നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്റ്റിംഗ് ഓപ്പറേഷന്‍; 200-ലധികം ക്രിമിനലുകളെ കുടുക്കിയ ഓസ്‌ട്രേലിയന്‍ പോലീസിന്റെ മികവിന് കൈയടി

നൂറ്റാണ്ടിലെ ഏറ്റവും വലിയ  സ്റ്റിംഗ്  ഓപ്പറേഷന്‍; 200-ലധികം ക്രിമിനലുകളെ കുടുക്കിയ ഓസ്‌ട്രേലിയന്‍ പോലീസിന്റെ മികവിന് കൈയടി

സിഡ്‌നി: അത്യപൂര്‍വമായ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പോലീസ്. 'ഓപ്പറേഷന്‍ അയണ്‍ സൈഡ്' എന്നു പേരിട്ട രാജ്യാന്തര അന്വേഷണത്തില്‍ 200 ലധികം കൊടും കുറ്റവാളികളാണ് പോലീസിന്റെ വലയിലായത്. കുറ്റവാളികളെ അതിവിദഗ്ധമായി കബളിപ്പിച്ചുകൊണ്ടുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ ഓസ്‌ട്രേലിയന്‍ പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ അനേഷണ ഏജന്‍സികള്‍ പോലും വിസ്മയത്തോടെയാണ് ഈ മികവിനെ നോക്കിക്കാണുന്നത്. ബുദ്ധിയും ശക്തിയും ഒരുപോലെ സമന്വയിച്ച അന്വേഷണത്തില്‍ നിര്‍ണായമായത് അധിമാരും അറിയാത്ത ഒരു സാങ്കേതിക വിദ്യയുടെ ഉപയോഗമാണ്.

ഓസ്‌ട്രേലിയയില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി വര്‍ധിക്കുകയും രാജ്യാന്തര തലത്തില്‍ നിഗൂഢമായി പ്രവര്‍ത്തിക്കുന്ന ഇത്തരം കുറ്റവാളികളെ പിടികൂടാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് അന്വേഷണത്തിനായി പോലീസ് വേറിട്ട വഴികള്‍ ആലോചിക്കുന്നത്.

രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും ബൈക്കില്‍ സഞ്ചരിച്ചുള്ള കുറ്റകൃത്യങ്ങളും, കഞ്ചാവ്, കള്ളപ്പണ മാഫിയയുടെ ശല്യവും വര്‍ധിച്ചതോടെ മൂന്നു വര്‍ഷം മുന്‍പാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും (എ.എഫ്.പി) ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്.ബി.ഐ) സംയുക്തമായി 'ഓപ്പറേഷന്‍ അയണ്‍ സൈഡ്' എന്ന പേരില്‍ കുറ്റവാളികളെ പിടികൂടാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നത്.

അന്വേഷണം ഓസ്‌ട്രേലിയയില്‍ മാത്രം ഒതുങ്ങിനിന്നില്ല. അമേരിക്ക, യൂറോപ്പ് ജര്‍മനി അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഒരേസമയം റെയ്ഡുകളും അറസ്റ്റുകളും നടന്നു. സെലിബ്രിറ്റികള്‍, റിയാലിലി ഷോ താരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ അറസ്റ്റിലായി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ കുടുക്കാന്‍ പോലീസ് കൂട്ടുപിടിച്ചത് ഒരു മൊബൈല്‍ ആപ്ലിക്കേഷനെ. അനം എന്ന അധിമാര്‍ക്കും അറിയാത്ത ഈ സാങ്കേതിക വിദ്യയാണ് അധോലോക കുറ്റവാളികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

സിനിമാ തിരക്കഥകളെ വെല്ലുന്ന തരത്തിലായിരുന്നു പോലീസ് തയാറാക്കിയ തിരക്കഥ. പോലീസ് വികസിപ്പിച്ചെടുത്ത, എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്ന അനം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ക്രിമിനലുകളെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് അറസ്റ്റുകള്‍ നടത്തിയത്. കരിഞ്ചന്തയില്‍ വിറ്റഴിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷന്‍ അതീവ രഹസ്യമായി ഘടിപ്പിച്ചായിരുന്നു ഓപ്പറേഷന്‍. ലോകമെമ്പാടുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ കൈമാറിയ 25 ദശലക്ഷം സന്ദേശങ്ങളാണ് തത്സമയം ചോര്‍ത്താന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, വന്‍തോതിലുള്ള മയക്കുമരുന്ന് ഇറക്കുമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ആസൂത്രണം ചെയ്തതായി പോലീസ് കണ്ടെത്തി. സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണ് എ.എഫ്.പി പ്രതികളെ പിടികൂടിയത്.

മൂന്നു വര്‍ഷം മുന്‍പാണ് ഓപ്പറേഷന്‍ അയണ്‍സൈഡ് ആരംഭിച്ചത്. ഇന്നലെ രാത്രി മാത്രം ഓസ്ട്രേലിയയിലുടനീളം 300-ലധികം സ്ഥലങ്ങളിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം 35 പേര്‍ പിടിയിലായി. അത്യാധുനിക തോക്കുകള്‍, നിരോധിക്കപ്പെട്ട ലഹരി മരുന്നുകള്‍, ആഡംബര വാഹനങ്ങള്‍, കള്ളപ്പണം എന്നിവ വ്യാപകമായി പിടിച്ചെടുത്തു. യു.എസിലും യൂറോപ്പിലും ഒരേസമയം പരിശോധന നടന്നു. അമേരിക്ക, യുകെ, ജര്‍മ്മനി, ന്യൂസിലന്‍ഡ് എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളിലായി നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നാണു കരുതുന്നത്.

ഓപ്പറേഷനിലൂടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത 21 സ്ഥലങ്ങള്‍ കണ്ടെത്തിയതായും 3,000 കിലോഗ്രാമില്‍ കൂടുതല്‍ മയക്കുമരുന്നും 45 മില്യണ്‍ ഡോളറിലധികം വരുന്ന പണവും സ്വത്തുക്കളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. അപ്ലിക്കേഷനിലൂടെ കണ്ടെത്തിയ കുറ്റകൃത്യങ്ങളില്‍ പകുതിയും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തായിരുന്നു.

ഓസ്ട്രേലിയയില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഒരു കഫേയില്‍ ആസൂത്രണം ചെയ്ത വെടിവയ്പ്പ് തടയാന്‍ കഴിഞ്ഞതായി എഎഫ്പി അറിയിച്ചു. പ്രതികള്‍ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്ന അഞ്ചുപേരടങ്ങുന്ന കുടുംബത്തെയും രക്ഷിക്കാനായി.

4500 പോലീസ് ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. 525 കുറ്റകൃത്യങ്ങളിലായി 224 പേരെ അറസ്റ്റ് ചെയ്തു. 104 തോക്കുകള്‍ പിടിച്ചെടുത്തു. 33 രാജ്യങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍.

പോലീസിന്റെ ഈ നടപടി കുറ്റവാളികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഈ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണിത്. ഓസ്ട്രേലിയന്‍ നിയമ നിര്‍വ്വഹണ ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്നും മോറിസണ്‍ പറഞ്ഞു.

2019 നവംബര്‍ 8 നാണ് ഓപ്പറേഷനിന്റെ ഭാഗമായുള്ള ആദ്യ അറസ്റ്റ് നടന്നത്. ഓസ്ട്രേലിയയില്‍ 1,650 പേര്‍ ഉള്‍പ്പെടെ 11,000 ആളുകള്‍ ലോകമെമ്പാടും അനം ആപ്പുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.