കാന്‍ബറ: അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയിലെ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി യുനെസ്‌കോ. അടുത്ത മാസം ചൈനയില്‍ നടക്കുന്ന ലോക പൈതൃക സമിതി യോഗത്തില്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നു യുനെസ്‌കോയുടെ കീഴിലുള്ള സമിതി അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് മേഖലയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. അതേസമയം നീക്കത്തിനു പിന്നില്‍ ചൈനയാണെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി.
കാലാവസ്ഥാ വ്യതിയാനവും സമുദ്ര മലിനീകരണവും മൂലം വംശനാശ ഭീഷണിയിലാണ് വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണമായ ഗ്രേറ്റ് ബാരിയര്‍ റീഫ്. ആഗോളതാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ഓസ്ട്രേലിയയോട് യുനെസ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ നിലപാടിനെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തള്ളി. സംരക്ഷിത കേന്ദ്രത്തിന്റെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് യുനെസ്‌കോയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു.
ആയിരക്കണക്കിന് പേര്‍ തൊഴില്‍ ചെയ്യുന്ന മേഖലയെ വംശനാശ ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഓസ്ട്രേലിയ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ മാറ്റത്തെതുടര്‍ന്ന് സമുദ്രതാപനില വര്‍ധിച്ചതോടെ അഞ്ചു വര്‍ഷത്തിനിടെ മൂന്നു തവണ ഇവ കോറല്‍ ബ്ലീച്ചിങ് ഭീഷണി നേരിട്ടതായി യുനെസ്‌കോ നിരീക്ഷിച്ചിരുന്നു. പവിഴപ്പുറ്റുകളില്‍ വസിക്കുന്ന ആല്‍ഗകള്‍ക്ക് നാശം സംഭവിച്ച് വെളുത്ത നിറമാകുന്ന അവസ്ഥയാണ് ബ്ലീച്ചിങ്.
ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്ന് 2,300 കിലോമീറ്റര്‍ (1,400 മൈല്‍) വ്യാപിച്ചുകിടക്കുന്ന ഈ പവിഴപ്പുറ്റ് ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 1981 ലാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്. പ്രകൃത്യാ ഉള്ള ഏഴു ലോക മഹാത്ഭുതങ്ങളില്‍ ഒന്നായി ഇവയെ കണക്കാക്കുന്നു.
വംശനാശ ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്കു റീഫിനെ തരംതാഴ്ത്തുന്നത് ഓസ്ട്രേലിയയില്‍ ടൂറിസം വരുമാനം കുത്തനെ കുറയാന്‍ കാരണമാകും. ഇക്കാര്യത്തില്‍ ഓസ്ട്രേലിയയുടെ എതിര്‍പ്പ് വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെയെ വിളിച്ച് അറിയിച്ചതായി പരിസ്ഥിതി മന്ത്രി സുസന്‍ ലെയ് പറഞ്ഞു. ഈ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു സൂസന്‍ ആരോപിച്ചു. ചൈനയാണ് ഇതിനു പിന്നിലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. യുനെസ്‌കോയുടെ മൂന്ന് കമ്മിറ്റികളില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ചൈനീസ് നിയമസഭാംഗം ലോക പൈതൃക സമിതി ചെയര്‍മാനാണ്. പവിഴപ്പുറ്റ് മേഖലയെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ അപ്പീല്‍ നല്‍കുമെന്നും അേതസമയം യോഗം ചൈനയുടെ നിയന്ത്രണത്തിലായതിനാല്‍ വലിയ പ്രതീക്ഷയില്ലെന്നും ഓസ്ട്രേലിയയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.
2014-ല്‍ യുനെസ്‌കോ ഈ മേഖലയുടെ അപകടാവസ്ഥയെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയതിന് ശേഷം പുനരുദ്ധാരണത്തിനായി കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചതായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ബ്ലീച്ചിംഗ് പ്രതിഭാസം വലിയതോതില്‍ പവിഴപുറ്റുകളുടെ നാശത്തിന് കാരണമായതായി യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നു. ശിപാര്‍ശ അംഗീകരിച്ചാല്‍, കാലാവസ്ഥാ വ്യതിയാനം മൂലം പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യത്തെ പ്രദേശമായിരിക്കും ഗ്രേറ്റ് ബാരിയര്‍ റീഫ്.
ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നുവെന്ന് ഓസ്ട്രേലിയ ആരോപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ചൈനയിലെ കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടത് ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുള്ള പ്രതികാരനടപടികളുടെ ഭാഗമായാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് വിഷയത്തിലെ ചൈനയുടെ ഇടപെടലെന്നാണ് ഓസ്ട്രേലിയ സംശയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.