കൊച്ചി: പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തിലെ 6.30 നുള്ള പതിവ് ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ എല്ലാ ദിവസവും വരുന്ന ഒരു വി.ഐ.പിയുണ്ട്. പഴയ ദേവാലയത്തിന്റെ പടിഞ്ഞാറ് വശത്ത് മുന്‍ഭാഗത്തായി ഇദേഹമുണ്ടാകും. സാദാ മുണ്ടും ഷര്‍ട്ടും വേഷം.
കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വര്‍ത്തമാനം പറയാനെത്തുന്നവരോട് നിഷ്‌കളങ്കമായ പുഞ്ചിരിയോടെ പതിഞ്ഞ സ്വരത്തില്‍ മിത ഭാഷണം. അതെ, വി.ജെ കുര്യന് സംസാരത്തേക്കാള്‍ പ്രീയം പ്രവര്‍ത്തിയോടാണ്. അതുകൊണ്ടാണ് മലയാളികളുടെ സ്വപ്‌നം ചക്രവാളങ്ങള്‍ക്കപ്പുറം സുരക്ഷിതമായി ലാന്‍ഡു ചെയ്തത്.
ഇടപ്പള്ളി ഇടവകക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ഈ ഐഎഎസുകാരന്‍. മലയാളികളുടെ അഭിമാനവും. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന സിയാലിനെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുയര്‍ത്തിയ വിജയ ശില്‍പി സിയാലിന്റെ എംഡി സ്ഥാനത്ത് നിന്ന് ഇന്ന് പടിയിറങ്ങുകയാണ്.
ഒരു വര്‍ഷം മുമ്പ് വിമാനത്താവളത്തില്‍ അദേഹത്തിന്റെ മുറിയില്‍ സംസാരിച്ചിരിക്കേ കോവിഡ് സാഹചര്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര യാത്രക്കാരിലടക്കം ഉണ്ടായ കുറവുകളെക്കുറിച്ചുമൊക്കെ സംസാരിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വന്നാലും വിമാനത്താവളത്തിന്റെ വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ ചില ന്യൂതന പദ്ധതികളെപ്പറ്റിയും അദേഹം വിശദീകരിച്ചു. അതാണ് വി.ജെ കുര്യന്‍... കാലത്തിനും മുന്നേ പറന്ന അസാധാരണ കര്‍മ്മയോഗി.
യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അദേഹം നല്‍കിയ ഉത്തരമാണ് ശരിക്കും ഞെട്ടിച്ചത്. 'കഴിഞ്ഞ മുപ്പത് വര്‍ഷമായി ഞാന്‍ ദിവ്യബലി മുടക്കിയിട്ടില്ല. ഒരോ ദിവസവും അന്നന്നത്തെ കാര്യങ്ങള്‍ കര്‍ത്താവിനെ ഏല്‍പ്പിക്കും. എന്നിട്ടിങ്ങു പോരും. ഇന്നുവരെ ഒരു കുറവും വന്നിട്ടില്ല'. മലയാളികളുടെ കിനാവുകള്‍ക്ക് വര്‍ണച്ചിറകുകള്‍ നല്‍കി ഏഴാം കടലിനും മുകളിലൂടെ പറത്തിയ വി.ജെ കുര്യന്‍ എന്ന അത്ഭുത മനുഷ്യന്റെ യഥാര്‍ത്ഥ ശക്തി ദിവ്യകാരുണ്യവും ദിവ്യബലിയുമായിരുന്നു.
പല പ്രതിസന്ധി ഘട്ടങ്ങളിലും പുതുമയാര്‍ന്ന നിരവധി ആശയങ്ങള്‍ അവതരിപ്പിക്കുയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു എന്നതാണ് വി.ജെ കുര്യന്റെ വിജയം. അടിസ്ഥാന സൗകര്യ വികസനത്തില്‍ പൊതുജന പങ്കാളിത്തം, സൗരോര്‍ജ പദ്ധതി, വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീ മേഖലകളില്‍ സിയാല്‍ മുന്നോട്ടു വച്ച മാതൃകകള്‍ കുര്യനെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാക്കി. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന ഖ്യാതി സിയാലിന് ലഭ്യമായതിന് പിന്നിലെ ബുദ്ധി കേന്ദ്രം വി.ജെ കുര്യനായിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016-ല്‍ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവര്‍ഷം സിയാല്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സിയാലിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് ഘട്ടങ്ങളിലായി 19 വര്‍ഷം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കോര്‍ഡോടെയാണ് കുര്യന്‍ വിരമിക്കുന്നത്. 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കുര്യന്‍ പടിയിറങ്ങുന്നതോടെ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന് സിയാല്‍ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്.
പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണി കഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. അദേഹത്തിന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അംഗീകരിച്ചു. ഇതോടെ 1994 ല്‍ വിമാനത്താവള നിര്‍മാണത്തിനായി സിയാല്‍ എന്ന കമ്പനി രൂപവത്ക്കരിച്ചു. തുടര്‍ന്നുള്ള എല്‍.ഡി.എഫ് സര്‍ക്കാരും കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി.
1999 ല്‍ രാജ്യത്തെ ആദ്യത്തെ പി.പി.പി വിമാനത്താവളമായ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി. പിന്നീട്, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഈ മാതൃകയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊച്ചി വിമാനത്താവളം ഇപ്പോള്‍, നേരിട്ട് 12,000 ല്‍ അധികം പേര്‍ക്കും പരോക്ഷമായി കാല്‍ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കുന്നു. 19,000 ഓഹരിയുടമകളുണ്ട്. 2002-03 മുതല്‍ സിയാല്‍ ലാഭവിഹിതം നല്‍കിവരുന്നു.
നാളിതുവരെ 282 ശതമാനം ലാഭവിഹിതം മടക്കി നല്‍കിക്കഴിഞ്ഞു. 2019-20 ല്‍ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു. വിമാനത്താവളത്തിന്റെ ആസ്തി 382 കോടി രൂപയില്‍ നിന്ന് 2455 കോടി രൂപയായി വര്‍ധിച്ചു. പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്.
അടിസ്ഥാന സൗകര്യവികസനത്തില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താന്‍ വി.ജെ.കുര്യന്‍ എന്നും ശ്രദ്ധിച്ചിരുന്നു. 2015 ല്‍ സിയാല്‍ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറി. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌ക്കാരം സിയാലിനെ തേടിയെത്തി. നിലവില്‍ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോര്‍ജ സ്ഥാപിത ശേഷി.
കണ്ണൂരിലെ പയ്യന്നൂരില്‍ 12 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയുടേയും കോഴിക്കോട് അരിപ്പാറയില്‍ 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടേയും അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2016-21 കാലഘട്ടത്തില്‍ മാത്രം 2016 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സിയാലില്‍ നടന്നു. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങി, ആഭ്യന്തര ടെര്‍മിനല്‍ നവീകരണം, റണ്‍വെ റീസര്‍ഫസിങ്, വെള്ളപ്പൊക്ക നിവാരണ പദ്ധതി എന്നിവ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം നടപ്പിലാക്കി.
സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ഈ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുര്യന് കരുത്തായി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തിരുവനന്തപുരം-കാസര്‍കോട് പശ്ചിമതീര ജലപാതയുടെ വികസത്തിനത്തിന് കുര്യനെ മാനേജിങ് ഡയറക്ടറാക്കി കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് സ്ഥാപിച്ചു. ജലപാതാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കൊച്ചിന്‍ ഡ്യൂട്ടിഫ്രീ, സിയാല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ്, സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്നിവ സിയാലിന്റെ ഉപകമ്പനികളാണ്.
മൂവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യന്‍ ആലപ്പുഴ, എറണാകുളം ജില്ലാ കളക്ടര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളില്‍ ആധുനികവത്ക്കരണം നടപ്പിലാക്കി. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി.കെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയില്‍ ഓവര്‍ ബ്രിഡ്ജുകളുടേയും 23 മേല്‍പ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു.
കൊച്ചിയിലെ സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മിച്ചു. സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്പൈസസ് പാര്‍ക്ക് എന്നിവ ആരംഭിച്ചു. ഏറ്റെടുത്ത പദ്ധതികളിലെല്ലാം പ്രൊഫഷണല്‍ മികവും സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കുര്യന്‍ വിലയിരുത്തപ്പെടുന്നത്. തൃശ്ശൂര്‍ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യന്‍, ഡോ.എലിസബത്ത് കുര്യന്‍ എന്നിവര്‍ മക്കളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.