സിഡ്‌നി: ഇസ്ലാമിക ഭീകരരെ വിവാഹം കഴിച്ച് കുപ്രസിദ്ധി നേടിയ ഓസ്‌ട്രേലിയന്‍ യുവതി തുര്‍ക്കിയില്‍ ജയില്‍മോചിതയായി. തുര്‍ക്കി കോടതി ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ച സെഹ്‌റ ദുമനാണ് വെറും രണ്ടു മാസത്തെ തടവിനുശേഷം പുറത്തിറങ്ങിയത്. ജയില്‍ മോചിതയായ സെഹ്‌റ രണ്ടു മക്കള്‍ക്കൊപ്പം തുര്‍ക്കിയിലെ അജ്ഞാതകേന്ദ്രത്തില്‍ ആഡംബര ജീവിതം നയിക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുടെ നിലപാടാണ് സെഹ്‌റയ്ക്കു വേഗത്തില്‍ മോചനം ലഭിക്കാന്‍ സഹായകമായതെന്നാണു വിലയിരുത്തപ്പെടുന്നത്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതിന്റെ പേരിലാണ് തുര്‍ക്കി കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ മെല്‍ബണ്‍ സ്വദേശിയായ സെഹ്‌റയെ ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചത്. എന്നാല്‍ രണ്ടു മാസത്തെ ജയില്‍ ജീവിതത്തിനു ശേഷം നവംബറില്‍ പുറത്തിങ്ങി. രണ്ട് മക്കളായ ജറ (അഞ്ച്), ലയ്‌ല (രണ്ട്) എന്നിവരുടെ സംരക്ഷണം തന്റെ ചുമതലയാണെന്നു കോടതിയില്‍ ഹാജരാക്കിയ സെഹ്‌റ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി വിട്ടയച്ചത്.
മൂന്ന് ഇസ്ലാമിക ഭീകരരുടെ ഭാര്യയായി ജീവിച്ച 26 വയസുകാരിയായ സെഹ്‌റയുടെ ജീവിതവും തീവ്രവാദത്തെ പിന്തുണച്ചുള്ള പരാമര്‍ശങ്ങളും വിദേശ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
2014-ല്‍ 19-ാം വയസിലാണ് സെഹ്‌റ ഓസ്ട്രേലിയയില്‍നിന്ന് ഒളിച്ചോടി സിറിയയിലെത്തിയത്. ഐ.എസ്. തീവ്രവാദിയായി മാറിയ ഓസ്ട്രേലിയന്‍ സ്വദേശി മഹ്‌മൂദ് അബ്ദുല്ലത്തിഫാണ് സെഹ്‌റയെ വിവാഹം കഴിച്ച് തീവ്രവാദ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തത്. പ്ലേബോയ് എന്ന് വിളിപ്പേരുള്ള ഇയാള്‍ 2015-ല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭര്‍ത്താവിനെ അഭിനന്ദിച്ച് സെഹ്റ ട്വിറ്റ് ചെയ്തിരുന്നു. പിന്നീട് രണ്ട് ഐ.എസ്. തീവ്രവാദികളെ വിവാഹം കഴിച്ചെങ്കിലും അവരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. രണ്ടും മൂന്നും ഭര്‍ത്താക്കന്മാരിലാണ് രണ്ടു കുട്ടികള്‍ ജനിച്ചത്.
2019 ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന്, ഇറാഖ് അതിര്‍ത്തിക്കടുത്തുള്ള സിറിയയിലെ ഒരു അഭയാര്‍ഥി ക്യാമ്പിലായിരുന്നു സെഹ്‌റ. 65 ഓസ്ട്രേലിയന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇവിടെയുണ്ടായിരുന്ന 70,000 അഭയാര്‍ഥികള്‍ മോശം അവസ്ഥയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സെഹ്‌റ തുര്‍ക്കിയിലേക്ക് അനധികൃതമായി പലായനം ചെയ്തത്. ഇവിടെ എത്തിയ ഉടന്‍ അറസ്റ്റിലായി.
ഓസ്ട്രേലിയയിലും തുര്‍ക്കിയിലും ഇരട്ട പൗരത്വം ഉണ്ടായിരുന്ന സെഹ്‌റ ദുമന്റെ ഓസ്ട്രേലിയന്‍ പൗരത്വം ഐ.എസ് ബന്ധത്തിന്റെ പേരില്‍ 2019-ല്‍ സര്‍ക്കാര്‍ റദ്ദാക്കി.
ഐ.എസില്‍ ചേര്‍ന്ന ഓസ്ട്രേലിയന്‍ വനിതകളില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ ഒരാളാണ് സെഹ്‌റ ദുമന്‍. 2015 ന്റെ തുടക്കത്തില്‍, പാശ്ചാത്യ രാജ്യങ്ങളെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് സമൂഹ മാധ്യങ്ങളില്‍ സെഹ്‌റ പോസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഞങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചോരയ്ക്ക് നിങ്ങളുടെ രക്തം കൊണ്ട് പകരം വീട്ടും എന്നു തുടങ്ങി പ്രകോപനപരമായ നിരവധി പോസ്റ്റുകളാണ് സെഹ്‌റ സമൂഹ മാധ്യങ്ങളില്‍ നിരന്തരം പുറത്തുവിട്ടുകൊണ്ടിരുന്നത്.
ഐ.എസ് തീവ്രവാദികളുടെ വധുക്കളുടെ ഫൈവ് സ്റ്റാര്‍ ജീവിതം എന്ന പേരില്‍ തങ്ങള്‍ ആഢംബര ജീവിതം നയിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ സെഹ്റ പോസ്റ്റ് ചെയ്തിരുന്നു.
തീവ്രവാദികള്‍ മോഷ്ടിച്ച ആഡംബര കാറുകളുടെ ബോണറ്റുകളില്‍ യന്ത്രത്തോക്കുകളുമായി ചാരി നില്‍ക്കുന്ന സെഹ്‌റയുടെയും മറ്റ് യുവതികളുടെയും ചിത്രങ്ങള്‍ പോസ്റ്റ്് ചെയ്തത് സെഹ്‌റയ്ക്കു വലിയ കുപ്രസിദ്ധി നേടിക്കൊടുത്തു. ഐ.എസിലേക്കു വിദേശീയരായ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു സെഹ്‌റ. നാടുപേക്ഷിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയില്‍ ചേരാന്‍ പാശ്ചാത്യരെ അവര്‍ നിരന്തരം പ്രോല്‍സാഹിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.