ദുബായ്: ലോകം മുഴുവന്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന എക്സ്പോ 2020 ആരംഭിക്കാന്‍ ഇനി നൂറുനാളുകളുടെ അകലം മാത്രം. എക്സ്പോ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചു.
യുഎഇ എന്ന രാജ്യത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് വീഡിയോ. നൂറ് ദിവസമാണ് ഇനി എക്സ്പോയിലേക്കുളള ദൂരമെന്ന് പറഞ്ഞ് ചരിത്ര ദൗത്യത്തിലേക്കുളള ദുബായുടെ കാത്തിരിപ്പിന് അദ്ദേഹം ഊർജ്ജം പകരുന്നു.
192 രാജ്യങ്ങളാണ് എക്സ്പോയ്ക്കായി ദുബായിലേക്ക് എത്തുക. ഇതു പുതിയ കാലമാണ്. അരലക്ഷം ജീവനക്കാർ 192 പവലിയനുകൾ യാഥാർത്ഥ്യമാക്കി കഴിഞ്ഞു. 30,000 സന്നദ്ധപ്രവർത്തകർ ലോകത്തെ സ്വാഗതം ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. കോവിഡ് കാലത്ത് നിന്നും ഉയിർപ്പിന്റെ കാലത്തിലേക്ക് ഉണരാന്‍ എക്സ്പോ വേദിയാകും. ഏത് വെല്ലുവിളികളേയെും പകർച്ചാവ്യാധിയേയും മറികടക്കുന്നതിനുളള മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിന്റെ കൂടി ഉദാഹരണമാകും എക്സ്പോ 2020യെന്നും ഷെയ്ഖ് മുഹമ്മദ് കുറിക്കുന്നു.
മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ ദുബായിൽ നടക്കുക. ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ എക്സ്പോയിൽ പങ്കാളികളാകും. ഓരോ രാജ്യത്തിന്റെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ചും എക്സ്പോയിലൂടെ ഓരോരുത്തർക്കുമറിയാനാകും. 173 ദിവസത്തിനുളളില്‍ ഏകദേശം രണ്ടരക്കോടി സന്ദർശകർ എക്സ്പോ കാണാനെത്തുമെന്നാണ് കണക്കുകൂട്ടല്‍.
എക്സ്പോ വേദിയിലെ അല്‍ വാസല്‍ താഴികക്കുടവും ബുർജ് ഖലീഫയും 100 ദിവസത്തെ കൗണ്ട് ഡൗണ്‍ അറിയിച്ചുകൊണ്ട് പ്രകാശ പൂരിതമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.