ജെറുസലേം: ഗോലിയാത്തിന്റെ ജന്മദേശമായി ബൈബിളില്‍ പറയുന്ന ഇസ്രായേലിലെ ഗത്തില്‍നിന്നു പഴയനിയമ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അസ്ഥി കൊണ്ടു നിര്‍മ്മിച്ച അമ്പുമുന ഗവേഷകര്‍ കണ്ടെത്തി. ടെല്‍ എസ്-സാഫി എന്നും അറിയപ്പെടുന്ന ഗത്ത് ഫിലിസ്തീയരുടെ നഗരമായിരുന്നെന്നും, ദാവീദ് രാജാവിനാല്‍ കൊല്ലപ്പെട്ട ഗോലിയാത്തിന്റെ ജന്മദേശമായിരുന്നെന്നുമാണ് ഹീബ്രു ബൈബിള്‍ വിവരണത്തില്‍ പറയുന്നത്.
2019-ലാണ് ഗത്തിന് സമീപമുള്ള തെരുവില്‍നിന്ന് അഗ്രഭാഗത്ത് പൊട്ടലോടു കൂടിയ ഈ അമ്പുമുന കണ്ടെത്തിയതെങ്കിലും, 'നിയര്‍ ഈസ്റ്റേണ്‍ ആര്‍ക്കിയോളജി' എന്ന ജേര്‍ണലില്‍ ഇതു സംബന്ധിച്ച പ്രബന്ധം അടുത്തിടെ ഗവേഷകര്‍ പ്രസിദ്ധീകരിച്ചതോടെയാണ് വാര്‍ത്ത വീണ്ടും മാധ്യമ ശ്രദ്ധനേടുന്നത്.
ഹസായേല്‍ രാജാവിന്റെ ഉപരോധത്തില്‍നിന്ന് ഗത്തിനെ രക്ഷിക്കാനായി നഗര കാവല്‍ക്കാര്‍ എയ്ത അമ്പായിരിക്കണം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. ഇത് അരാമി സൈന്യത്തിന്റേതാകാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. നഗര സംരക്ഷണാര്‍ത്ഥം ഗാത്തിലെ പണിശാലയില്‍ തിരക്കിട്ട് നിര്‍മ്മിക്കപ്പെട്ട അമ്പുമുനകളിലൊന്നായിരിക്കാം ഇതെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്.
അമ്പുമുന കണ്ടെത്തിയിടത്തു നിന്നും 300 മീറ്റര്‍ അകലെയായി പണിശാലയുടെ അവശേഷിപ്പുകള്‍ 2006-ല്‍ കണ്ടെത്തിയ കാര്യവും പ്രബന്ധത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പണിശാലയുടെ അവശേഷിപ്പുകളില്‍ നിന്നും അമ്പു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ അസ്ഥികളും കണ്ടെടുത്തിട്ടുണ്ട്.
എളുപ്പത്തില്‍ നിര്‍മ്മിക്കാമെന്നതും, അസ്ഥികളുടെ ലഭ്യതയുമായിരിക്കാം അമ്പുനിര്‍മ്മാണത്തിന് അസ്ഥികള്‍ ഉപയോഗിച്ചതിന്റെ കാരണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ക്രിസ്തുവിന് മുന്‍പ് 842-800 കാലയളവില്‍ അരാം ഭരിച്ചിരുന്ന ഹസായേല്‍ രാജാവ് ഗാത്ത് ആക്രമിച്ച് കീഴടക്കിയെന്നും, അതിനുശേഷം ജെറുസലേമിലേക്ക് തിരിഞ്ഞെന്നുമാണ് ബൈബിളിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ പറയുന്നത്. ബി.സി ഒന്‍പതാം നൂറ്റാണ്ടിനു ശേഷം ഗാത്തില്‍ വന്‍ നാശമുണ്ടായതായി ഗാത്തില്‍ നടത്തിയ പുരാവസ്തു ഗവേഷണങ്ങളില്‍നിന്നും വ്യക്തമായിരുന്നു. വേനല്‍ക്കാലത്തോടെ ഗത്തിലെ ഉദ്ഘനനം പുനഃരാരംഭിക്കാനാണ് ഗവേഷകരുടെ പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.