സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കടലില്‍ സഞ്ചരിച്ച ബോട്ടിലേക്കു തിമിംഗലം എടുത്തുചാടി യാത്രക്കാരായ രണ്ടു പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനു നരുമയിലാണു സംഭവം.
രണ്ടാനച്ഛനും കൗമാരക്കാരനായ മകനും സഞ്ചരിച്ച ബോട്ടിലേക്കാണു പൊടുന്നനെ തിമിംഗലം എടുത്തുചാടിയത്. അപകടത്തില്‍ ബോട്ട് ഭാഗികമായി തകരുകയും ഇരുവര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ബോട്ടില്‍നിന്ന് തീരത്തുണ്ടായിരുന്ന ന്യൂ സൗത്ത് വെയില്‍സ് മറൈന്‍ റെസ്‌ക്യൂവിന് രാവിലെ അപകട സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ രണ്ടാനച്ഛനായ 39-കാരന്‍ തകര്‍ന്ന ബോട്ട് തീരത്തേക്ക് അടുപ്പിച്ചു. പാരാമെഡിക്കല്‍ സംഘം തീരത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അപകടത്തില്‍ തകര്‍ന്ന ബോട്ട്
തലയ്ക്ക് ഗുരുതര പരുക്കുകളും നട്ടെല്ലിന് ഒടിവും സംഭവിച്ച കൗമാരക്കാരനെ ഹെലികോപ്റ്ററില്‍ കാന്‍ബറ ആശുപത്രിയിലേക്കു മാറ്റി.
യുവാവിന്റെ നില അതീവ ഗുരുതരമാണ്. മുഖത്ത് മുറിവേറ്റ 39-കാരന്‍ മൊറൂയ ആശുപത്രിയില്‍ ചികിത്സ തേടി.
അപകടം അസാധാരണമാണെന്നാണ് അധികൃതര്‍ പറയുന്നത്. തിമിംഗലങ്ങള്‍ വളരെ ബുദ്ധിയുള്ള ജീവികളാണ്. അവയ്ക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് നന്നായി അറിയാം. വലിയ ബോട്ടുകളില്‍ തിമിംഗലങ്ങള്‍ തട്ടുന്ന സംഭവങ്ങള്‍ സാധാരണ ഉണ്ടാകാറുണ്ട്. എന്നാല്‍ ചെറിയ ബോട്ടിലേക്കു തിമിംഗലം ചാടിയ സംഭവം അത്യപൂര്‍വമാണെന്നു കടലില്‍ 40 വര്‍ഷത്തിലധികമായി ബോട്ട് ഓടിക്കുന്ന ജോണ്‍ മൂര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ന്യൂ സൗത്ത് വെയില്‍സ് മാരിടൈം അന്വേഷണം ആരംഭിച്ചു.
സിഡ്‌നിയില്‍ കടലില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ടിനരികില്‍ തിമിംഗലം ഉയര്‍ന്നുവന്നപ്പോള്‍ (ഫയല്‍ ചിത്രം).
ഹംപ്ബാക്ക് വെയ്ല്‍ എന്നറിയപ്പെടുന്ന കൂനന്‍ തിമിംഗലങ്ങള്‍ ഏറെയുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. എന്നാല്‍ തിമിംഗലത്തിന്റെ വലുപ്പം എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സംഭവത്തില്‍ തിമിംഗലത്തിനും പരുക്കേറ്റിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ നിഗമനം. കൂനന്‍ തിമിംഗലങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത് ബോട്ടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.