മുറിച്ചുമാറ്റിയ കാലിന് പകരം കഴുകന് സ്വയം ചലിപ്പിക്കാവുന്ന കൃത്രിമക്കാല്‍ ഘടിപ്പിച്ചു; പക്ഷികളില്‍ ലോകത്തെ ആദ്യ സംഭവം

മുറിച്ചുമാറ്റിയ കാലിന് പകരം കഴുകന് സ്വയം ചലിപ്പിക്കാവുന്ന കൃത്രിമക്കാല്‍ ഘടിപ്പിച്ചു; പക്ഷികളില്‍ ലോകത്തെ ആദ്യ സംഭവം

വിയന്ന: അപകടങ്ങളില്‍ കൈകാലുകള്‍ നഷ്ടമാകുമ്പോള്‍ കൃത്രിമമായി അവ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നത്് സാധാരണമാണ്. എന്നാല്‍ ലോകത്താദ്യമായി ഒരു പക്ഷിയില്‍ സ്വയം ചലിപ്പിക്കാവുന്ന കൃത്രിമക്കാല്‍ ഘടിപ്പിച്ചിരിക്കുകയാണ് ഓസ്ട്രിയയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ഹാരിംഗ്സി പക്ഷിസങ്കേത കേന്ദ്രത്തിലെ മിയ എന്ന കഴുകനാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ബയോണിക് കാല്‍ (യന്ത്രവത്കൃത കൃത്രിമക്കാല്‍) ഘടിപ്പിച്ചത്.

മിയയുടെ അച്ഛനും അമ്മയും ചേര്‍ന്ന് ചെമ്മരിയാടിന്റെ രോമം കൊണ്ട്് കൂടുണ്ടാക്കുന്നതിനിടെയാണ് കമ്പിളി നാരുകള്‍ ചൂറ്റി മിയയുടെ വലതു കാലിനു ഗുരുതരമായി പരുക്കേറ്റത്. നാരുകള്‍ മുറുകി കാല്‍ നിര്‍ജീവമായ അവസ്ഥയിലായിരുന്നു. അവളുടെ ജീവന്‍ രക്ഷിക്കാന്‍ കാല്‍ മുറിച്ചുമാറ്റുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. തുടര്‍ന്ന് പക്ഷിസങ്കേത കേന്ദ്രത്തിലെ മൃഗഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ മിയയുടെ കാല്‍ മുറിച്ചുനീക്കി. ശരീരത്തിന് ഭാരം കൂടുതലുള്ളതിനാല്‍ ഒരു കാല്‍ ഇല്ലാതെ മിയ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.



ചെറിയ പക്ഷികള്‍ക്ക് ഒരു കാല്‍ കൊണ്ട് ജീവിക്കാനാകും. എന്നാല്‍ കഴുകനെപ്പോലുള്ള ഭാരം കൂടിയ വലിയ പക്ഷികള്‍ക്ക് കാലുകള്‍ നഷ്ടപ്പെടുന്നതു മൂലം നടക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ഒടുവില്‍ പോഷകാഹാരക്കുറവ് മൂലം മരിക്കുകയും ചെയ്യാറാണ് പതിവ്. പറന്നിറങ്ങാനും നടക്കാനും ഇരയെ പിടിക്കാനും കഴുകന്മാര്‍ക്ക് കാലുകള്‍ അനിവാര്യമാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം തേടി പക്ഷിസങ്കേത കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ വിയന്ന മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഓസ്‌കാര്‍ അസ്മാനുമായി ബന്ധപ്പെട്ടു. മനുഷ്യര്‍ക്കു വേണ്ടി സ്വയം ചലിപ്പിക്കാവുന്ന ബയോണിക് അവയവങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് ഡോ. ഓസ്‌കാര്‍. മിയയ്ക്കു വേണ്ടി ഒരു കൃത്രിമക്കാല്‍ നിര്‍മിക്കാമോ എന്ന് ഓസ്‌കാറിനോടു ചോദിച്ചു. അങ്ങനെ ലോകത്താദ്യമായി ഒരു പക്ഷിക്കു വേണ്ടി ഈ സങ്കീര്‍ണമായ ദൗത്യം അദ്ദേഹം ഏറ്റെടുത്തു.

എടുത്തു മാറ്റിവയ്ക്കുന്ന കൃത്രിമക്കാല്‍ പക്ഷിക്കു പ്രായോഗികമല്ലാത്തതിനാല്‍ ശരീരത്തില്‍ സ്ഥിരമായി ഘടിപ്പിക്കുന്ന ബയോണിക് കാല്‍ ലോഹത്തില്‍ നിര്‍മിച്ചെടുക്കുകയായിരുന്നു. ശേഷം ഓസിയോ ഇന്റഗ്രേഷന്‍ രീതിയിലൂടെ കൃത്രിമ ലോഹം ശരീരത്തിലെ അസ്ഥിയുമായി നേരിട്ട് ബന്ധിപ്പിച്ചു. റബ്ബര്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് കാല്‍ പ്രവര്‍ത്തിക്കുന്നത്. ഓസിയോ ഇന്റഗ്രേഷന്‍ മനുഷ്യരില്‍ നടത്തിയിട്ടുണ്ടെങ്കിലും ബയോണിക് കാല്‍ ഘടിപ്പിച്ച ആദ്യത്തെ പക്ഷിയാണ് മിയയെന്നും ഡോക്ടര്‍ അസമാന്‍ പറഞ്ഞു.



പക്ഷികളില്‍ ലോഹത്തിന്റെ ബയോണിക് കാലുകള്‍ ഘടിപ്പിക്കുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ഡോ. അസ്മാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തുടര്‍ന്ന് പക്ഷിസങ്കേത കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കൃത്യമായ പരിചരണത്തിലൂടെ മിയ ജീവിതത്തിലേക്കു തിരികെ വന്നു.

ചെറിയ പക്ഷികളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ വിജയകരമായിരിക്കും. എന്നാല്‍ കഴുകന്റെ കാര്യത്തില്‍ അവ അതിജീവിക്കുന്നത് എളുപ്പമല്ലെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ട് മണിക്കൂറോളം കഴുകനെ മയക്കിക്കിടത്തിയ ശേഷമായിരുന്നു ശസ്ത്രക്രിയ. നിലവില്‍ മിയ സുഖം പ്രാപിച്ച് വരികയാണെന്നും പറക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പൂര്‍ണമായും സുഖം പ്രാപിച്ച ശേഷം മിയയെ തിരികെ വിട്ടയക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.