ഓസ്‌ട്രേലിയയില്‍ എലിശല്യം രൂക്ഷം; എലിവിഷം ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു

ഓസ്‌ട്രേലിയയില്‍ എലിശല്യം രൂക്ഷം; എലിവിഷം ഇന്ത്യയില്‍നിന്ന് ഇറക്കുമതി  ചെയ്യാനൊരുങ്ങുന്നു

സിഡ്‌നി: എലിശല്യം കാരണം പൊറുതിമുട്ടിയ ഓസ്‌ട്രേലിയ ഇന്ത്യയില്‍നിന്ന് എലിവിഷം വാങ്ങാനൊരുങ്ങുന്നു. കാര്‍ഷിക മേഖലയില്‍ അടക്കം വന്‍ പ്രതിസന്ധിയാണ് എലിശല്യം മൂലം ഓസ്‌ട്രേലിയയിലെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്നത്. എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബ്രോമാഡിയോലോണ്‍ എന്ന വിഷം 5000 ലിറ്ററാണ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

എലികളെ നശിപ്പിക്കാന്‍ സകല മാര്‍ഗവും പയറ്റിയ ശേഷമാണ് ഓസ്‌ട്രേലിയയില്‍ നിരോധിച്ചിട്ടുള്ള വിഷം ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം ബ്രോമാഡിയോലോണ്‍ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയയുടെ ഫെഡറല്‍ സര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറക്കുമതി തീരുമാനത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. മറ്റു ജീവികളുടെ സുരക്ഷിതത്വവും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കോവിഡിനൊപ്പം പ്ലേഗ് ഭീതിയും പരത്തിയാണ് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് എലികള്‍ പെരുകുന്നത്. ഇതുസംബന്ധിച്ച് കര്‍ഷകര്‍ പങ്കുവച്ച വീഡിയോകളും ചിത്രങ്ങളും വൈറലാകുകയും രാജ്യത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ആശുപത്രികളിലും സ്‌കൂളുകളിലും ഹോട്ടലുകളിലും എലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുകൂടാതെ പലയിടത്തും പാടങ്ങളില്‍ എലികള്‍ക്ക് തീയിടുന്ന അവസ്ഥയുണ്ടായി. വീടുകളുടെ പരിസരങ്ങളിലും കാര്‍ഷിക വിളകള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളിലും ആയിരക്കണക്കിന് എലികളാണ് ഓടി നടക്കുന്നത്. മേല്‍ക്കൂരയില്‍നിന്നും മറ്റും എലികള്‍ കൂട്ടമായി താഴേക്ക് വീഴുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത്രയും രൂക്ഷമായ എലിശല്യം ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു.

കര്‍ഷകര്‍ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന കൃഷിമന്ത്രി ആദം മാര്‍ഷല്‍ പറഞ്ഞു. 775 ദശലക്ഷം ഡോളറിന്റെ കാര്‍ഷിക വിളകളാണ് എലികള്‍ നശിപ്പിച്ചതെന്ന് സംസ്ഥാനത്തെ കര്‍ഷക സംഘടന പറയുന്നു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നത് ഉള്‍പ്പെടെ കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു. എലികളെ നശിപ്പിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാമെന്നു കൃഷമന്ത്രി പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ തൃപ്തരായിരുന്നില്ല.

50 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയ്ക്കു പിന്നാലെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓസ്ട്രേലിയയില്‍ കനത്തമഴയും പെയ്തിരുന്നു. ഇതോടെ രാജ്യത്ത് ധാന്യങ്ങള്‍ വലിയതോതില്‍ കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു. ഇത് എലികള്‍ക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നതിന് കാരണമായി. ഹ്രസ്വമായ പ്രജനനകാലവും ഭക്ഷ്യധാന്യങ്ങള്‍ ധാരാളമായി ലഭിച്ചതുമാകാം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എലികള്‍ പെറ്റുപെരുകാന്‍ കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.