നൈജീരിയയില്‍ സായുധസംഘം വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടുപോയി; സ്‌കൂളില്‍നിന്ന് കടത്തിയത് നൂറിലധികം വിദ്യാര്‍ഥികളെ

നൈജീരിയയില്‍ സായുധസംഘം വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടുപോയി; സ്‌കൂളില്‍നിന്ന് കടത്തിയത് നൂറിലധികം വിദ്യാര്‍ഥികളെ

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വീണ്ടും സായുധസംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയി. മധ്യ നൈജീരിയന്‍ സംസ്ഥാനമായ നൈജറിലെ ഇസ്ലാമിക സ്‌കൂളില്‍നിന്നാണ് തോക്കുധാരികളായ സംഘം നൂറിലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. തെജീന നഗരത്തിലെ സാലിഹു ടാങ്കോ ഇസ്ലാമിക സ്‌കൂളില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഏപ്രില്‍ 20-ന് നൈജീരിയയിലെ ഒരു യൂണിവേഴ്സിറ്റിയിലെ 14 വിദ്യാര്‍ത്ഥികളെ 40 ദിവസം തടവിലാക്കി മോചിപ്പിച്ചതിനു പിന്നാലെയാണ് നൈജറിലെ സംഭവം.

മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ സ്‌കൂളിനു നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നൂറിലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നു പോലീസ് മേധാവി ആദം ഉസ്മാന്‍ പറഞ്ഞു. ഇതില്‍ നാലു മുതല്‍ 12 വയസു വരെയുള്ള 11 കുട്ടികളെ വിട്ടയച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളുടെ എണ്ണം കൃത്യമായി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇരുന്നൂറിലധികം വിദ്യാര്‍ഥികളാണ് സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നത്. കുട്ടികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

നൈജീരിയയില്‍ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ സാധാരണ ജനങ്ങളുടെ ഉറക്കംകെടുത്തിയിട്ട് വര്‍ഷങ്ങളായി. സായുധ സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയും ഗ്രാമങ്ങള്‍ കൊള്ളയടിച്ചും ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. 2014 ഏപ്രിലിലാണ് ബോക്കോ ഹറാം തീവ്രവാദികള്‍ ഒരു സ്‌കൂള്‍ ആക്രമിച്ച് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ പലരും ബലാത്സംഗത്തിനിരയാവുകയും ഭീകരരുടെ ലൈംഗിക അടിമകള്‍ ആക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2020 ഡിസംബര്‍ മുതല്‍ 730 കുട്ടികളെയാണ് രാജ്യത്ത് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച്ച നടന്ന ആക്രമണത്തിനു മുന്‍പുള്ള കണക്കാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.