ഓസ്ട്രേലിയയിൽ പുകവലി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇതേക്കുറിച്ച് പഠിച്ച ഗവേഷണകേന്ദ്രം ശുപാർശ ചെയ്തു. ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയും ഫെഡറൽ സർക്കാരിന്റെ കീഴിലുള്ള ആരോഗ്യ ഗവേഷണ കൗൺസിലും സംയുക്തമായി സ്ഥാപിച്ച സെന്റർ ഫോർ റിസർച്ച് എക്സലൻസ് ഓൺ അച്ചീവിംഗ് ദ ടൊബാക്കോ എൻഡ് ഗെയിം (CREATE) എന്ന കേന്ദ്രമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് 23 ലക്ഷം പേർ ദിവസവും പുകവലിക്കാറുണ്ട് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രായപൂർത്തിയായ ഓസ്ട്രേലിയക്കാരുടെ 15 ശതമാനത്തോളമാണ് ഇത്. ഇത് 2025ഓടെ പത്തു ശതമാനത്തിൽ താഴെയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുന്നതായിനായാണ് 25 ലക്ഷം ഡോളർ മുടക്കി ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയിൽ CREATE എന്ന ഗവേഷണകേന്ദ്രം സ്ഥാപിച്ചത്. സിഗററ്റ് ഉപയോഗം പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു മാർഗ്ഗരേഖയാണ് കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്. നിരവധി മാർഗ്ഗങ്ങൾ ഇതിൽ നിർദ്ദേശിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിഗററ്റ് വാങ്ങുന്നത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ മുഖേനയാക്കുക എന്നത്. സാധാരണ വിൽപ്പനകേന്ദ്രങ്ങൾ വഴി സിഗററ്റ് വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും, കെമിസ്റ്റുകൾ വഴി മാത്രമേ അത് വിൽക്കാൻ പാടുള്ളൂ എന്നുമാണ് ശുപാർശ. ഘട്ടം ഘട്ടമായി സിഗററ്റുകളുടെ വിപണിയിലെ ലഭ്യത ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതോടൊപ്പം, ഒരു പ്രത്യേക വർഷത്തിനു ശേഷം ജനിച്ചവർക്ക് സിഗററ്റ് വിൽക്കാൻ പാടില്ല എന്ന നിബന്ധനയും കൊണ്ടുവരണമെന്ന് ഗവേഷണകേന്ദ്രം നിർദ്ദേശിക്കുന്നു. പുതുതലമുറ സിഗററ്റിലേക്ക് ആകർഷിക്കപ്പെടുന്നത് അവസാനിപ്പിക്കാനാണ് ഇത്.
പുകവലി അവസാനിപ്പിക്കുന്നതിന് ഏതൊക്കെ പ്രായോഗികമായ മാർഗ്ഗങ്ങളുണ്ട് എന്ന കാര്യത്തിൽ കേന്ദ്രം കൂടുതൽ പഠനം നടത്തുമെന്ന് CREATE ഡയറക്ടർ അസോസിയേറ്റ് പ്രൊഫസർ കോറൽ ഗാർട്ട്നർ പറഞ്ഞു. ഓസ്ട്രേലിയയെ പുകവലിമുക്ത രാഷ്ട്രമാക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, സിഗററ്റ് വിൽപ്പനയ്ക്ക് പ്രിസ്ക്രിപ്ഷൻ നിർബന്ധമാക്കുന്നത് പ്രായോഗികമാകില്ല എന്നാണ് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. സിഗററ്റ് കൊണ്ട് ആരോഗ്യപരമായ ഗുണങ്ങളൊന്നുമില്ലാത്തതിനാൽ ഡോക്ടർമാരോട് അത് നിർദ്ദേശിക്കാൻ ആവശ്യപ്പെടാൻ കഴിയില്ല എന്നാണ് വാദം. പുകവലി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ഓരോ വർഷവും ഓസ്ട്രേലിയയിൽ 15,500 പേരെങ്കിലും മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.
കടപ്പാട്: SBS മലയാളം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26