ചൈന ലോകത്തിന് വെല്ലുവിളി; ജി-7, നാറ്റോ രാജ്യങ്ങളുടെ വിമര്‍ശനത്തില്‍ അസന്തുഷ്ടിയുമായി ചൈന

ചൈന ലോകത്തിന് വെല്ലുവിളി; ജി-7, നാറ്റോ രാജ്യങ്ങളുടെ വിമര്‍ശനത്തില്‍ അസന്തുഷ്ടിയുമായി ചൈന

ലണ്ടന്‍: ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സാമ്പത്തിക, സൈനിക മേഖലകളില്‍ ലോകത്ത് അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും വിമര്‍ശിച്ച ജി-7, നാറ്റോ രാജ്യങ്ങളുടെ പ്രസ്താവനയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് ചൈന. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജി 7, നാറ്റോ ഉച്ചകോടികളിലാണ് ചൈനയുടെ കടന്നുകയറ്റങ്ങള്‍ക്കെതിരേയും സാമ്പത്തികമായി മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേയും അംഗരാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ഷിന്‍ജിയാങിലെ ഉയിഗര്‍ വംശജര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ഹോങ്കോംഗ്, തായ്വാന്‍ വിഷയങ്ങള്‍ തുടങ്ങിയവ ഉന്നയിച്ച് അംഗരാജ്യങ്ങള്‍ ചൈനയെ വളഞ്ഞിരുന്നു. ചൈനയുടെ വിദേശനയവും സൈനിക ശാക്തീകരണവും ലോകത്ത് വര്‍ധിച്ചു വരുന്ന സ്വാധീനവും വെല്ലുവിളിയാണെന്നാണു നാറ്റോ വ്യക്തമാക്കിയത്. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7, നാറ്റോ രാജ്യങ്ങളുടെ തീരുമാനത്തില്‍ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര കാര്യങ്ങളില്‍ ആജ്ഞാപിക്കാനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഒരു രാജ്യമോ ഒരു കൂട്ടം രാജ്യങ്ങളോ ലോകകാര്യങ്ങള്‍ തീരുമാനിക്കുന്ന യുഗം അവസാനിച്ചെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍, അന്താരാഷ്ട്ര സമൂഹം ഐക്യദാര്‍ഢ്യവും സഹകരണവും ശക്തിപ്പെടുത്തുകയും ബഹുമുഖത്വം എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുകയുമാണ് വേണ്ടതെന്ന് ഷാവോ ലിജിയാന്‍ പറഞ്ഞു. ചൈനയെ എതിരാളിയായി മുദ്രകുത്താനും മറ്റു രാജ്യങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കാനും അമേരിക്കയും മറ്റ് ചില രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഷിന്‍ജിയാങ്, ഹോങ്കോംഗ്, തായ്വാന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളാണ്. അതില്‍ വിദേശ ഇടപെടലിന്റെ ആവശ്യമില്ലെന്നു ഷാവോ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനാണ് ചൈന മുന്‍ഗണന നല്‍കുന്നതെന്നും ഷാവോ കൂട്ടിച്ചേര്‍ത്തു.

ആഗോള സമ്പദ്വ്യവസ്ഥയെ അട്ടിമറിക്കുന്ന ചൈനയുടെ നയങ്ങള്‍ക്കെതിരേ ബ്രിട്ടനില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയയില്‍നിന്നുള്ള 20 ബില്യണ്‍ ഡോളറിലധികം വരുന്ന കയറ്റുമതിക്ക് ചൈന വിലക്കേര്‍പ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഷളാക്കിയിരുന്നു. ചൈനയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ ഓസ്ട്രേലിയയെ പിന്തുണ പ്രഖ്യാപിച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, അമേരിക്ക എന്നിവ ജി 7 ഉച്ചകോടിയില്‍ അണിനിരന്നിരുന്നു. ചൈനീസ് വിപണിയെ വെല്ലുവിളിക്കാനുള്ള തന്ത്രങ്ങളും ജി 7 നേതാക്കള്‍ ചര്‍ച്ച ചെയ്തു. ലോകക്രമത്തിന് ചൈന നിരന്തര വെല്ലുവിളി ഉയര്‍ത്തുന്നതായി ബ്രസല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നത്. തയ്വാന്‍ തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരം വേണമെന്ന ജി 7 രാജ്യങ്ങളുടെ ആഹ്വാനത്തിനുപിന്നാലെ ചൈനയുടെ 28 യുദ്ധവിമാനങ്ങള്‍ തയ്വാന്റെ വ്യോമമേഖലയില്‍ കടന്ന് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.

ഉച്ചകോടി കഴിഞ്ഞതിനു പിന്നാലെ ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളും ജി 7 രാജ്യങ്ങളെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴം പ്രമേയമാക്കി ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച ലോക പ്രശസ്തമായ ചിത്രത്തെ അപമാനിക്കുന്ന രീതിയില്‍ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജി-7ന്റെ അവസാന അത്താഴത്തില്‍ നയതന്ത്ര പങ്കാളികള്‍ റേഡിയോ ആക്ടീവ് വിഷം കുടിക്കുന്ന കാര്‍ട്ടൂണ്‍ ആണ് പ്രസിദ്ധീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.