ഈജിപ്ത്തിലെ ആരാധനാലയത്തിനടിയിൽ കണ്ടെത്തിയത് വമ്പൻ തുരങ്കം; ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്ക് അധികദൂരമില്ലെന്ന് പുരാവസ്തു ഗവേഷകൻ

ഈജിപ്ത്തിലെ ആരാധനാലയത്തിനടിയിൽ കണ്ടെത്തിയത് വമ്പൻ തുരങ്കം; ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്ക് അധികദൂരമില്ലെന്ന് പുരാവസ്തു ഗവേഷകൻ

കെയ്റോ: ഈജിപ്തിൽ പുരാവസ്തുഗവേഷകർക്കിടയിൽ ആശ്ചര്യം സൃഷ്ടിച്ച് വമ്പൻ തുരങ്കം കണ്ടെത്തി. ഒന്നരക്കിലോമീറ്റർ നീളമുള്ള തുരങ്കമാണ് ഈജിപ്തിലെ പുരാവസ്തു പര്യവേക്ഷകർ കണ്ടെത്തിയത്. പുരാതന ഈജിപ്തിലെ നഗരമായ അലക്സാൻഡ്രിയയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രാചീന നഗരമായ ടപോസിരിസ് മാഗ്ന ആരാധനാലയത്തിനു 13 മീറ്റർ (43 അടി) താഴ്ചയിൽ സ്ഥിതി ചെയ്യുന്ന നിലയിലായിരുന്നു തുരങ്കം കണ്ടെത്തിയതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

തുരങ്കത്തിന് 1.8 മീറ്റർ പൊക്കമാണുള്ളതെന്നും ഈജിപ്ഷ്യൻ ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് മന്ത്രാലയം വ്യക്തമാക്കി. കണ്ടെത്തിയ നാൾ മുതൽ 1,305 മീറ്റർ (4,281 അടി) നീളമുള്ള തുരങ്കം പുരാവസ്തു ഗവേഷകരുടെയും മറ്റു വിദഗ്ധരുടെയും ശക്തമായ നിരീക്ഷണത്തിലാണ്. ഈജിപ്തിൽ പഠനം നടത്തുന്ന ഡൊമിനിക്കൻ റിപ്ലബ്ലിക്കിലെ സാൻ ഡൊമിംഗോ സർവകലാശാലയിലെ ഡോ. കാത്‌ലിൻ മാർട്ടിനസിനു കീഴിലുള്ള സംഘമാണ് തുരങ്കം കണ്ടെത്തിയത്.

വാസ്തുവിദ്യാ രൂപകൽപന വിദഗ്ധർ തുരങ്കത്തെ "എഞ്ചിനീയറിംഗ് അത്ഭുതം" എന്ന് വിശേഷിപ്പിച്ചു. ഈ ടണലിൽ നിന്നും മൂന്ന് സങ്കേതങ്ങൾ, ഒരു പുണ്യ തടാകം, 1,500 ലധികം വസ്തുക്കൾ, പ്രതിമകൾ, സ്വർണ്ണ കഷണങ്ങൾ, മഹാനായ അലക്സാണ്ടറിനെയും ക്ലിയോപാട്ര രാജ്ഞിയെയും ടോളമികളെയും ചിത്രീകരിക്കുന്ന നാണയങ്ങളുടെ ഒരു വലിയ ശേഖരം തുടങ്ങിയവ പരിവേഷണത്തിൽ കണ്ടെത്തിയെന്ന് മാർട്ടിനെസ് പറഞ്ഞു.

ഈജിപ്തിലെ വിഖ്യാത റാണിയായിരുന്ന ക്ലിയോപാട്രയുടെ കല്ലറയിലേക്കുള്ള വഴിയാണിതെന്നു താൻ വിശ്വസിക്കുന്നെന്ന് ഡോ. കാത്‌ലിൻ പറയുന്നു. അങ്ങനെയെങ്കിൽ ക്ലിയോപാട്രയുടെ പങ്കാളിയായ റോമൻ ജനറൽ മാർക്ക് ആന്റണിയുടെ മൃതപേടകവും ഇതിലുണ്ടാകാൻ സാധ്യതയുണ്ട്. ഡോ. കാത്‌ലീൻ മാർട്ടിനെസിന്റെ നേതൃത്വത്തിലെ സംഘം 2005 മുതൽ ടപോസിരിസ് മാഗ്ന ആരാധനാലയത്തെ ചുറ്റിപ്പറ്റി ഗവേഷണങ്ങൾ നടത്തുകയാണ്. ക്ലിയോപാട്രയുടെയും മാർക്ക് ആന്റണിയുടെയും 2000 വർഷം പഴക്കമുള്ള കല്ലറ ഈ പ്രദേശത്ത് സമീപത്താണെന്ന വിശ്വാസത്തിലാണ് കാത്‌ലീന്റെയും സംഘത്തിന്റെയും ഗവേഷണങ്ങൾ.

ക്ലിയോപാട്രയുടെയും ടോളമി രാജവംശത്തിൽപ്പെട്ടവരുടെയും എന്ന് കരുതുന്ന നാണയങ്ങളും ശില്പങ്ങളും ഈ മേഖലയിൽ നിന്നും കണ്ടെത്തി. ടണൽ മെഡിറ്ററേനിയൻ കടലിലാണ് അവസാനിക്കുന്നത്. പുരാതന അലക്‌സാൻഡ്രിയ നഗരത്തിന്റെ നല്ലൊരു ഭാഗവും ഇന്ന് കടലിനടിയിലാണ്. അതിനാൽ ടണലിന്റെ ഭാഗങ്ങളും കടലിനടിയിലുണ്ടെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ ക്ലിയോപാട്രയുടെ കല്ലറ കടലിലാണെന്ന സാദ്ധ്യത തള്ളാനാകില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

പുരാതന ഈജിപ്ഷ്യൻ ദേവനായ ഓസൈറിസിന്റെ ആരാധനാലയമാണ് ടപോസിരിസ് മാഗ്ന. പുരാണമനുസരിച്ച് ഓസൈറിസസിനെ ശത്രുക്കൾ ചതിച്ച് കൊലപ്പെടുത്തുകയും ശരീരം ചിന്നഭിന്നമാക്കി ഈജിപ്റ്റിന് മീതെ വിതറുകയും ചെയ്തു. ഭാര്യയായ ഐസിസ് ചിന്നഭിന്നമാക്കപ്പെട്ട ഓരോ കഷണങ്ങളും കണ്ടെത്തി കൂട്ടിച്ചേർത്ത് ഓസൈറിസിനെ വീണ്ടും ജീവൻ നൽകി. ഓസൈറിസിന്റെ ശരീരത്തിന്റെ ഒരു ഭാഗം വീണ ഇടമാണ് ടപോസിരിസ് മാഗ്ന എന്നാണ് കഥ. ഐസിസിന്റെ ഒരു ക്ഷേത്രവും ഇവിടെ നിലനിന്നിരുന്നു എന്ന വിശ്വസിക്കുന്നു.

അലക്സാണ്ടറുടെ പടയോട്ടത്തിനു ശേഷം ഈജിപ്തിൽ താവളമുറപ്പിച്ച ഗ്രീക്ക് വംശജരായ രാജകുടുംബാംഗങ്ങൾ ഓസിരിസിനെ ആരാധിച്ചിരുന്നു. ക്ലിയോപാട്രയും ഈ ഗ്രീക്ക് വംശജരായ രാജകുടുംബത്തിൽ പെട്ടതാണ് തുരങ്കം. കൂടാതെ സിറാമിക് പാത്രങ്ങൾ, മൺകുടങ്ങൾ, ചില ശിൽപങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ ചെറിയൊരു ഭാഗം കടലിനടിയിൽ മുങ്ങിയ നിലയിലാണെന്നു ഗവേഷകർ പറയുന്നു. 320 മുതൽ 13030 എഡി വരെയുള്ള കാലയളവിൽ ഈ മേഖലയിൽ സംഭവിച്ച ഭൂചലനങ്ങളാണ് ഈ കടലേറ്റത്തിനു കാരണമെന്നും അവർ പറയുന്നു.

അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു.

അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി. ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു.

ബി.സി 305 നും 30 നും മദ്ധ്യേ ഈജിപ്‌ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയാണ് ക്ലിയോപാട്ര. സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു.

ബി.സി 31ൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു.ഒടുവിൽ തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി. ഇതോടെ ക്ലിയോപാട്രയും ജീവിതപങ്കാളിയായിരുന്ന മാർക്ക് ആന്റണിയും ആത്മഹത്യ ചെയ്തു. എന്നാൽ ആത്മഹത്യ എങ്ങനെയായിരുന്നെന്ന് വ്യക്തമല്ല. ആന്റണി കത്തികൊണ്ട് സ്വയം കുത്തിയും ക്ലിയോപാട്ര വിഷം കഴിച്ചോ പാമ്പിനെ കൊണ്ട് കൊത്തിച്ചോ മരിച്ചെന്നും പറയുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അമൂല്യമായ പല വസ്തുക്കളും ഈ കല്ലറയിൽ ഉണ്ടാകാം. അലക്സാൻഡ്രിയ നഗരത്തിലെവിയെടോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു.

ഓസൈറിസിനെ ആരാധിക്കുന്നവർക്ക് മരണമില്ലെന്ന വിശ്വാസമുണ്ട്. താനും ആന്റണിയും മരിച്ചാലും ഓസൈറിസിന്റെ അനുഗ്രഹത്താൽ മറ്റൊരു രൂപത്തിൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കുമെന്ന് ക്ലിയോപാട്ര വിശ്വസിച്ചിരുന്നതായി പറയപ്പെടുന്നു. അതിനാൽ ഐസിസ് - ഓസൈറിസ് ദമ്പതികളുമായി ബന്ധമുള്ള ഇടത്ത് തങ്ങളെ സംസ്കരിക്കണമെന്ന് ക്ലിയോപാട്ര തീരുമാനിച്ചിരിക്കാം. ഐസിസിന്റെ ഒരു ക്ഷേത്രത്തിന് സമീപമാണ് ഇരുവരുടെയും കല്ലറയെന്ന് പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. പുരാതന ഈജിപ്തിന്റെ അവസാന റാണിയായ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്തിയാൽ സമീപകാലത്തെ ഏറ്റവും വലിയ ചരിത്രപരമായ കണ്ടെത്തലാകും അത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.