ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ദിനോസറിനെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍. ഭൂമിയില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിപ്പമേറിയ 15 ദിനോസര്‍ വര്‍ഗങ്ങളില്‍ ഒന്നായ ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് വിഭാഗത്തില്‍പെട്ട ദിനോസറിനെയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഭീമാകാരനായ ഈ ദിനോസറിന് ആറര മീറ്റര്‍ ഉയരവും 25 മുതല്‍ 30 മീറ്റര്‍ വരെ നീളവുമുണ്ടെന്നു കണക്കാക്കപ്പെടുന്നു. രണ്ട് നില ഉയരവും ഒരു ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പവും വരും ഈ ഭീമന്‍ ദിനോസറിന്.
ക്വീന്‍സ് ലാന്‍ഡില്‍ 2006-ല്‍ കണ്ടെത്തിയ അസ്ഥികള്‍ 15 വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനു വിധേയമാക്കിയാണ്, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദിനോസറിന്റെ അസ്ഥിയാണെന്നു കണ്ടെത്തിയത്. വലിപ്പമേറിയ ശരീരവും നീളം കൂടിയ കഴുത്തും വാലുമുള്ള സൗരോപോഡ് വിഭാഗത്തില്‍പെട്ട ഭീമാകാരനായ ദിനോസറിന്റേതാണ് അസ്ഥികള്‍ എന്ന് എറോമംഗ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ദിനോസറുകളില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഈ ഭീമന്‍ ദിനോസറും ഉള്‍പ്പെടുമെന്നാണ് ഗവേഷകരുടെ നിഗമനം.
ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ എറോമംഗയിലെ കൂപ്പര്‍ ക്രീക്ക് നദിക്കു സമീപമാണ് അസ്ഥികള്‍ കണ്ടെടുത്തത്. ക്വീന്‍സ് ലാന്‍ഡ് മ്യൂസിയത്തില്‍നിന്നും എറോമംഗ മ്യൂസിയത്തില്‍നിന്നുമുള്ള, പുരാതന ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന പാലിയന്റോളജിസ്റ്റുകളാണ് അസ്ഥികള്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും വലിയ ദിനോസറിന്റേതാണെന്നു തിരിച്ചറിഞ്ഞത്.
2006-ല്‍ അസ്ഥികള്‍ ലഭിച്ചപ്പോള്‍ ഇത്രയും വലിയ ദിനോസറിന്റേതാണെന്നു തിരിച്ചറിഞ്ഞില്ലെന്നു എറോമാംഗ മ്യൂസിയം നടത്തുന്ന പാലിയന്റോളജിസ്റ്റ് എംഎസ് മക്കെന്‍സി പറഞ്ഞു. ഭാരം നിര്‍ണയിക്കുന്നത് എളുപ്പമല്ലെങ്കിലും 50 ടണ്ണിനും 70 ടണ്ണിനും ഇടയില്‍ ഭാരം ഉണ്ടെന്നും ഭാരം കൂടിയ ദിനോസറുകളുടെ പട്ടികയില്‍ ഇത് ഇടംപിടിക്കുമെന്നും ശാസ്ത്രജ്ഞരുടെ സംഘത്തിലെ ഡോ. ഹോക്‌നുല്‍ പറഞ്ഞു.
മുന്‍പ് ക്വീന്‍സ്ലന്‍ഡിലെ വിന്റണിനു സമീപം കണ്ടെത്തിയ മറ്റ് മൂന്ന് സൗരോപോഡ് ഇനങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദിനോസര്‍. വിശാലമായ ഇടുപ്പുള്ള ഈ ദിനോസര്‍ മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വലുതാണ്. ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഓസ്‌ട്രേലിയയില്‍ 92 ദശലക്ഷം മുതല്‍ 96 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്.
പുതിയ കണ്ടെത്തല്‍ എറോമംഗ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലേക്കു വിദേശത്തുനിന്നുള്ള ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.