ഇന്ധന സുരക്ഷയ്ക്ക് പുതിയ നീക്കം: എല്‍.പി.ജി, എല്‍.എന്‍.ജി കരുതല്‍ ശേഖരത്തിനായി കേന്ദ്ര സര്‍ക്കാര്‍; പാചക വാതകത്തിന് വില ഉയര്‍ന്നേക്കും

ഇന്ധന സുരക്ഷയ്ക്ക് പുതിയ നീക്കം: എല്‍.പി.ജി, എല്‍.എന്‍.ജി കരുതല്‍ ശേഖരത്തിനായി കേന്ദ്ര സര്‍ക്കാര്‍; പാചക വാതകത്തിന് വില ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഇന്ധന വിതരണ തടസങ്ങളെ നേരിടാന്‍ രാജ്യത്ത് ആദ്യമായി പാചകവാതകത്തിന്റെ (എല്‍.പി.ജി)യും പ്രകൃതിവാതകത്തിന്റെ (എല്‍.എന്‍.ജി)യും തന്ത്രപരമായ കരുതല്‍ ശേഖരം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ വന്‍കിട പദ്ധതിക്ക് തുക കണ്ടെത്തുന്നതിന് ഉപയോക്താക്കളില്‍ നിന്ന് പ്രത്യേക സെസ് ഈടാക്കാന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

തന്ത്രപരമായ ഇന്ധന കരുതല്‍ ശേഖര പദ്ധതിക്കായി ഏകദേശം 42 ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതി തുക സംഭരണത്തിനായുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ബാക്കി തുക ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതിനുമാണ് ഉപയോഗിക്കുക. നിലവില്‍ അസംസ്‌കൃത എണ്ണ മാത്രമാണ് ഇന്ത്യ തന്ത്രപരമായി സംഭരിച്ചു വെക്കുന്നത്. എന്നാല്‍ പുതിയ പദ്ധതിയോടെ രണ്ട് മാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എല്‍.എന്‍.ജി സംഭരണവും ആറ് ആഴ്ചത്തെ ആവശ്യത്തിനുള്ള എല്‍.പി.ജി സംഭരണവും തയ്യാറാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംഭരണ ശൃംഖല നിര്‍മിക്കുന്നതിനായുള്ള തുക കണ്ടെത്താന്‍ എല്‍.പി.ജി കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യൂബിക് മീറ്ററിന് 1.43 രൂപയും വീതം സെസ് ചുമത്താനാണ് മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഈ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറ ഒന്നിന് 18 രൂപയിലധികം വില വര്‍ധിക്കുകയും ബില്ലുകളില്‍ ശരാശരി രണ്ട് ശതമാനത്തോളം വര്‍ധനവുണ്ടാകുകയും ചെയ്യും. ഇത്തരത്തിലുള്ള സെസിലൂടെ വര്‍ഷത്തില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സെസ് ശേഖരണത്തിന്റെ അന്തിമ രീതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അസംസ്‌കൃത എണ്ണ സംഭരണത്തിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ തന്നെ നേരിട്ട് നല്‍കുന്നത് തുടരും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 28 ദശലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍, ഒന്‍പത് ദശലക്ഷം ടണ്‍ എല്‍.എന്‍.ജി, നാല് ദശലക്ഷം ടണ്‍ എല്‍.പി.ജി എന്നിവയുടെ അധിക സംഭരണം രാജ്യത്ത് സജ്ജമാക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 90 ശതമാനത്തോളവും വിദേശ രാജ്യങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. അതിനാല്‍ മധ്യപൂര്‍വേഷ്യയിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വിതരണ തടസത്തിനും ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നതിനും കാരണമാകുന്നുണ്ട്.

നിലവില്‍ ഈ നിര്‍ദേശം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഗാര്‍ഹിക പാചകവാതക വില വര്‍ധിക്കുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. എങ്കിലും ഭാവിയിലുണ്ടാകാവുന്ന വന്‍ ഊര്‍ജ പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് അധികൃതരുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.