കോഴിക്കോട്: രാമനാട്ടുകര അപകടത്തില്‍ വഴിത്തിരിവ്. അപകടത്തില്‍പ്പെട്ട ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അന്വേഷണം സംഘം. എല്ലാവരും വിവിധ കേസുകളിലെ പ്രതികളെന്നും പൊലീസ് വ്യക്തമാക്കി.
ചെര്‍പ്പുളശ്ശേരിയില്‍ നിന്നും 15 പേരാണ് കോഴിക്കോട്ടേക്ക് പോയത്. മൂന്നു വാഹനങ്ങളിലാണ് ഇവരെത്തിയത്. എന്തിനാണ് 15 പേര്‍ ഒരുമിച്ച് എയര്‍പോര്‍ട്ടിലേക്ക് എത്തി എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. മരിച്ചവര്‍ എസ്ഡിപിഐക്കാരാണ്. എന്നാല്‍, നേരത്തെ എസ്ഡിപിഐ ഇവരെ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നെന്നാണ് എസ്ഡിപിഐ പാലക്കാട് പറയുന്നത്. പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവള ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ ജീപ്പുമായി എതിരെ വന്ന സിമന്റ് ലോറി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ബൊലേറോ പൂര്‍ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേരും തല്‍ക്ഷണം മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ താഹിര്‍, ശഹീര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന വാഹനം രണ്ട് തവണ കരണം മറിഞ്ഞ ശേഷമാണ് ട്രക്കിലിടിച്ചതെന്നാണ് ട്രക്ക് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീടുകളുള്ളത്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്. ചരല്‍ ഫൈസല്‍ എന്ന സ്വര്‍ണക്കടത്തുക്കാരന് എസ്‌കോര്‍ട്ടായി പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. വീട്ടുകാര്‍ക്കും ഇവരുടെ യാത്രയെ പറ്റി വ്യക്തമായ അറിവില്ല. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരിക്കുമ്പോഴും ഇത്രയധികം പേര്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിടാന്‍ എന്തിന് പോയി എന്ന ചോദ്യം ഉയരുകയാണ്. കൂടാതെ യുവാക്കള്‍ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ, ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയില്‍ എത്തി, അപകടത്തിന് മുന്‍പ് ചേസിങ് നടന്നോ തുടങ്ങി നിരവധി സംശയങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നെ ഉന്നയിക്കപ്പെടുന്നത്.
അപകടത്തില്‍പ്പെട്ട വാഹനത്തിനൊപ്പം യാത്ര ചെയ്ത രണ്ട് കാറുകളിലെ എട്ട് പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. മൂന്ന് വാഹനങ്ങളിലുള്ളവരുടേയും ക്രിമിനില്‍ പശ്ചാത്തലം പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‌കോര്‍ട്ട് പോയതാണോയെന്ന സംശയം ഉയര്‍ന്നത്. മയക്കുമരുന്ന് കേസില്‍ ഫൈസലിനെതിരെ പരാതികളുണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് പറഞ്ഞു. ചരല്‍ ഫൈസലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.