ടിയാനന്‍മെന്‍ വാര്‍ഷികദിനത്തില്‍ എലിസബത്ത് രാജ്ഞി മരിച്ചതായി ചൈനീസ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം

ടിയാനന്‍മെന്‍ വാര്‍ഷികദിനത്തില്‍ എലിസബത്ത് രാജ്ഞി മരിച്ചതായി ചൈനീസ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം

ലണ്ടന്‍: ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ വാര്‍ഷിക ദിനത്തില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മരിച്ചതായി ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ടിയാനന്‍മെന്‍ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായവരുടെ സ്മരണാര്‍ഥം ചൈനയിലെ യു.കെ എംബസി സമൂഹ മാധ്യമത്തില്‍ മെഴുകുതിരിയുടെ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ എലിസബത്ത് രാജ്ഞി മരിച്ചതായി വ്യാജപ്രചാരണം നടത്തിയത്.

1989-ല്‍ നടന്ന കൂട്ടക്കൊലയുടെ 32-ാം വാര്‍ഷിക ദിനമായ ജൂണ്‍ 4 ന് ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വരുന്നതിനെ സര്‍ക്കാര്‍ വിലക്കിയിരുന്നു. ചൈനയിലെ ട്വിറ്ററിനു സമാനമായ മാധ്യമമായ വീബോയില്‍ മെഴുകുതിരി, കേക്ക് തുടങ്ങിയ ഇമോജികള്‍ പോലും പ്രവര്‍ത്തനരഹിതമാക്കി.

1.8 ദശലക്ഷം ഫോളോവേഴ്സ് ഉള്ള വീബോയിലാണ് യു.കെ എംബസി വെള്ളിയാഴ്ച മെഴുകുതിരി ചിത്രം പോസ്റ്റ് ചെയ്തത്. കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണാര്‍ഥമായിരുന്നു ഇത്. എന്നാല്‍ ഇതിനൊപ്പം അടിക്കുറിപ്പോ മറ്റു വിവരണങ്ങളോ ഒന്നും ചേര്‍ത്തിരുന്നില്ല.

ഇതിനു പിന്നാലെയാണ് ചൈനീസ് ട്രോളര്‍മാര്‍ രാജ്ഞി മരിച്ചതായി വ്യാജ പ്രചാരണം നടത്തിയത്. 'രാജ്ഞി അസുഖം മൂലം മരിച്ചു', 'ആര്‍.ഐ.പി. ദ ക്വീന്‍', 'എലിസബത്ത് രാജ്ഞി 1926 - 2021' എന്നീ ഹാഷ്ടാഗുകളിലാണ് വ്യാജ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണുകള്‍ അടച്ച് വിളറിയ മുഖത്തോടെയുള്ള രാജ്ഞിയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റുകള്‍.

47 ദശലക്ഷത്തിലധികം ആളുകളാണ് വ്യാജ പോസ്റ്റുകള്‍ കണ്ടത്. നിരവധി പേരാണ് അനുശോചന സന്ദേശങ്ങളുമായി വന്നത്. രാജ്ഞിയുടെ 'മരണം' അസ്ട്രാസെനക്ക വാക്‌സിനുമായി ബന്ധപ്പെട്ടായിരിക്കാമെന്നാണ് ചില വിരുതന്മാരുടെ കണ്ടെത്തല്‍. മറ്റ് ചിലര്‍ രാജകുടുംബത്തിന് അനുശോചനം നേര്‍ന്നു. ചൈനീസ് ഭാഷയിലുള്ള വിക്കിപീഡിയയിലും ജൂണ്‍ 4 ന് രാജ്ഞി മരിച്ചതായി എഡിറ്റ് ചെയ്ത് ചേര്‍ത്തു.


എലിസബത്ത് രാജ്ഞി മരിച്ചതായി ചൈനീസ് സമൂഹ മാധ്യമത്തില്‍ വന്ന പോസ്റ്റ്

കൂട്ടക്കൊല സംബന്ധിച്ച അനുസ്മരണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണ് വ്യാജപ്രചാരണത്തിന്റെ ലക്ഷ്യമെന്നാണു കരുതുന്നത്.
അതേസമയം, എംബസിയുടെ മെഴുകുതിരി ചിത്രം വീബോയില്‍ പോസ്റ്റ് ചെയ്ത് 20 മിനിറ്റിനുശേഷം സെന്‍സര്‍ ചെയ്തതായി ചൈനയിലെ യുകെ ഡെപ്യൂട്ടി ഹെഡ് ക്രിസ്റ്റീന സ്‌കോട്ടിന്റെ ട്വീറ്റില്‍ പറയുന്നു.

രാജ്ഞിയുടെ മരണത്തെക്കുറിച്ചുള്ള തമാശകള്‍ എംബസിയുടെ പ്രകോപനപരമായ പോസ്റ്റിനുള്ള മറുപടിയാണെന്നു ഗ്ലോബല്‍ ടൈംസ് എന്ന ചൈനീസ് ടാബ്ലോയിഡിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന്‍ പറഞ്ഞു.

1989-ല്‍ ചൈനയില്‍ അഴിമതിക്കെതിരെയും ജനാധിപത്യത്തിന് അനുകുലമായും ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടത് തോക്കുകളും ടാങ്കുകളും ഉപയോഗിച്ചായിരുന്നു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുപോലും ലഭ്യമല്ല. 36 സര്‍വകലാശാല വിദ്യാര്‍ഥികളും സൈനികരും ഉള്‍പ്പെടെ 300 പേര്‍ മരിച്ചെന്നു ചൈന പറയുമ്പോള്‍ മരിച്ചവര്‍ 10,000 ത്തിലേറെ വരുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.