രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; 11 പേര്‍ ചികിത്സയില്‍

 രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; 11 പേര്‍ ചികിത്സയില്‍

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരിക്കും രാമനാട്ടുകരയിലെ 30 വയസുള്ള സ്ത്രീക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.

സംസ്ഥാനത്ത് നിലവില്‍ പതിനൊന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം വണ്ടൂര്‍ സ്വദേശിനി രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗം പിടിപെട്ട താമരശേരി സ്വദേശിയായ ഏഴ് വയസുകാരന്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം വര്‍ധിച്ച സാഹചര്യത്തില്‍, രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ക്ലോറിനേഷന്‍ നടപടികളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്. ശുചീകരിക്കാത്ത വെള്ളത്തില്‍ നീന്തുകയോ മുങ്ങി കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണുക്കള്‍ തലച്ചോറില്‍ കൂടുതലായും എത്തുന്നത്.

നിലവില്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് എതിരെ ജാഗ്രതാ നിര്‍ദേശമുണ്ട്. രോഗത്തെ നേരിടാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.