ്ക്ക് കാശു പോരാതെ വന്നാൽ കുറച്ചു രൂപ തന്നു സഹായിക്കണമെന്നും, തിരിച്ചു നാട്ടിൽ വരുമ്പോൾ അത് തന്നു വീട്ടി ക്കൊള്ളാമെന്നുമായിരുന്നു.
മലയാളഭാഷയുടെ സംസ്കാരവുമായി വിദേശത്തേക്ക് തീർത്ഥാടനം ചെയ്യുന്ന പ്രശസ്ത സാഹിത്യകാരന്റെ ലളിതമായ ആവശ്യങ്ങൾ കേട്ട് വിസ്മയം കൊണ്ടും ആദരവ് കൊണ്ടും തന്റെ ശിരസ് കുനിച്ചു പോയി എന്നാണ് ആ പുസ്തകത്തിൽ കൃഷ്ണ മേനോൻ എഴുതിയിരിക്കുന്നത്. പൊറ്റക്കാടിന്റെ മരണശേഷം എം ടി വാസുദേവൻ നായർ അദ്ദേഹത്തെ പ്പറ്റി പറഞ്ഞത്, കഥയെഴുതാനായി ജനിച്ചവൻ എന്നാണ്.
'എന്റെ വഴിയമ്പലങ്ങൾ', 'സംസാരിക്കുന്ന ഡയറിക്കുറിപ്പുകൾ' എന്നീ പേരുകളിൽ എസ് കെ തന്റെ ആത്മകഥ രചിച്ചിട്ടുണ്ട്. മനുഷ്യൻ ജനിക്കുമ്പോൾ മുതൽ മരണം വരെ യാത്രകളാണ്. ഈ യാത്രകളിൽ പല സ്ഥലങ്ങളിലും ഇറങ്ങേണ്ടി വരും സന്ദർശിക്കേണ്ടിവരും വിശ്രമിക്കേണ്ടി വരും. ഇത്തരം താവളങ്ങളെയാണ് വഴിയമ്പലങ്ങൾ ആയി എസ് കെ ചിത്രീകരിക്കുന്നത്. കഥകളും നോവലുകളും യാത്രാവിവരണങ്ങളും ഉൾപ്പെടെ അദ്ദേഹം 60 ഓളം പുസ്തകങ്ങളുടെ രചയിതാവാണ്.
ഒരു ദേശത്തിന്റെ കഥ എന്ന ആത്മകഥാ നോവൽ ഇനിയും വായിച്ചിട്ടില്ലാത്തവർ വായിക്കുന്നത് വായനക്കാരനു മുതൽക്കൂട്ടായിരിക്കുമെന്നതിൽ തർക്കമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.