മണ്ണും മനുഷ്യനും കഥ പറഞ്ഞ കേരകേദാര ഭൂമി...

മണ്ണും മനുഷ്യനും കഥ പറഞ്ഞ കേരകേദാര ഭൂമി...

കോവിഡ് മഹാമാരി മനുഷ്യനെ കുറച്ചൊന്നുമല്ല പിന്നോട്ടു കൊണ്ടു പോയിരിക്കുന്നത്. ജീവിതത്തില്‍ സമയം ഇല്ലായെന്ന് വ്യാകുലപ്പെട്ട് പരക്കം പാഞ്ഞവര്‍, സ്വന്തമായി പലതും ചെയ്യാന്‍ പഠിച്ചിരിക്കുന്നു. അടുക്കള തോട്ടങ്ങള്‍ പഴയ പ്രതാപത്തോടെ തിരിച്ചെത്തിയിരിക്കുന്നു. അടുക്കള തോട്ടങ്ങളില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് പുതു തലമുറ ചുവട് വെച്ചു തുടങ്ങി. മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാന്‍ വീണ്ടും ഒരു അവസരം. ഈ അവസരത്തില്‍ കേരളവും കേരളത്തിലെ കൃഷി സംസ്‌കാരവും എങ്ങനെയുള്ളതായിരുന്നുവെന്ന് നോക്കുന്നത് ഉചിതമായിരിക്കും.


കേരളത്തിലെ പ്രാചീന ജീവിത സംസ്‌കാരം കൃഷിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സമൂഹത്തില്‍ ഓരോ കാലത്തും ആധിപത്യം ചെലുത്തിയ മൂല്യങ്ങളെല്ലാം കാര്‍ഷിക വൃത്തിയെ നിര്‍വചിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു പോന്നു. കേരളത്തെ മാറ്റി തീര്‍ത്ത മിക്കവാറും എല്ലാ മുന്നേറ്റങ്ങളുടേയും ചാലകമായി വര്‍ത്തിച്ചത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. മണ്ണും മനുഷ്യനും പരസ്പരം കഥ പറഞ്ഞ കാലം...

നടുന്നേടമാണ് നാട്. നടുക എന്ന ധാതുവില്‍ നിന്നുമാണ് നാടെന്ന പദം ഉണ്ടായതെന്നാണ് പല ഭാഷാ പണ്ഡിതരും പറയുന്നത്. മനുഷ്യര്‍ക്കു ഭക്ഷിക്കാനുള്ളത് കരുതലോടെ നട്ടുവളര്‍ത്തുന്ന ഇടം. ഇതിനുള്ള മാര്‍ഗമാണ് കൃഷി. കാര്‍ഷിക വൃത്തിയായിരുന്നു പഴയ കാലത്തെ പ്രധാന തൊഴില്‍. പലതരം കാര്‍ഷിക വൃത്തികളിലേര്‍പ്പെട്ട് ഉപജീവനം കഴിഞ്ഞ സമൂഹമായിരുന്നു 20-നൂറ്റാണ്ടിന്റെ തുടക്കം വരെ മലയാളികള്‍. 19-ാം നൂറ്റാണ്ടു വരെ കേരളത്തിന്റെ നല്ല പങ്കും കാടായിരുന്നു. കാട് എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുടെ ആധിക്യം തന്നെ അതിന്റെ സൂചനകളാണെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പുകള്‍പെറ്റ പല നെല്ലിനങ്ങളും കടല, എള്ള്, ചാമ, ഉഴുന്ന് മുതലായവയും ഇവിടെ വിപുലമായി കൃഷി ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നെല്‍കൃഷിയായിരുന്നു പ്രധാനം. നെല്‍വിത്തുകള്‍ വിതയ്ക്കുക, കൊയ്യുക തുടങ്ങിയ ജോലികള്‍ ആദ്യകാലം മുതല്‍ ചെയ്തുവന്നിരുന്നത് സ്ത്രീകളാണെന്നാണ് നിഗമനം. ഞാറു നടീല്‍ മുതല്‍ കൊയ്ത്തുവരെയുള്ള മിക്കവാറും എല്ലാ ജോലികളും ചെയ്തിരുന്നത് സ്ത്രീകളും ഉഴവും കൃഷി സ്ഥലങ്ങളുടെ സംരക്ഷണവും പുരുഷന്മാരും ആയിരുന്നു. സംഘകാലത്തും മറ്റും നിലനിന്നിരുന്ന കൃഷി സമ്പ്രദായത്തിന് പ്രധാനമായും അഞ്ചു ഘട്ടങ്ങളുണ്ടായിരുന്നു. കൃഷിക്കു വേണ്ടി നിലം ശരിയാക്കലാണ് ആദ്യ ഘട്ടം. രണ്ട് കാളകളെ പൂട്ടി ഉഴണം.


അതിനുശേഷം മണ്ണ് നിരത്തിയിടണം. വയലില്‍ വെള്ളം കെട്ടി നില്‍ക്കുന്ന തരത്തില്‍ വരമ്പുകള്‍ നിര്‍മിക്കണം. വിതയ്ക്കലാണ് രണ്ടാം ഘട്ടം. ഒരേ പോലെ വിത്തുകള്‍ നിലത്തിലാകെ വിതറുകയും മുളച്ചു വരുമ്പോള്‍ അതിനെ പറിച്ചു നടുകയും വേണം. വളര്‍ന്നുവരുന്ന ധാന്യച്ചെടികളെ ശുശ്രൂഷിക്കലും നിലത്തെ കളകളില്‍ നിന്നും സംരക്ഷിക്കലും ഒക്കെയാണ് അടുത്ത ഘട്ടം. ഈ കാലത്ത് നിലത്തിനു കാവല്‍ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്യും. നെല്ല് കതിരിടുമ്പോള്‍ മുതല്‍ പാകമായി കൊയ്ത്തുവരെയുള്ള സംരക്ഷണമാണ് നാലാം ഘട്ടം. കളത്തിലെ മെതിക്കല്‍, നെല്ലും വെയ്ക്കോലും പ്രത്യേകം ശേഖരിക്കല്‍ തുടങ്ങിയവയാണ് അവസാന ഘട്ടം.

കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കാര്‍ഷിക സമ്പ്രദായങ്ങളുടെ അടിസ്ഥാനം, ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകളും മറ്റും നടന്നിട്ടുണ്ടെങ്കിലും സംഘകാലത്തിലും മറ്റും വ്യാപകമായിരുന്ന കാര്‍ഷിക ചിട്ടകളില്‍ നിന്നാണെന്ന് കാണാന്‍ കഴിയും. കലപ്പ, കൊഴു, കൈക്കൊട്ട്, മഴു മുതലായ ഉപകരണങ്ങള്‍ സംഘകാലം മുതല്‍ തന്നെ ഉപയോഗത്തിലുണ്ടായിരുന്നു. കൃഷിപ്പണിക്കു ഉപയോഗിക്കാന്‍ പറ്റുന്ന കാളകള്‍ ഏതെന്നും പറ്റാത്ത കാളകള്‍ ഏതെന്നും വരെ കണിശമായി നിര്‍വചിക്കപ്പെട്ടിരുന്നു. ദൈവഭയമില്ലാത്തവര്‍ കൃഷി ചെയ്യാന്‍ അയോഗ്യരായിരുന്നു. ദൈവഭക്തിയില്ലാത്തവര്‍ക്ക് കാര്‍ഷിക വൃത്തി പാടില്ല. ഗുരുത്വമില്ലാത്തവരും കൃഷി ചെയ്യാന്‍ യോഗ്യരല്ലെന്നായിരുന്നു വിധി.


മദ്യപാനികള്‍ക്കും കൃഷി പാടില്ലെന്നായിരുന്നു വിശ്വാസം. ഊര്‍ജ്ജസ്വലതയില്ലാത്ത, ഉറക്കം തൂങ്ങികള്‍ക്കും കൃഷി നിഷിദ്ധമായിരുന്നു. വരവുചിലവ് കണക്കുകള്‍ സൂക്ഷിക്കാത്തവര്‍ക്കും മിതമായി ചെലവിടാന്‍ അറിയാത്തവര്‍ക്കും കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നതിന് സാധ്യമാകുമായിരുന്നില്ല. കരുതല്‍ ധാന്യശേഖരം സൂക്ഷിക്കാത്തവര്‍ക്ക്, അതായത് തന്റെ കീഴിലുള്ള പണിക്കാര്‍ക്ക് ആവശ്യമായ കൂലികൊടുക്കാന്‍ തക്കവണ്ണമുള്ള ധാന്യശേഖരം ഇല്ലാത്തവര്‍ക്കും കൃഷിയില്‍ ഏര്‍പ്പെടാന്‍ യോഗ്യതയുള്ളതായി പഴയകാല സമൂഹം കരുതിയിരുന്നില്ല. കര്‍ക്കിടകമാസത്തില്‍ കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലാത്തവരും കൃഷിക്ക് ഇറങ്ങിപ്പുറപ്പെടാന്‍ പാടില്ല. നെല്ലറകള്‍ സമ്പന്നമല്ലാത്തവര്‍ക്കു കൃഷി അനുവദനീയമായിരുന്നില്ലെന്ന് സാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.