സിഡ്നി: കോവിഡ് ഡെല്‍റ്റ വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കൂടുതല്‍ മേഖലകളിലേക്കു ലോക്ഡൗണ്‍ വ്യാപിപ്പിച്ചു. ഗ്രേറ്റര്‍ സിഡ്‌നി, ബ്ലൂ മൗണ്ടന്‍സ്, സെന്‍ട്രല്‍ കോസ്റ്റ്, വോളോങ്കോംഗ് എന്നിവിടങ്ങളിലാണ് ജൂലൈ ഒന്‍പതു വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ മേഖലകളില്‍ ഇന്ന് വൈകിട്ട് ആറിന് ലോക്ഡൗണ്‍ പ്രാബല്യത്തില്‍വന്നു. വേവര്‍ലി, വൂളാഹ്ര, റാന്‍ഡ്വിക്ക്, സിഡ്നി സി.ബി.ഡി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 12 പുതിയ കേസുകളാണ് പ്രാദേശിക മേഖലകളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നരും ജോലി ചെയ്യുന്നവരും വീട്ടില്‍തന്നെ കഴിയണമെന്നും വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. നാലു കാര്യങ്ങള്‍ക്കു മാത്രമാണ് വീട്ടില്‍നിന്നു പുറത്തിറങ്ങാനാവുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണവും അവശ്യസാധനങ്ങളും വാങ്ങാനും വ്യായാമത്തിനും (പത്തു പേരോ അതില്‍ താഴെയോ) പുറത്തിറങ്ങാം. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത മേഖലകളിലുള്ളവര്‍ക്ക് ജോലി സ്ഥലത്തേക്കു പോകുന്നത് തുടരാം. ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പോകാന്‍ അനുമതിയുണ്ട്. വാക്‌സിനേഷനും ചികിത്സ, പാലിയേറ്റീവ് പരിചരണം എന്നിവയ്ക്കായും പുറത്തിറങ്ങാം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിവാഹങ്ങള്‍ ഇന്നും നാളെയുമായി നടത്താന്‍ അനുവദിക്കുമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ജൂലൈ ഒന്‍പതു വരെ വിവാഹത്തിന് അനുമതിയുണ്ടായിരിക്കില്ല. ശവസംസ്‌കാരത്തിന് നൂറു പേരെ പരമാവധി അനുവദിക്കും. വീടുകളില്‍ അഞ്ചില്‍ കൂടുതല്‍ സന്ദര്‍ശകരെ (കുട്ടികളടക്കം) അനുവദിക്കില്ല. പൊതുസ്ഥങ്ങളിലും ഇന്‍ഡോര്‍ ചടങ്ങുകള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ലോക്ഡൗണ്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും പ്രീമിയര്‍ മുന്നറിയിപ്പു നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.