ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ നിര്‍ബന്ധിത കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സംസ്ഥാനത്തെ 70 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതോടെ ന്യൂയോര്‍ക്ക് സംസ്ഥാനം നിര്‍ബന്ധിത കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നുവെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ പടക്കം പൊട്ടിച്ചാണ് ജനങ്ങള്‍ ഈ പ്രഖ്യാപനം ആഘോഷിച്ചത്.
രാജ്യത്തെ മറ്റേതൊരു വലിയ സംസ്ഥാനത്തേക്കാളും ന്യൂയോര്‍ക്ക് മുതിര്‍ന്നവര്‍ക്ക് പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ക്യൂമോ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൂടുതല്‍ ന്യൂയോര്‍ക്കുകാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് തുടരും. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങള്‍ ഉടനടി നീക്കം ചെയ്യും. എന്നാല്‍ യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചില നിയന്ത്രണങ്ങള്‍ തുടരുമെന്നും ക്യൂമോ പറഞ്ഞു.
വാക്സിനേഷന്‍ സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കുകയോ രണ്ട് മീറ്റര്‍ സാമൂഹിക അലകം പാലിക്കുകയോ വേണ്ട. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ ചില പരിപാടികളില്‍ പ്രവേശനം നേടുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.