മുംബൈ: ഭിമ കൊറേഗാവ് കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി.
ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കവേ അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചുവെന്ന് അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
അടിയന്തരമായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്ന് രാവിലെ കോടതിയെ സമീപിച്ചിരുന്നു. മെയ് 30 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ജയിലില്‍ കഴിയവേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്.
ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനോട് സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
എന്നാല്‍ ഇന്നുച്ചയ്ക്ക് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ബാന്ദ്ര ഹോളിഫെയ്ത്ത് ആശുപത്രി ഡയറക്ടര്‍ ഇയാന്‍ ഡിസൂസയാണ് സ്റ്റാന്‍ സ്വാമി അന്തരിച്ചെന്ന വിവരം കോടതിയെ അറിയിച്ചത്.
''ഞായറാഴ്ച പുലര്‍ച്ചെ 2.30-ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. പിന്നീട് അദ്ദേഹത്തിന് ബോധം തെളിഞ്ഞതേയില്ല.ഇന്ന് ഉച്ചയ്ക്ക് 1.24-ന് അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമികമായി അദ്ദേഹത്തിന്റെ മരണ കാരണം പള്‍മിനറി അണുബാധയും പാര്‍ക്കിന്‍സണ്‍സ് അസുഖവുമാണ് എന്ന് പറയാം. മറ്റ് അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു''- ഡോ. ഇയാന്‍ ഡിസൂസ കോടതിയെ അറിയിച്ചു.
വിവരം കേട്ട ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ ഇങ്ങനെ പ്രതികരിച്ചു. ''അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ സ്തബ്ധരാണ്. ഏറ്റവുമൊടുവില്‍ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയില്‍ത്തന്നെ ചികിത്സ തുടരാന്‍ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകളില്ല''.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റാഞ്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതല്‍ മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാന്‍ സ്വാമി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.