ബ്രിസ്ബന്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുമ്പസാര രഹസ്യമാണെങ്കില്‍ പോലും അക്കാര്യം പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്നു നിര്‍ദേശിക്കുന്ന പുതിയ നിയമം നിലവില്‍ വന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്താണ് നിയമം പ്രാബല്യത്തില്‍ വന്നത്. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇതുസംബന്ധിച്ച് എന്തു വിവരം കിട്ടിയാലും അറിയിക്കണമെന്നാണ് വൈദികര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് നിയമം നിലവില്‍ വന്നത്. 
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം കൈമാറേണ്ടത് ഏെതാരു മുതിര്‍ന്ന പൗരന്റെയും കടമയാണെന്നും നിയമത്തിലുണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലോ ന്യായമായ കാരണത്താലോ അറിയിക്കാതിരിന്നെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവുള്ളൂ. 
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നിയമം നിലവില്‍ വന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റില്‍ നിയമം പാസായത്. വൈദികര്‍ക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ലെന്ന ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ നിയമം അന്നു പാസാക്കിയത്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സമിതി പരിശോധനയും നടത്തിയിരുന്നു. 
കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന പുതിയ നിയമം സഭാ നിയമങ്ങള്‍ക്കും ദൈവിക നിയമങ്ങള്‍ക്കും എതിരാണെന്നായിരുന്നു ബ്രിസ്‌ബെന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജിന്റെ പ്രതികരണം. പുരോഹിതര്‍ ദൈവത്തിന്റെ ദാസന്മാരാണെന്നും ഭരണകൂടത്തിന്റെ ഏജന്റുമാരല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 
രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനായി ശിപാര്‍ശകള്‍ നല്‍കുന്നതിനു നിയോഗിച്ച റോയല്‍ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമം. ഇത്തരം അതിക്രമം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതിരുന്നാല്‍ പരമാവധി മൂന്നു വര്‍ഷം വരെ തടവുശിക്ഷയാണ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 
നേരത്തെ സൗത്ത് ഔസ്‌്രേടലിയ, ടാസ്മാനിയ, വിക്‌ടോറിയ, ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളിലും സമാനമായ നിയമം കൊണ്ടുവന്നിരുന്നു. പുതിയ നിയമം സംബന്ധിച്ച് ബ്രിസ്ബന്‍ അതിരൂപത വൈദികര്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കും കത്ത് അയച്ചു. പുതിയ നിയമം നിലവില്‍ വന്നത് എല്ലാവരും ശ്രദ്ധിക്കണമെന്നു കത്തില്‍ നിര്‍ദേശമുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.