കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവ മിഷണറിമാർക്കും സ്ഥാപനങ്ങൾക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളും ഭീഷണികളും തുടരുന്നു. ഓഗസ്റ്റ് ഒന്നിന് നസാത്തിലെ സെന്റ് ക്ലാരറ്റ്സ് 'ക്ലാരറ്റ് പ്രേമലോയ്' (സ്നേഹഭവനം) എന്ന സ്ഥാപനത്തിൽ ഇരച്ചെത്തിയ സംഘം, പ്രദേശം വിട്ടുപോകാൻ വൈദികന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി.
കാവി വസ്ത്രം ധരിച്ച ഒരാളുടെ നേതൃത്വത്തിലാണ് അക്രമികൾ എത്തിയതെന്ന് സ്ഥാപനത്തിന്റെ ചുമതലയുള്ള ഫാ. അനുജ് ഹെംബ്രോം പറഞ്ഞു. "അമേരിക്കയിലേക്കോ ന്യൂസിലൻഡിലേക്കോ പോകൂ" എന്ന് ആക്രോശിച്ചുകൊണ്ട് എത്തിയ സംഘം പ്രദേശം വിട്ടുപോയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഞങ്ങൾ എന്തിനാണ് ഇവിടെയുള്ളതെന്ന് ചോദ്യം ചെയ്ത അവർ സ്ഥലം വിട്ടില്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ തിരിച്ചുവന്ന് മിഷൻ കെട്ടിടം പുറത്തുനിന്ന് പൂട്ടിയിടുമെന്നും മുന്നറിയിപ്പ് നൽകി.
കൈവശം ആയുധങ്ങൾ ഇല്ലായിരുന്നെങ്കിലും, മടങ്ങുന്നതിന് മുൻപ് സ്ഥാപനത്തിന്റെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ സംഘം പകർത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരം നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നിസംഗതയാണ് ഉണ്ടായത്. അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചെങ്കിലും ആദ്യ മണിക്കൂറുകളിൽ വൈദികനെയും ആരാധനാലയത്തെയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. എന്നാൽ സംസ്ഥാനത്തെ പ്രധാന ക്രിസ്ത്യൻ സംഘടനകൾ ഇടപെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാളിൽ ക്രൈസ്തവരെയും വൈദികരെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ സുഭാഷ്ഗ്രാമിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം 'ഹിന്ദു ജാഗരൺ മഞ്ച്' പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. കുരിശ് തകർക്കുമ്പോൾ താഴെ നിന്നു തീവ്ര ഹിന്ദുത്വവാദികൾ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് ക്രൈസ്തവ മിഷൻ കേന്ദ്രത്തിന് നേരെ വീണ്ടും ഭീഷണി ഉണ്ടായിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിനും മിഷണറി പ്രവർത്തനങ്ങൾക്കും എതിരെ വർദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങളിൽ വിശ്വാസികളും സഭാ നേതൃത്വവും കടുത്ത ആശങ്ക രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.